ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വകാര്യ ജിമ്മില്‍ പരിശീലനം; തലതിരിഞ്ഞ ലോകകപ്പ് സംഘാടനവുമായി ഐസിസി; വിമര്‍ശനം

ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംഘാടനം സംബന്ധിച്ച് നിരവധി പരാതികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ ദിവസവും ഉയരുന്നത്
ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വകാര്യ ജിമ്മില്‍ പരിശീലനം; തലതിരിഞ്ഞ ലോകകപ്പ് സംഘാടനവുമായി ഐസിസി; വിമര്‍ശനം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംഘാടനം സംബന്ധിച്ച് നിരവധി പരാതികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ ദിവസവും ഉയരുന്നത്. മഴയെ തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നാലോളം മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു. മഴ പെയ്താല്‍ ഫലപ്രദമായ രീതിയില്‍ പിച്ച് മൂടാന്‍ സാധിക്കാത്തതടക്കമുള്ള പരാതികള്‍ വേറെയുമുണ്ട്. 

ഇപ്പോഴിതാ കളിക്കാരുടെ താമസം, അവരുടെ പരിശീലനം, താമസിക്കാന്‍ ഏര്‍പ്പാടാക്കിയ ഹോട്ടലുകളിലെ സൗകര്യക്കുറവുകള്‍ തുടങ്ങിയവയെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയാണ്. ഐസിസിയുടെ നിരുത്തരവാദ സമീപനം കൊണ്ട് ഇന്ത്യന്‍ ടീം ഇപ്പോള്‍ കഷ്ടപ്പെടുകയാണ്. 

ഇന്ത്യന്‍ ടീമിനായി ഒരുക്കിയ ഹോട്ടലിലെ ജിം താരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത  അവസ്ഥയിലാണ്. ഉപകരണങ്ങളുടെ പര്യാപ്തതാണ് ടീമിനെ കുഴയ്ക്കുന്നത്. ഇതിന് ഐസിസി കണ്ടെത്തിയ പരിഹാരമാകട്ടെ സ്വകാര്യ ജിമ്മുകളില്‍ പോയി താരങ്ങള്‍ പരിശീലിക്കുക എന്നതാണ്. ഇതിനായി താരങ്ങള്‍ക്ക് ട്രെയിന്‍ ടിക്കറ്റുകളും ഐസിസി നല്‍കുന്നു. സ്വകാര്യ ജിമ്മുകളിലേക്ക് താരങ്ങള്‍ പോകുന്നത് ബസിലോ, ട്രെയിനിലോ ആണ്. 

താരങ്ങള്‍ക്ക് മതിയായ രീതിയില്‍ സൗകര്യങ്ങള്‍ ലഭിക്കുമ്പോഴാണ് അവരുടെ പ്രകടനം മെച്ചപ്പെടുന്നത്. ഇംഗ്ലണ്ടിലെ മിക്ക ഹോട്ടലുകളിലും ജിനേഷ്യവും നീന്തല്‍ കുളങ്ങളുമില്ല. ചുരുക്കം ചില ഹോട്ടലുകളില്‍ മാത്രമാണ് ഈ സൗകര്യങ്ങളുള്ളത്. 

നിറയെ ആരാധകരുള്ള ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ സംബന്ധിച്ചും പോരായ്മകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. താരങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ആരാധകരുടെ അതിപ്രസരമുണ്ട്. ഇക്കാര്യത്തിലെല്ലാം സംഘാടകര്‍ തികഞ്ഞ അശ്രദ്ധയാണ് പുലര്‍ത്തുന്നത്.  

ഇന്ത്യയില്‍ ലോകകപ്പ് നടത്തിയപ്പോള്‍ ലഭിച്ച ഫണ്ടിനേക്കാള്‍ വലുതാണ് ഇത്തവണത്തെ ലോകകപ്പ് ഫണ്ട്. എന്നിട്ടും ഫലപ്രദമായ രീതിയില്‍ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഐസിസിക്ക് സാധിക്കാതെ പോകുന്നതായി വമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com