നോട്ടിങ്ഹാമിൽ മഴ കളിക്കുന്നു; ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം ആശങ്കയിൽ; ടോസ് വൈകുന്നു

മോശം കാലാവസ്ഥ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടത്തിന് തടസമാകുന്നു
നോട്ടിങ്ഹാമിൽ മഴ കളിക്കുന്നു; ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം ആശങ്കയിൽ; ടോസ് വൈകുന്നു

നോട്ടിങ്ഹാം: മോശം കാലാവസ്ഥ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടത്തിന് തടസമാകുന്നു. ചെറിയ ചാറ്റൽ മഴ നോട്ടിങ്​ഹാമിൽ പെയ്യുന്നതിനാൽ മത്സരം തുടങ്ങാൻ വൈകും എന്ന അവസ്ഥയാണ് നിലവിൽ. ടോസ് ഇതുവരെ ഇട്ടിട്ടില്ല. മഴ പെയ്തുകൊണ്ടിരിക്കുന്ന നോട്ടിങ്ഹാമില്‍ മത്സരം നടക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ കിവീസിനാണ് ആശ്വാസം. 

മഴ കാരണം ഇന്നലെയും പരിശീലനം നടത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ന്യൂസിലന്‍ഡ് ടീം ഇന്‍ഡോറില്‍ അല്‍പനേരം പരിശീലിച്ചു. ലോകകപ്പില്‍ ഇതിനകം മൂന്നു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചു കഴിഞ്ഞു.

ഈ ലോകകപ്പിൽ അപരാജിതരായി മുന്നേറുന്ന രണ്ട് ടീമുകളാണ് നിലവിൽ ഇന്ത്യയും ന്യൂസിലൻഡും. ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനും ഓസ്ട്രേലിയയെ 36 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം പോരിനെത്തിയിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് വരുന്നത്.

കഴിഞ്ഞ മത്സരത്തിൽ  സെഞ്ച്വറിയടിച്ച് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ഓപണർ ശിഖർ ധവാന്റെ അഭാവമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ധവാന് പകരം രോഹിതിന് കൂട്ടായി ഓപണിങിൽ ലോകേഷ് രാഹുല്‍ എത്തും. പകരം ആരെയും ടീമിലെടുത്തിട്ടില്ലാത്തതിനാല്‍ വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവരിലൊരാള്‍ ഇലവനിലെത്തും. പേസ് ഓള്‍റൗണ്ടര്‍ കൂടിയായ വിജയ് ശങ്കറിന് കൂടുതല്‍ സാധ്യതയുണ്ട്.

റണ്‍സ് ഒഴുകുന്ന പിച്ചാണ് നോട്ടിങ്ഹാമിലേത്. ഈ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍, പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേ കുറിച്ച 348 റണ്‍സ്-പിറന്നത് ഇവിടെയാണ്. ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസിനെതിരേ 288 റണ്‍സും അടിച്ചു. പക്ഷേ, പാകിസ്താന്‍ ആദ്യ മത്സരത്തില്‍ 105 റണ്‍സിന് പുറത്തായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com