ഖത്തറിന് 2022 ലോകകപ്പ് അനുവദിച്ചതിലെ ക്രമക്കേട്, യുവേഫ മുന്‍ തലവന്‍ പ്ലാറ്റിനി അറസ്റ്റില്‍

2010ല്‍ യുഎസ്എ, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ പിന്നിലേക്ക് മാറ്റിയാണ് 2022 ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവകാശം ഖത്തര്‍ നേടിയെടുത്തത്
ഖത്തറിന് 2022 ലോകകപ്പ് അനുവദിച്ചതിലെ ക്രമക്കേട്, യുവേഫ മുന്‍ തലവന്‍ പ്ലാറ്റിനി അറസ്റ്റില്‍

2022 ലോകകപ്പ് ഫുട്‌ബോളിന് വേദിയായി ഖത്തര്‍ തെരഞ്ഞെടുത്തതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ യുവേഫ മുന്‍ തലവന്‍ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. പാരിസില്‍ നിന്നാണ് ഫ്രഞ്ച് പൊലീസ് പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തത്. പ്ലാറ്റിനിയെ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

2007 മുതല്‍ യുവേഫയുടെ തലവനായിരുന്നു ഫ്രഞ്ച് ഫുട്‌ബോള്‍ താരവും മൂന്ന് വട്ടം ബാലന്‍ ദി ഓറും നേടിയ പ്ലാറ്റനി. യുവേഫ തലപ്പത്തിരുന്നുള്ള ക്രമക്കേടുകളെ തുടര്‍ന്ന് 2015ല്‍ പ്ലാറ്റിനിയെ പദവികളില്‍ നിന്ന് വിലക്കിയിരുന്നു. 2010ല്‍ യുഎസ്എ, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ പിന്നിലേക്ക് മാറ്റിയാണ് 2022 ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവകാശം ഖത്തര്‍ നേടിയെടുത്തത്. 

ലോകകപ്പിന് വേദിയാവാനുള്ള അവകാശം ഖത്തര്‍ നേടിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങളില്‍ ഫിഫ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഖത്തറിന്റെ ഭാഗത്ത് ക്രമക്കേടുകളില്ലെന്നാണ് കണ്ടെത്തിയത്. 

2018, 2022 ലോകകപ്പുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി അന്വേഷണം നടക്കുകയാണ്. ഫിഫ മുന്‍ തലവന്‍ സെപ് ബ്ലാറ്ററേയും 2017ല്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബ്ലാറ്ററില്‍ നിന്നും 2 മില്യണ്‍ സ്വിസ ഫ്രാന്‍സ് അനധികൃതമായി കൈപറ്റിയെന്ന് വ്യക്തമായതോടെയാണ് പ്ലാറ്റിനിക്ക് എട്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് വിലക്ക് നാല് വര്‍ഷമായി ചുരുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com