കരുത്ത് പകരാൻ റോബിൻ ഉത്തപ്പയും; വരുന്ന സീസൺ മികച്ചതാക്കാൻ കേരളമൊരുങ്ങി; സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കങ്ങളുമായി കേരള ക്രിക്കറ്റ് ടീം
കരുത്ത് പകരാൻ റോബിൻ ഉത്തപ്പയും; വരുന്ന സീസൺ മികച്ചതാക്കാൻ കേരളമൊരുങ്ങി; സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കങ്ങളുമായി കേരള ക്രിക്കറ്റ് ടീം. വരുന്ന സീസണിലേക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മുൻ കർണാടക താരവും പാതി മലയാളിയുമായ റോബിൻ ഉത്തപ്പയാണ് ടീമിലെ ശ്രദ്ധേയ താരം. കർണാടകയ്ക്കും പിന്നീട് സൗരാഷ്ട്രയ്ക്കും രഞ്ജിയിൽ കളിച്ച ശേഷമാണ് ഉത്തപ്പ കേരളത്തിന്റെ പാളയത്തിലെത്തിയിരിക്കുന്നത്. രഞ്ജി ട്രോഫിയിൽ നടാടെ സെമിയിലെത്തി കഴിഞ്ഞ സീസണിൽ ഉജ്ജ്വല മികവ് പുലർത്തിയ ടീം ഇത്തവണ രഞ്ജിയിലടക്കം കിരീടമാണ് ലക്ഷ്യമിടുന്നത്.  

ഉത്തപ്പയ്ക്ക് പുറമേ സൂപ്പർ താരങ്ങളായ സഞ്ജു സാംസൺ, ബേസിൽ തമ്പി, ജലജ് സക്സേന, സന്ദീപ് വാര്യർ, സച്ചിൻ ബേബി തുടങ്ങിയവരും സാധ്യതാ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണുകളിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്ന തമിഴ്നാടിന്റെ അരുൺ കാർത്തിക്ക് ഇത്തവണ ടീമിലില്ല.

ടീമിന്റെ ക്യാമ്പ് ഈ മാസം 19 മുതൽ വയനാട്ടിലെ കൃഷ്ണ​ഗിരി സ്റ്റേഡിയത്തിൽ നടക്കും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സാധ്യതാ ടീമിലെ എല്ലാവരും ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിനെ തിരഞ്ഞെടുക്കുക. മുൻ കേരളാ ക്രിക്കറ്റർ സോണി ചെറുവത്തൂർ ഇത്തവണ സഹപരിശീലകനായി ടീമിനൊപ്പമുണ്ട്.

സാധ്യതാ ടീം: റോബിൻ ഉത്തപ്പ, ബേസിൽ തമ്പി, ജലജ് സക്സേന, സന്ദീപ് വാര്യർ, സഞ്ജു സാംസൺ, നിധീഷ് എംഡി, രോഹൻ പ്രേം, കെഎം ആസിഫ്, സച്ചിൻ ബേബി, അഭിഷേക് മോഹൻ, സൽമാൻ നിസാർ, മിഥുൻ എസ്, മൊഹമ്മദ് അസ്ഹറുദ്ദീൻ, വിനൂപ് മനോഹരൻ, വിഷ്ണു വിനോദ്, രോഹൻ കുന്നുമ്മേൽ, രാഹുൽ പി, വത്സൽ ഗോവിന്ദ്, സിജോമോൻ ജോസഫ്, ആനന്ദ് ജോസഫ്, മോനിഷ് കെ, അക്ഷയ് കെസി, അക്ഷയ് ചന്ദ്രൻ, ഫനൂസ് എഫ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com