ഫിഞ്ചിന്റെ ശതകം, സ്മിത്തിന്റെ അർധ സെഞ്ച്വറി; ശ്രീലങ്കയക്ക് 335 റൺസ് വിജയ ലക്ഷ്യം

നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് ഓസ്ട്രേലിയ കണ്ടെത്തിയത്
ഫിഞ്ചിന്റെ ശതകം, സ്മിത്തിന്റെ അർധ സെഞ്ച്വറി; ശ്രീലങ്കയക്ക് 335 റൺസ് വിജയ ലക്ഷ്യം

ഓവൽ: ക്യാപ്റ്റൻ ആരോൺ ഫിഞ്ച് സെഞ്ച്വറിയുമായി മുൻ നായകൻ സ്റ്റീവൻ സ്മിത്തിന്റെ അർധ ശതകം പിന്നാലെ ​ഗ്ലെൻ മാക്സ്‌വെല്ലിന്റെ വെടിക്കെട്ടും ചേർന്നപ്പോൾ ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് അവർ കണ്ടെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് നിലയുറപ്പിച്ച് മുന്നേറുകയായിരുന്നു അവർ. 132 പന്തുകൾ നേരിട്ട് 153 റൺസ് അടിച്ചെടുത്ത ആരോൺ ഫിഞ്ച് തന്നെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. 15 ബൗണ്ടറിയും അഞ്ച് സിക്സും സഹിതമായിരുന്ന നായകന്റെ ഇന്നിങ്സ്. അർധ സെഞ്ച്വറി നേടിയ സ്മിത്ത് 59 പന്തിൽ ഏഴ് ബൗണ്ടറിയും ഒരു സിക്സും സഹിതം 73 റൺസെടുത്തു.

97 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് ഫിഞ്ച് 14ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയത്. 95ൽ നിൽക്കെ സ്കസറടിച്ച് 101ലെത്തിയാണ് നായകൻ ശതകം തൊട്ടത്. ഡേവിഡ് വാർണർ (48 പന്തിൽ 26), ഉസ്മാൻ ഖവാജ (20 പന്തിൽ 10), ഗ്ലെൻ മാക്സ്‌വെൽ (25 പന്തിൽ പുറത്താകാതെ 46), ഷോൺ മാർഷ് (ഒൻപത് പന്തിൽ മൂന്ന്), അലക്സ് കാരി (മൂന്ന് പന്തിൽ നാല്), പാറ്റ് കമ്മിൻസ് (പൂജ്യം), മിച്ചൽ സ്റ്റാ‍ർക്ക് (നാലു പന്തിൽ പുറത്താകാതെ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ശ്രീലങ്കയ്ക്കായി ധനഞ്ജ ഡിസിൽവ, ഇസൂരു ഉഡാന എന്നിവർ രണ്ടും ലസിത് മലിംഗ ഒരു വിക്കറ്റും വീഴ്ത്തി. കാരിയും കമ്മിൻസും റണ്ണൗട്ടായി. അതേസമയം, 10 ഓവറിൽ 88 റൺസ് വഴങ്ങിയ നുവാൻ പ്രദീപ്, ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ ശ്രീലങ്കൻ താരമായി മാറി. 1987ൽ വെസ്റ്റിൻഡീസിനെതിരെ 97 റൺസ് വഴങ്ങിയ അഷാന്തെ ഡിസിൽവയാണ് ഒന്നാമത്. കഴിഞ്ഞ ലോകകപ്പിൽ ഓസീസിനെതിരെ തന്നെ 87 റൺസ് വഴങ്ങിയ തിസാര പെരേര മൂന്നാമതായി.

ഓപണിങ് വിക്കറ്റിൽ ഡേവിഡ് വാർണറിനൊപ്പം 80 റൺസ് കൂട്ടുകെട്ടു തീർത്ത ഫിഞ്ച് ഓസീസിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വാർണർ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും 16.4 ഓവറിലാണ് ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡിൽ 80 റണ്‍സ് ചേർത്തത്. വാർണറിനെ പുറത്താക്കി ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്ക കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വൺഡൗണായെത്തിയ ഉസ്മാൻ ഖവാജയ്ക്കു ശോഭിക്കാനായില്ലെങ്കിലും മൂന്നാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഫിഞ്ച് ഓസീസിനെ കരയ്ക്കടുപ്പിച്ചു. 19.4 ഓവർ ക്രീസിൽനിന്ന ഇവരുടെ സഖ്യം 173 റൺസാണ് ഓസീസ് സ്കോർ ബോർഡിലേക്ക് ഒഴുക്കിയത്. അതായത് വെറും 118 പന്തിൽ 173 റൺസ്! ഈ കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ വിധി നിർണയിച്ചത്. പിന്നീടെത്തിയ ഗ്ലെൻ മാക്സ്‍വെൽ തകർത്തടിച്ചതോടെ ഓസീസ് സ്കോർ 350 കടന്നു.

ഇംഗ്ലണ്ട് മണ്ണിൽ ഓസീസ് താരം നേടുന്ന ഉയർന്ന സ്കോർ കൂടിയാണ് ഫിഞ്ചിന്റേത്. 2013ൽ ഇംഗ്ലണ്ടിനെതിരെ ഷെയ്ൻ വാട്സൻ നേടിയ 143 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. ലോകകപ്പിൽ ഓസീസ് താരത്തിന്റെ മൂന്നാമത്തെ ഉയർന്ന സ്കോറും ഫിഞ്ചിന്റെ പേരിലായി. 2015ൽ അഫ്ഗാനിസ്ഥാനെതിരെ 178 റൺസ് നേടിയ ഡേവിഡ് വാർണർ, 2007ൽ വെസ്റ്റിൻഡീസിനെതിരെ 158 റൺസ് നേടിയ മാത്യു ഹെയ്ഡൻ എന്നിവരാണ് നേരത്തെ മികച്ച സ്കോർ പടുത്തുയർത്തിയ താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com