ശിഖര്‍ ധവാന് പകരം മറ്റൊരാളില്ല; ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ

പരുക്കേറ്റ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുമെന്ന് ബിസിസിഐ. പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തില്ല
ശിഖര്‍ ധവാന് പകരം മറ്റൊരാളില്ല; ടീമിനൊപ്പം തുടരുമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി:  പരുക്കേറ്റ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുമെന്ന് ബിസിസിഐ. പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. പരുക്ക് മാറിയാല്‍ ശിഖര്‍ ധവാന്‍ ടീമിനൊപ്പം കളിച്ചേക്കും. നിലവില്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ധവാന്‍.

ഓസ്‌ട്രേലിയക്കെതിരായ പരുക്കേറ്റ ശിഖര്‍ ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്.  താരത്തിന്റെ ഇടതു കൈവിരലിനാണ് പരിക്കേറ്റത്.നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരല്‍ നീരുവന്ന് വീര്‍ക്കുകയായിരുന്നു. ധവാനെ ഇന്ന് സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. 

ജൂലായ് പതിനാലാം തിയ്യതിയാണ് ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍. ടീം ഓരോഘട്ടം കഴിഞ്ഞ് മുന്നേറുകയും ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകുകയും ചെയ്താല്‍ അവസാന മത്സരങ്ങളില്‍ അദ്ദേഹത്തെ ടീമില്‍ കളിപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ടാണ് ബിസിസിഐയുടെ പ്രതികരണം. 

വ്യാഴാഴ്ച ന്യൂസീലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com