എനിക്ക് യുവിയെ ഇഷ്ടമല്ല, പറയാന്‍ പറ്റുമോ അങ്ങനെ? 17 വര്‍ഷങ്ങളിലേക്ക് കണ്ണോടിച്ചിട്ട് പറയണം

ഫീല്‍ഡര്‍മാരുടെ തലതൊട്ടപ്പനായ ജോണ്ടി റോഡ്‌സിനെ പുറത്താക്കാനും വന്നു ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്ന് യുവിയുടെ തകര്‍പ്പന്‍ ക്യാച്ച്
എനിക്ക് യുവിയെ ഇഷ്ടമല്ല, പറയാന്‍ പറ്റുമോ അങ്ങനെ? 17 വര്‍ഷങ്ങളിലേക്ക് കണ്ണോടിച്ചിട്ട് പറയണം

വാങ്കെഡെയില്‍ ധോനിയുടെ ആ സിക്‌സ് പാഞ്ഞതിന് പിന്നാലെ ക്രീസിലിരുന്ന് കരയുന്ന യുവി....ഫഌന്റോഫിന്റെ പ്രകോപനത്തിന് ബ്രോഡിനെ ആറ് വട്ടം നിലംതൊടാതെ പറത്തിയ യുവി...നാറ്റ്വെസ്റ്റ് ട്രോഫിയില്‍ കൈഫുമൊത്ത് കൂട്ടുകെട്ട് തീര്‍ത്ത് ഗാംഗുലിക്ക് ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് ജേഴ്‌സിയൂരി വീശാന്‍ അവസരം നല്‍കിയ യുവി...പറഞ്ഞുവന്നാല്‍ ഒരുപാടുണ്ടാകും യുവിയോട് നമ്മള്‍ കടപ്പെട്ടിരിക്കുന്ന നിമിഷങ്ങള്‍....

ഇന്ത്യയ്ക്ക് വേണ്ടി ഒടുവില്‍ 2017 ജൂണ്‍ 30ന് വിന്‍ഡിസിനെതിരെ ഇറങ്ങിയതിന് ശേഷം നീലക്കുപ്പായത്തിലേക്ക് മടങ്ങി എത്തുന്നതിന് വേണ്ടി യുവി അധിയായി ആഗ്രഹിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയും, ഐപിഎല്ലില്‍ ഓരോ സീസണിലും ടീം മാറി മാറി എത്തിയും യുവി തിരിച്ചു വരവിന് ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ നടന്നില്ല. 

എന്ത് വേണമെങ്കിലും നീയെടുക്കൂ, എന്റെ ജീവന്‍ തന്നെയെടുക്കൂ, പക്ഷേ ദൈവമേ...ഞങ്ങള്‍ക്ക് ഈ ലോകകപ്പ് തരൂ...2011 ലോകകപ്പ് ഫൈനലിന്റെ തലേദിവസം ഇതായിരുന്നു തന്റെ പ്രാര്‍ഥന എന്നാണ് ആത്മകഥയായ ദി ടെസ്റ്റ് ഓഫ് മൈ ലൈഫില്‍ യുവി എഴുതുന്നത്...യുവിയുടെ പ്രാര്‍ഥന പോലെ തന്നെ നടന്നു...കിരീടം ഇന്ത്യ ഉയര്‍ത്തി...പക്ഷേ അവിടം തൊട്ട് ജീവന്‍ തിരികെ പിടിക്കാന്‍ കാന്‍സറിനോട് പൊരുതേണ്ടി വന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാള്‍ക്ക്...

2004ല്‍ ബംഗ്ലാദേശിന്‍റെ മുഹമ്മദ് റഫീഖ് ഇര്‍ഫാന്‍ പഠാന്റെ ഡെലിവറിയില്‍ ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് ഷോട്ടുതിര്‍ത്തു...അവിടെ യുവിയുണ്ടായിരുന്നു റഫീഖിനെ ഒറ്റക്കയ്യില്‍ പിടിക്കാന്‍...2002ല്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഫീല്‍ഡര്‍മാരുടെ തലതൊട്ടപ്പനായ ജോണ്ടി റോഡ്‌സിനെ പുറത്താക്കാനും വന്നു ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ നിന്ന് യുവിയുടെ തകര്‍പ്പന്‍ ക്യാച്ച്. 2004ല്‍ പാകിസ്ഥാന്റെ മൊയിന്‍ ഖാന്റെ വിക്കറ്റ് വീഴ്ത്താന്‍ ബാക്ക് വേര്‍ഡ് പോയിന്റില്‍ യുവിയുണ്ടായിരുന്നു....ഈ ലിസ്റ്റ് ഇവിടെ തിരില്ലെന്ന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കുമറിയാം. 

പറന്നുള്ള ആ ക്യാച്ചുകള്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ചിരുന്ന കാലമുണ്ടായിരുന്നിരിക്കും നമ്മളില്‍ പലര്‍ക്കും...17 വര്‍ഷമാണ് ക്രിക്കറ്റ് മൈതാനത്ത് നിന്ന് ബാറ്റ് ചെയ്തും, ഫീല്‍ഡ് ചെയ്തും ബൗള്‍ ചെയ്തും യുവി നമ്മളെ ആവേശം കൊള്ളിച്ചത്. എത്രവട്ടം ഈ പഞ്ചാബിക്കാരന്‍ രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാകത്തില്‍ ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍ തീര്‍ത്തിട്ടുണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com