നങ്കൂരമിടാതെ വിൻഡീസ് ബാറ്റിങ് നിര; ഇം​ഗ്ലണ്ടിന് ലക്ഷ്യം 213 റൺസ്

വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇം​ഗ്ലണ്ടിന് 213 റൺസ് വിജയ ലക്ഷ്യം
നങ്കൂരമിടാതെ വിൻഡീസ് ബാറ്റിങ് നിര; ഇം​ഗ്ലണ്ടിന് ലക്ഷ്യം 213 റൺസ്

സതാംപ്ടൻ: വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇം​ഗ്ലണ്ടിന് 213 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന്റെ പോരാട്ടം 44.4 ഓവറിൽ 212 റൺസിൽ അവസാനിപ്പിക്കാൻ ഇം​ഗ്ലണ്ടിന് സാധിച്ചു. നങ്കൂരമിട്ടു കളിക്കാൻ ആളില്ലാതെ പോയത് വിൻഡീസിന് തിരിച്ചടിയായി മാറുകയായിരുന്നു. 68 റൺസ് ചേർക്കുന്നതിനിടെ വിൻഡീസിന്റെ ഏഴ് വിക്കറ്റുകളാണ് തെറിച്ചത്. 

ടോസ് നേടി ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലിഷ് ബോളർമാർ വിൻഡീസിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കി. കന്നി ഏകദിന അർധ സെഞ്ച്വറി കുറിച്ച നിക്കോളാസ് പൂരനാണ് വിൻഡീസിന്റെ ടോപ് സ്കോറർ. പൂരൻ 78 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം 63 റൺസെടുത്തു. നാലാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്മയറിനൊപ്പം 89 റൺസിന്റെ കൂട്ടുകെട്ടു തീർത്ത പൂരനാണ് വിൻഡീസിനെ രക്ഷിച്ചത്.

ഹെറ്റ്മയർ 48 പന്തിൽ നാല് ബൗണ്ടറി സഹിതം 39 റൺസെടുത്തു. ഓപണർ ക്രിസ് ഗെയ്‍ൽ 41 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം 36 റൺസ് നേടി. എവിൻ ലൂയിസ് (എട്ട് പന്തിൽ രണ്ട്), ഷായ് ഹോപ്പ് (30 പന്തിൽ 11), ജെയ്സൻ ഹോൾഡർ (10 പന്തിൽ ഒൻപത്), ആന്ദ്രെ റസ്സൽ (16 പന്തിൽ 21), കാർലോസ് ബ്രാത്‌വയ്റ്റ് (22 പന്തിൽ 14), ഷെൽഡൻ കോട്രൽ (പൂജ്യം), ഷാനൺ ഗബ്രിയേൽ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇംഗ്ലണ്ടിനായി മാർക്ക് വുഡ് 6.4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാനൺ ഗബ്രിയേലിനെ വീഴ്ത്തി വിൻഡീസ് ഇന്നിങ്സിന് തിരശീലയിട്ട മാർക്ക് വുഡ് ഏകദിനത്തിൽ 50 വിക്കറ്റും പൂർത്തിയാക്കി. ജോഫ്ര ആർച്ചർ ഒൻപത് ഓവറിൽ 30 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അഞ്ച് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത പാർട്ട് ടൈം സ്പിന്നർ ജോ റൂട്ടിന്റെ പ്രകടനവും നിർണായകമായി. ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവർ ഓരോ വിക്കറ്റ് നേടി.

സ്കോർ ബോർഡിൽ നാല് റൺസ് മാത്രമുള്ളപ്പോൾ ഓപണർ എവിൻ ലൂയിസിനെ നഷ്ടമായ വിൻഡീസിന്, രണ്ടാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ടു തീർത്ത് ക്രിസ് ഗെയ്‍ൽ- ഷായ് ഹോപ്പ് സഖ്യം പ്രതീക്ഷ നൽകിയതാണ്. എന്നാൽ, സ്കോർ 54ൽ നിൽക്കെ ലിയാം പ്ലങ്കറ്റിന്റെ പന്തിൽ ബെയർസ്റ്റോയ്ക്കു ക്യാച്ച് നൽകി ഗെയ്‍ൽ പുറത്തായത് വഴിത്തിരിവായി. നേരത്തെ, ക്രിസ് വോക്സിന്റെ പന്തിൽ ഗെയ്‍ൽ നൽകിയ ക്യാച്ച് മാർക്ക് വുഡ് കൈവിട്ടിരുന്നു. ​ഗെയ്ലിന് പിന്നാലെ ഹോപ്പും പുറത്ത്. 

രണ്ടാം വിക്കറ്റിൽ ഗെയ്‍ൽ- ഹോപ്പ് സഖ്യം 50 റൺസ് കൂട്ടിച്ചേർത്തു. തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടമായതിന്റെ സമ്മർദ്ദമൊന്നും തെല്ലും ഏശാത്ത പ്രകടനമാണ് നാലാം വിക്കറ്റിൽ ഹെറ്റ്മയർ- പൂരൻ സഖ്യം പുറത്തെടുത്തത്. അർധ സെഞ്ച്വറി കൂട്ടുകെട്ടും കടന്നു കുതിച്ച ഇരുവരും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

എന്നാൽ, സ്കോർ 144ൽ നിൽക്കെ ഹെറ്റ്മയറിനെ പുറത്താക്കി ജോ റൂട്ട് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. സിക്സറടിച്ച് തുടക്കമിട്ട ഹോൾഡറിനെയും പുറത്താക്കി റൂട്ട് വിൻഡീസിനെ തകർച്ചയിലേക്കു തള്ളിയിട്ടു. ഏഴാമനായിറങ്ങിയ റസ്സലിനെ തുടക്കത്തിൽത്തന്നെ ക്രിസ് വോക്സ് കൈവിട്ടതാണ്. ഇതിനു പിന്നാലെ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി റസ്സൽ നയം വ്യക്തമാക്കിയെങ്കിലും മാർക്ക് വുഡിനു കീഴടങ്ങി. സ്കോർ 202ൽ നിൽക്കെ പുരാനെ ആർച്ചർ പുറത്താക്കിയതോടെ വാലറ്റം തുടച്ചുനീക്കേണ്ട ദൗത്യം മാത്രം ബാക്കിയായി.

അതിനിടെ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വിൻഡീസിന്റെ ക്രിസ് ഗെയ്‍ൽ മാറി. 41 ഇന്നിങ്സിൽനിന്നും 1625 റൺസ് നേടിയ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കോർഡാണ് ഗെയ്‍ൽ മറികടന്നത്. 34 ഇന്നിങ്സിൽനിന്ന് ഇതുവരെ 1632 റൺസാണ് ഗെയ്‍ലിന്റെ നേട്ടം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com