വിജയത്തിനായി ശ്രീലങ്ക പൊരുതുന്നു; കരുണരത്‌നെയ്ക്കും കുശാല്‍ പെരേരെയ്ക്കും അര്‍ധ സെഞ്ച്വറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2019 08:27 PM  |  

Last Updated: 15th June 2019 08:27 PM  |   A+A-   |  

D9HBiA0VAAAUYFS

 

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ഓസീസ് ഉയര്‍ത്തിയ 335 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ശ്രീലങ്ക 17 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന ശക്തമായ നിലയിലാണ്. 

ഓപണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്താന്‍ ക്യാപ്റ്റന്‍ കരുണരത്‌നെയും കുശാല്‍ പെരേരയും ചേര്‍ന്ന സഖ്യത്തിന് സാധിച്ചു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഓസീസിന് 115 റണ്‍സ് വരെ കാക്കേണ്ടി വന്നു. 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത പെരേരെയാണ് പുറത്തായത്. പെരേരെയെ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 

57 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 61 റണ്‍സുമായി കരുണരത്‌നെ ക്രീസില്‍ നില്‍ക്കുന്നു. ഒരു റണ്ണെടുത്ത് ലഹിരു തിരിമന്നെയാണ് നായകന് കൂട്ടായി ക്രീസിലുള്ളത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് സെഞ്ച്വറിയുമായി മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അര്‍ധ ശതകം പിന്നാലെ ?ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് അവര്‍ കണ്ടെത്തിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. പിന്നീട് നിലയുറപ്പിച്ച് മുന്നേറുകയായിരുന്നു. 132 പന്തുകള്‍ നേരിട്ട് 153 റണ്‍സ് അടിച്ചെടുത്ത ആരോണ്‍ ഫിഞ്ച് തന്നെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 15 ബൗണ്ടറിയും അഞ്ച് സിക്‌സും സഹിതമായിരുന്ന നായകന്റെ ഇന്നിങ്‌സ്. അര്‍ധ സെഞ്ച്വറി നേടിയ സ്മിത്ത് 59 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 73 റണ്‍സെടുത്തു.

97 പന്തില്‍ എട്ട് ബൗണ്ടറിയും നാല് സിക്‌സും സഹിതമാണ് ഫിഞ്ച് 14ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 95ല്‍ നില്‍ക്കെ സ്‌കസറടിച്ച് 101ലെത്തിയാണ് നായകന്‍ ശതകം തൊട്ടത്. ഡേവിഡ് വാര്‍ണര്‍ (48 പന്തില്‍ 26), ഉസ്മാന്‍ ഖവാജ (20 പന്തില്‍ 10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25 പന്തില്‍ പുറത്താകാതെ 46), ഷോണ്‍ മാര്‍ഷ് (ഒന്‍പത് പന്തില്‍ മൂന്ന്), അലക്‌സ് കാരി (മൂന്ന് പന്തില്‍ നാല്), പാറ്റ് കമ്മിന്‍സ് (പൂജ്യം), മിച്ചല്‍ സ്റ്റാര്‍ക്ക് (നാലു പന്തില്‍ പുറത്താകാതെ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ശ്രീലങ്കയ്ക്കായി ധനഞ്ജ ഡിസില്‍വ, ഇസൂരു ഉഡാന എന്നിവര്‍ രണ്ടും ലസിത് മലിംഗ ഒരു വിക്കറ്റും വീഴ്ത്തി. കാരിയും കമ്മിന്‍സും റണ്ണൗട്ടായി. അതേസമയം, 10 ഓവറില്‍ 88 റണ്‍സ് വഴങ്ങിയ നുവാന്‍ പ്രദീപ്, ഒരു ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ശ്രീലങ്കന്‍ താരമായി മാറി. 1987ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 97 റണ്‍സ് വഴങ്ങിയ അഷാന്തെ ഡിസില്‍വയാണ് ഒന്നാമത്. കഴിഞ്ഞ ലോകകപ്പില്‍ ഓസീസിനെതിരെ തന്നെ 87 റണ്‍സ് വഴങ്ങിയ തിസാര പെരേര മൂന്നാമതായി.

ഓപണിങ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണറിനൊപ്പം 80 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത ഫിഞ്ച് ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. വാര്‍ണര്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും 16.4 ഓവറിലാണ് ഇരുവരും ചേര്‍ന്ന് ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 80 റണ്‍സ് ചേര്‍ത്തത്. വാര്‍ണറിനെ പുറത്താക്കി ധനഞ്ജയ ഡിസില്‍വയാണ് ശ്രീലങ്ക കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

വണ്‍ഡൗണായെത്തിയ ഉസ്മാന്‍ ഖവാജയ്ക്കു ശോഭിക്കാനായില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഫിഞ്ച് ഓസീസിനെ കരയ്ക്കടുപ്പിച്ചു. 19.4 ഓവര്‍ ക്രീസില്‍നിന്ന ഇവരുടെ സഖ്യം 173 റണ്‍സാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് ഒഴുക്കിയത്. അതായത് വെറും 118 പന്തില്‍ 173 റണ്‍സ്! ഈ കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ വിധി നിര്‍ണയിച്ചത്. പിന്നീടെത്തിയ ഗ്ലെന്‍ മാക്‌സ്!വെല്‍ തകര്‍ത്തടിച്ചതോടെ ഓസീസ് സ്‌കോര്‍ 350 കടന്നു.

ഇംഗ്ലണ്ട് മണ്ണില്‍ ഓസീസ് താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഫിഞ്ചിന്റേത്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ ഷെയ്ന്‍ വാട്‌സന്‍ നേടിയ 143 റണ്‍സിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ലോകകപ്പില്‍ ഓസീസ് താരത്തിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറും ഫിഞ്ചിന്റെ പേരിലായി. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെ 178 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍, 2007ല്‍ വെസ്റ്റിന്‍ഡീസിനെതിരെ 158 റണ്‍സ് നേടിയ മാത്യു ഹെയ്ഡന്‍ എന്നിവരാണ് നേരത്തെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ താരങ്ങള്‍.