അര്‍ബുദം വില്ലനായി; മലേഷ്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം ലി ചോങ് വി വിരമിച്ചു

മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ താരവുമായ മലേഷ്യയുടെ ലി ചോങ് വി ബാഡ്മിന്റണ്‍ കോര്‍ട്ടിനോട് വിട പറഞ്ഞു
അര്‍ബുദം വില്ലനായി; മലേഷ്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം ലി ചോങ് വി വിരമിച്ചു

ക്വാലാലംപുര്‍: മുന്‍ ലോക ഒന്നാം നമ്പറും ഇതിഹാസ താരവുമായ മലേഷ്യയുടെ ലി ചോങ് വി ബാഡ്മിന്റണ്‍ കോര്‍ട്ടിനോട് വിട പറഞ്ഞു. അര്‍ബുദം സ്ഥിരീകരിച്ചതോടെയാണ് ഇതിഹാസ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 19 വര്‍ഷം നീണ്ട സംഭവബഹുലമായ ഒരു കരിയറിനാണ് മലേഷ്യന്‍ ഇതിഹാസം വിരാമമിടുന്നത്.

ഒളിംപിക്‌സില്‍ മൂന്ന് തവണ വെള്ളി മെഡല്‍ സ്വന്തമാക്കിയ ലി ചോങ് വി അടുത്ത വര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിംപിക്‌സോടെ വിരമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ 36കാരനെ അപ്രതീക്ഷിതമായി അര്‍ബുദം ബാധിച്ചത് തിരിച്ചടിയായി മാറി. ജപ്പാനില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയിലാണ് താരത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. 

'വളരെ വിഷമം പിടിച്ച ഒരു തീരുമാനമാണിത്. ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നതിനാല്‍ ഞാന്‍ ബാഡ്മിന്റണിനോട് വിട പറയുകയാണ്' - പത്ര സമ്മേളനം നടത്തി താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ഏറെ വികാരാധീനനായാണ് താരം പ്രഖ്യാപനം നടത്തിയത്. 

മലേഷ്യ സംഭാവന ചെയ്ത ഏറ്റവും വലിയ കായിക താരങ്ങളില്‍ ഒരാളാണ് ലി ചോങ് വി. മലേഷ്യയിലെ ഏറ്റവും സമ്പന്നനായ താരം കൂടിയായിരുന്നു ലി. ഒളിംപിക് മെഡലടക്കം 69 ലോക കിരീടങ്ങളാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. നേരത്തെ മൂക്കില്‍ അര്‍ബുദം ബാധിച്ച് കുറച്ചുകാലം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ലി പിന്നീട് തിരിച്ചെത്തുകയായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുകളുടേയും കരുത്തുറ്റ പിന്തുണയിലായിരുന്നു താരത്തിന്റെ മടങ്ങി വരവ്. 

ഏറെ വിവദങ്ങള്‍ നിറഞ്ഞ കരിയര്‍ കൂടിയായിരുന്നു ലിയുടേത്. 2015ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് താരത്തിന് എട്ട് മാസത്തോളം സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നിരുന്നു. പിന്നീട് വഞ്ചനാപരമായ സമീപനമൊന്നും ഇക്കാര്യത്തില്‍ താരത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. 

ഒളിംപിക്‌സില്‍ മൂന്ന് വട്ടം ഫൈനലിലെത്തിയിട്ടും വെള്ളി നേട്ടത്തിലൊതുങ്ങേണ്ടി വന്നു അദ്ദേഹത്തിന്. എന്നാല്‍ മലേഷ്യയിലെ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കെല്ലാം അദ്ദേഹം എക്കാലവും പ്രചോദനമായിരുന്നു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തന്റെ പദ്ധതിയെന്ന് ലി ചോങ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com