വാർണറുടെ സെഞ്ച്വറി, ആമിറിന്റെ അഞ്ച് വിക്കറ്റ്; 307 റൺസെടുത്ത് ഓസ്ട്രേലിയ; പാകിസ്ഥാൻ പൊരുതുന്നു

ലോകകപ്പിൽ പാകിസ്ഥാന് മുന്നിൽ 308 റൺസിന്റെ വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ
വാർണറുടെ സെഞ്ച്വറി, ആമിറിന്റെ അഞ്ച് വിക്കറ്റ്; 307 റൺസെടുത്ത് ഓസ്ട്രേലിയ; പാകിസ്ഥാൻ പൊരുതുന്നു

ടൗൺടൺ: ലോകകപ്പിൽ പാകിസ്ഥാന് മുന്നിൽ 308 റൺസിന്റെ വിജയ ലക്ഷ്യം വച്ച് ഓസ്ട്രേലിയ. വിജയത്തിലേക്ക് ബാറ്റേന്തുന്ന പാകിസ്ഥാൻ 39 റൺസിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ്. ‍ഡേവിഡ് വാർണർ നേടിയ സെഞ്ച്വറിയാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അർധ സെഞ്ച്വറിയുമായി തിളങ്ങി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 

വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന പാകിസ്ഥാന് ഓപണർ ഫഖർ സമാനെയാണ് നഷ്ടമായത്. റണ്ണൊന്നുമെടുക്കാതെയാണ് താരം പുറത്തായത്. കമ്മിൻസിനാണ് വിക്കറ്റ്. 18 റൺസുമായി ഇമാം ഉൾ ഹഖും 20 റൺസുമായി ബാബർ അസമുമാണ് ക്രീസിൽ. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്കായി ക്യാപ്റ്റൻ ആരോൺ ഫിഞ്ചും വാർണറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 
വാർണർ 111 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 107 റൺസെടുത്തു. ഈ ലോകകപ്പിൽ പിറക്കുന്ന ഏഴാമത്തെ സെഞ്ച്വറിയാണ് വാർണറിന്റേത്. നാല് കളിയിൽ വാർണറിന്റെ ആദ്യ സെ‍ഞ്ച്വറിയും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ വാർണർ അർധ സെഞ്ച്വറി നേടിയിരുന്നു. ഓപണിങ് വിക്കറ്റിൽ ഫിഞ്ച്– വാർണർ സഖ്യം 146 റൺസ് കൂട്ടിച്ചേർത്ത് ഓസീസിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 1996നു ശേഷം ഇതാദ്യമായാണ് പാകിസ്ഥാനെതിരെ ഏതെങ്കിലും രാജ്യം ലോകകപ്പ് വേദിയിൽ ഓപണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടു തീർക്കുന്നത്. ഫിഞ്ച് 84 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതം 82 റൺസും നേടി.

മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺ നിരക്കുയർത്താൻ ഓസീസിനായില്ല. ഓപണർമാർ പുറത്തായതിനു ശേഷം ഓസീസ് നിരയിൽ ടോപ് സ്കോററായത് 26 പന്തിൽ രണ്ട് ബൗണ്ടറി സഹിതം 23 റൺസെടുത്ത ഷോൺ മാർഷാണ്. സ്റ്റീവൻ സ്മിത്ത് (13 പന്തിൽ 10), ഗ്ലെൻ മാക്സ്‍വെൽ (10 പന്തിൽ 20), ഉസ്മാൻ ഖവാജ (16 പന്തിൽ 18), നേതൻ കോൾട്ടർ നെയ്ൽ (മൂന്ന് പന്തിൽ രണ്ട്), പാറ്റ് കമ്മിൻസ് (ആറ് പന്തിൽ രണ്ട്), അലക്സ് കാരി (21 പന്തിൽ 20), മിച്ചൽ സ്റ്റാർക്ക് (മൂന്ന്), ജൈ റിച്ചാർഡ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

10 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 30 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ പ്രകടനം പാക് നിരയിൽ ശ്രദ്ധേയമായി. ഷഹീൻ അഫ്രീദിക്ക് രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 70 റൺസ് വഴങ്ങി. തുടർച്ചയായ നാലാം മത്സരത്തിലാണ് അഫ്രീദി 70 റണ്‍സോ അതിലധികമോ വഴങ്ങുന്നത്. ഇതും റെക്കോർഡാണ്. 2015ൽ തുടർച്ചയായി മൂന്നു മൽസരങ്ങളിൽ 70 റൺസിലധികം വഴങ്ങിയ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിന്റെ പേരിലുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡാണ് അഫ്രീദിയുടെ പേരിലായത്. ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com