ഒടുവില്‍ ആ ഇന്നിങ്‌സിന് അവസാനം, യുവരാജ് സിങ് വിരമിച്ചു

17 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ 11,778 റണ്‍സാണ് 17 സെഞ്ചുറികളുടെ അകമ്പടിയോടെ ഇന്ത്യയുടെ മധ്യനിര ഭദ്രമാക്കി യുവി നേടിയത്
ഒടുവില്‍ ആ ഇന്നിങ്‌സിന് അവസാനം, യുവരാജ് സിങ് വിരമിച്ചു

ആവേശം നിറയ്ക്കുന്ന എണ്ണിയാലൊടുങ്ങാത്ത നിമിഷങ്ങള്‍ ക്രിക്കറ്റ് ലോകത്തിന് നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് കളി മതിയാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും യുവി വിരമിക്കല്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച യുവി വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപനമാണ് യുവി ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമായിരുന്നു.

വിദേശ ട്വന്റി20 ലീഗുകളില്‍ ഫ്രീലാന്‍സ് കരിയറായിരിക്കും ഇനി യുവിയുടെ മേഖല. 17 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ 11,778 റണ്‍സാണ് 17 സെഞ്ചുറികളുടെ അകമ്പടിയോടെ ഇന്ത്യയുടെ മധ്യനിര ഭദ്രമാക്കി യുവി നേടിയത്. ഫുള്‍ ഫ്‌ളോയില്‍ യുവി കളിക്കുമ്പോള്‍ അത് ക്രിക്കറ്റ് പ്രേമികള്‍ക്ക് ട്രീറ്റ് തന്നെയായിരുന്നു.യുവിയുടെ സ്റ്റൈലിഷ് സ്‌ട്രൈക്കുകള്‍ നിറയുന്ന മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ നിരവധിയാണ്...

2011 ലോകകപ്പിലെ യുവിയേയും, ബ്രോഡിനെ ആറ് വട്ടം നിലംതൊടിക്കാതെ പറത്തിയ യുവിയേയും ആരാധകര്‍ക്ക് മറക്കാനാവില്ല. പിന്നെ കാന്‍സറിനോട് പൊരുതി കയറി വന്ന ആ തിരിച്ചു വരവും. 304 ഏകദിനങ്ങള്‍, 40 ടെസ്റ്റ്, 58 ഏകദിനങ്ങള്‍...2007 മുതല്‍ 2017 വരെ നീണ്ടുനിന്ന കരിയറിനാണ് യുവിയിപ്പോള്‍ തിരശീലയിട്ടത്.  നാല് വട്ടമാണ് 2011 ലോകകപ്പില്‍ യുവി മാന്‍ ഓഫ് ദി മാച്ചായത്. നേടിക്കൂട്ടിയത് 362 റണ്‍സും, 15 വിക്കറ്റും...ഫീല്‍ഡില്‍ ഇലക്ട്രിഫൈയില്‍ എഫക്ടില്‍ മാത്രം നമ്മള്‍ കണ്ടിരുന്ന യുവിക്ക് പക്ഷേ കരിയറിന്റെ അവസാന നാളുകളില്‍ ഫിറ്റ്‌നസ് പ്രശ്‌നമായി വന്നു.  

2018 ഐപിഎല്‍ സീസണില്‍ പഞ്ചാബിലേക്ക് വന്നപ്പോഴും, 2019ല്‍ മുംബൈയിലേക്ക് വന്നപ്പോഴും യുവിക്ക് ഒരു ലക്ഷ്യമേ ഉണ്ടായുള്ളു. തകര്‍പ്പന്‍ കളി പുറത്തെടുത്ത് ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക. ഒരിക്കല്‍ കൂടി ലോകകപ്പ് കളിക്കാന്‍ യുവി അത്രമാത്രം ആഗ്രഹിച്ചിരുന്നു. പക്ഷേ നടന്നില്ല...ഇനി നീലക്കുപ്പായത്തില്‍ ഇന്ത്യ ഏറെ സ്‌നേഹിച്ച ഓള്‍ റൗണ്ടറെ കാണാനുമാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com