സിക്‌സറുകളുടെ പെരുമഴ; ഇംഗ്ലീഷ് റണ്‍ പ്രളയത്തില്‍ ഒലിച്ചുപോയി അഫ്ഗാനിസ്ഥാന്‍; വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ വിജയം
സിക്‌സറുകളുടെ പെരുമഴ; ഇംഗ്ലീഷ് റണ്‍ പ്രളയത്തില്‍ ഒലിച്ചുപോയി അഫ്ഗാനിസ്ഥാന്‍; വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ അടിച്ചൊതുക്കി ഇംഗ്ലണ്ടിന്റെ വിജയം. 150 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ അടിച്ചെടുത്തത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സില്‍ അവസാനിച്ചു. 

അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് നേരിയ തോതില്‍ പോരാട്ടം നടത്താന്‍ സാധിച്ചു. ഓള്‍ ഔട്ടായില്ല എന്നതും ആശ്വാസമായി അവശേഷിക്കുന്നു. ബാക്കിയെല്ലാം അവര്‍ക്ക് ദുഃസ്വപ്‌നം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് മൊത്തം 25 സിക്‌സറുകളാണ് മത്സരത്തില്‍ പറത്തിയത്. അതായത് സിക്‌സറുകളില്‍ നിന്ന് മാത്രം ഇംഗ്ലണ്ട് അടിച്ചെടുത്തത് 150 റണ്‍സ്!

100 പന്തില്‍ 76 റണ്‍സെടുത്ത ഹഷ്മത്തുല്ല ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. റഹ്മത്ത് ഷ (46), അസ്ഗര്‍ അഫ്ഗാന്‍ (44), നായകന്‍ ഗുല്‍ബദിന്‍ നയിബ് (37) എന്നിവരും പിടിച്ചു നിന്നു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, ജോഫ്രെ ആര്‍ച്ചര്‍ എന്നിവര്‍ മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റെക്കോര്‍ഡുകളുടെ പെരുമഴക്കാലം തീര്‍ത്താണ് ഇംഗ്ലീഷ് ബാറ്റിങ് നിര ക്രീസ് വിട്ടത്. 2019 ലോകകപ്പിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെതിരെ അടിച്ചെടുത്തത്. ഇതുവരെയുള്ള ലോകകപ്പ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 

ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ കത്തി ജ്വലിച്ചപ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ഹതാശരായി. 57 പന്തില്‍ നിന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കിയ മോര്‍ഗന്‍ 71 പന്തില്‍ 148 റണ്‍സെടുത്താണ് കളം വിട്ടത്. 36 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയ മോര്‍ഗന്‍ ബാക്കി 21 പന്തില്‍ നിന്നാണു അടുത്ത 50 പൂര്‍ത്തിയാക്കിയത്. 

ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള നാലാമത്തെ ശതകമാണ് അഫ്ഗാനെതിരെ മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്‌സുകള്‍ ഇന്നിങ്‌സില്‍ താരം അടിച്ചുകൂട്ടി. ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടവും മോര്‍ഗന്‍ സ്വന്തമാക്കി. 16 വീതം സിക്‌സുകളുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ എന്നിവര്‍ പങ്കിട്ടിരുന്ന റെക്കോര്‍ഡാണ് മോര്‍ഗന്റെ കുതിപ്പിനു മുന്നില്‍ തകര്‍ന്നത്. 

മറുവശത്ത് അഫ്ഗാനിസ്ഥാന്റെ ഏറ്റവും പ്രതിഭാധനനായ ബൗളര്‍ എന്ന പേരുള്ള റാഷിദ് ഖാന്‍ നാണക്കേടിന്റെ റെക്കോര്‍ഡും നേടി. ഒന്‍പതോവറില്‍ താരം വഴങ്ങിയത് 110 റണ്‍സ്! ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി. ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന റെക്കോര്‍ഡ് മൂന്ന് റണ്‍സിനാണ് റാഷിദിന് നഷ്ടമായത്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് താരം മൈക്കല്‍ ലൂയിസിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 2016ല്‍ പാക്കിസ്ഥാന്‍ താരം വഹാബ് റിയാസ് ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്. 

ജോണി ബെയര്‍സ്‌റ്റോ (99 പന്തില്‍ 90), ജോ റൂട്ട് (82 പന്തില്‍ 88) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഓപണര്‍ ജെയിംസ് വിന്‍സ് 31 പന്തില്‍ 26 നേടി പുറത്തായി. രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളാണ് കൂറ്റന്‍ സ്‌കോറിലേക്കുള്ള കുതിപ്പില്‍ ഇംഗ്ലണ്ടിന് തുണയായത്. രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ- ജോ റൂട്ട് സഖ്യം 120 റണ്‍സ് (122 പന്തില്‍) കൂട്ടിച്ചേര്‍ത്തപ്പോള്‍, മൂന്നാം വിക്കറ്റില്‍ തകര്‍ത്തടിച്ച് മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് 189 റണ്‍സിന്റെ (99 പന്തില്‍) കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതോടെ ഈ ലോകകപ്പിലെ ഏതു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടെന്ന ഷാക്കിബ് അല്‍ ഹസന്‍- ലിറ്റന്‍ ദാസ് സഖ്യത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ഇവര്‍. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെതിരെ പിരിയാത്ത നാലാം വിക്കറ്റിലാണ് ഷാക്കിബ്- ലിറ്റന്‍ സഖ്യം 189 റണ്‍സ് കൂട്ടിച്ചേര്‍ത്തത്.

അവസാന ഓവറുകളില്‍ മോയിന്‍ അലി നടത്തിയ കടന്നാക്രമണം ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 397ല്‍ എത്തിക്കുകയായിരുന്നു. താരം ഒന്‍പത് പന്തില്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. നാല് സിക്‌സറുകളാണ് അലി പറത്തിയത്. ഒരു റണ്ണുമായി ക്രിസ് വോക്‌സും പുറത്താകാതെ നിന്നു. അഫ്ഗാന്‍ നിരയില്‍ ഗുല്‍ബദിന്‍ നായിബ്, ദൗലത്ത് സാദ്രാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com