ബാറ്റിങ് വിരുന്നൊരുക്കി ഷാക്കിബും ലിറ്റനും; വിൻഡീസിനെ തകർത്ത് ബം​ഗ്ലാ​ദേശ്

ലോകകപ്പിൽ വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്ത് ബം​ഗ്ലാദേശ് ഉജ്ജ്വല വിജയം സ്വന്തമാക്കി
ബാറ്റിങ് വിരുന്നൊരുക്കി ഷാക്കിബും ലിറ്റനും; വിൻഡീസിനെ തകർത്ത് ബം​ഗ്ലാ​ദേശ്

ടൗൺടൻ: ലോകകപ്പിൽ വെസ്റ്റിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്ത് ബം​ഗ്ലാദേശ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 321 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയപ്പോൾ ബം​ഗ്ലാദേശ് 41.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 322 റൺസെടുത്ത് വിജയം പിടിക്കുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും ബം​ഗ്ലാ ബാറ്റ്സ്മാൻമാർക്ക് ഒരു വെല്ലുവിളി തീർക്കാനും വിൻഡീസ് ബൗളർമാർക്ക് സാധിച്ചില്ല. 

ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി നേടിയ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റേയും അര്‍ധ സെഞ്ച്വറി നേടിയ ലിറ്റന്‍ ദാസിന്റേയും അപരാജിത കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് മികച്ച വിജയം സമ്മാനിച്ചത്. 99 പന്തില്‍ 16 ഫോറുകളുടെ അകമ്പടിയോടെ ഷാകിബ് 124 റണ്‍സ് കണ്ടെത്തി. കൂറ്റനടികളുമായി കളം നിറഞ്ഞ ലിറ്റന്‍ ദാസ് 69 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം വാരിയത് 94 റണ്‍സ്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

ഓപണര്‍മാരായ തമിം ഇഖ്ബാലും സൗമ്യ സര്‍ക്കാറും ചേര്‍ന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. തമിം 48 റണ്‍സും സൗമ്യ സര്‍ക്കാര്‍ 29 റണ്‍സും കണ്ടെത്തി. പിന്നീടെത്തിയ മുഷ്ഫിഖര്‍ റഹീം ഒരു റണ്ണുമായി മടങ്ങിയെങ്കിലും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷാകിബ്- ലിറ്റന്‍ സഖ്യം കളിയുടെ ഗതി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. വെസ്റ്റിന്‍ഡീസിനായി ആന്ദ്രെ റസ്സല്‍, ഒഷെയ്ന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബം​ഗ്ലാദേശ് ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 321 റൺസെടുത്തത്. ഷായ് ഹോപ്പ് (96), എവിൻ ലൂയിസ് (70), ഷിംറോൺ ഹെറ്റ്മയർ (50 എന്നിവരുടെ അർധ സെഞ്ച്വറിക്കരുത്തിലാണ് വിൻഡീസ് മികച്ച സ്കോർ കുറിച്ചത്. വെറും 15 പന്തിൽ നാല് ബൗണ്ടറിയും മൂന്നു സിക്സും സഹിതം 33 റൺസെടുത്ത ക്യാപ്റ്റൻ ജെയ്സൻ ഹോൾഡറിന്റെ പ്രകടനവും വിൻഡീസ് ഇന്നിങ്സിന് കരുത്തു പകർന്നു.

121 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും സഹിതം 96 റൺസെടുത്ത ഹോപ്പാണ് വിൻഡീസിന്റെ ടോപ് സ്കോറർ. മുസ്താഫിസുർ റഹ്മാനെ സിക്സടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിനു സമീപം ലിറ്റൻ ദാസിനു ക്യാച്ച് നൽകിയാണ് ഹോപ്പ് പുറത്തായത്. അതിനിടെ ഒരു സെഞ്ച്വറി കൂട്ടുകെട്ടിലും അർധ സെഞ്ച്വറി കൂട്ടുകെട്ടിലും ഹോപ്പ് പങ്കാളിയായി.

സ്കോർ ബോർഡിൽ ആറ് റൺസ് മാത്രമുള്ളപ്പോൾ സൂപ്പർ താരം ക്രിസ് ഗെയ്‍ലിനെ നഷ്ടപ്പെട്ട വിൻഡീസിന് രണ്ടാം വിക്കറ്റിൽ എവിൻ ലൂയിസ്- ഷായ് ഹോപ്പ് സഖ്യം പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് മികച്ച സ്കോറിന് അടിത്തറയൊരുക്കിയത്. 21.1 ഓവർ ക്രീസിൽ നിന്ന ഈ സഖ്യം 116 റൺസാണ് വിൻഡീസ് സ്കോർ ബോർഡിൽ ചേർത്തത്. പിന്നീട് നാലാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്ത് ഹോപ്പ്- ഹെറ്റ്മയർ സഖ്യവും വിൻഡീസിനു കരുത്തു പകർന്നു.

എവിൻ ലൂയിസ് 67 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 70 റൺസെടുത്തു. ഈ ലോകകപ്പിലെ വേഗമേറിയ അർധ സെഞ്ച്വറിയെന്ന റെക്കോർഡിന് ഒപ്പമെത്തിയ ഷിംറോൺ ഹെറ്റ്മയർ 26 പന്തിൽ നാല് ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 50 റൺസെടുത്തു. 25 പന്തിൽ നിന്നായിരുന്നു ഹെറ്റ്മയറിന്റെ അർധ ശതകം.

നിക്കോളാസ് പൂരൻ 30 പന്തിൽ 25 റൺസടിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഡാരൻ ബ്രാവോ (15 പന്തിൽ 19), ഒഷെയ്ൻ തോമസ് (പുറത്താകാതെ ആറ്) എന്നിവരാണ് വിൻഡീസ് സ്കോർ 321ൽ എത്തിച്ചത്. അതേസമയം, ആന്ദ്രെ റസ്സൽ (രണ്ടു പന്തിൽ പൂജ്യം) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം പിഴുതു. ഷാക്കിബ് അൽ ഹസനും രണ്ട് വിക്കറ്റ് ലഭിച്ചു. ഷാകിബാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com