'സരി ബോള്‍' ഇനി യുവന്റസ് കളിക്കും;  പരിശീലകനെ വിട്ടുനല്‍കാന്‍ ചെല്‍സിയുമായി ധാരണ

മുന്‍ നാപോളി പരിശീലകന്‍ മൗറീസിയോ സരി ഇറ്റാലിയന്‍ സീരി എ പോരാട്ടത്തിലേക്ക് തിരികെയെത്തുന്നു
'സരി ബോള്‍' ഇനി യുവന്റസ് കളിക്കും;  പരിശീലകനെ വിട്ടുനല്‍കാന്‍ ചെല്‍സിയുമായി ധാരണ

മിലാന്‍: മുന്‍ നാപോളി പരിശീലകന്‍ മൗറീസിയോ സരി ഇറ്റാലിയന്‍ സീരി എ പോരാട്ടത്തിലേക്ക് തിരികെയെത്തുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് സരി വീണ്ടും ഇറ്റലിയില്‍ തിരിച്ചെത്തുന്നത്. യുവന്റസിന്റെ പരിശീലകനായി വരുന്ന സീസണ്‍ മുതല്‍ സരിയെ കാണാം. 

ക്ലബ് വിടാനുള്ള സരിയുടെ അപേക്ഷ ചെല്‍സി അംഗീകരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സരിയെ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ചെല്‍സിയും യുവന്റസും തമ്മില്‍ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചെല്‍സിയും സരിയും തമ്മിലുള്ള കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ല. ഏറ്റവും ചെറിയ റിലീസ് തുക നല്‍കി കരാര്‍ അവസാനിപ്പിക്കാനാണ് ഇരു വിഭാഗങ്ങളും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നാപോളി വിട്ട് ഇംഗ്ലണ്ടില്‍ എത്തിയ സരി ഇറ്റലിയിലേക്ക് തിരിച്ച് പോകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

യുവന്റസിന്റെ പരിശീലകനായിരുന്ന മാസിമിലിയാനോ അല്ലെഗ്രി സ്ഥാനമൊഴിഞ്ഞിരുന്നു. പകരക്കാരനായാണ് സരി എത്തുന്നത്. അക്രമണ ഫുട്‌ബോളിന്റെ വക്താവായ സരിയുടെ വരവ് യുവന്റസിന്റെ പ്രകടനത്തില്‍ കാര്യമായ സൗന്ദര്യവും ക്രിയാത്മകതയും പ്രകടമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

നാപോളിയെ യുവന്റസിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തിയാണ് 2018ല്‍ സരി ചെല്‍സിയുടെ പരിശീലകനായി സ്ഥാനമേറ്റത്. സീസണിന്റെ തുടക്കത്തില്‍ ചെല്‍സി ഉജ്ജ്വല വിജയങ്ങളുമായി മുന്നേറി. എന്നാല്‍ പിന്നീട് ടീമിന് തിരിച്ചടിയേറ്റതോടെ സരിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചെല്‍സി ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളും ഒപ്പം ഇംഗ്ലീഷ് മാധ്യമങ്ങളില്‍ നിന്നുള്ള കടുത്ത വിമര്‍ശനങ്ങളും സാരിക്ക് നേരിടേണ്ടി വന്നു. ഇതോടെ അദ്ദേഹം അസ്വസ്ഥാനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നല്ല പ്രകടനം നടത്തിയിട്ടും ചെല്‍സി വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇത്തരം വിവാദങ്ങളായിരുന്നു. 

ഇക്കഴിഞ്ഞ സീസണില്‍ സരിക്ക് കീഴില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താന്‍ ചെല്‍സിക്ക് സാധിച്ചിരുന്നു.  യൂറോപ്പ ലീഗ് പോരാട്ടത്തില്‍ ആഴസണലിനെ കീഴടക്കി കിരീടം സ്വന്തമാക്കാനും ചെല്‍സിക്ക് കഴിഞ്ഞത് സരിയുടെ നേട്ടമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com