ക്ലാസിക്ക് പോരാട്ടം; ടോസ് ഇം​ഗ്ലണ്ടിന്; ആദ്യം ബൗൾ ചെയ്യും; സാംപയ്ക്ക് പകരം ലിയോൺ ഓസീസ് ടീമിൽ

ടോസ് നേടി ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനെ നിലനിർത്തിയാണ് ഇം​ഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ കളിക്കാനെത്തുന്നത്
ക്ലാസിക്ക് പോരാട്ടം; ടോസ് ഇം​ഗ്ലണ്ടിന്; ആദ്യം ബൗൾ ചെയ്യും; സാംപയ്ക്ക് പകരം ലിയോൺ ഓസീസ് ടീമിൽ

ലോർഡ്‌സ്: ലോകകപ്പ് ക്രിക്കറ്റിലെ ഓസ്ട്രേലിയ- ഇം​ഗ്ലണ്ട് ക്ലാസിക്ക് പോരാട്ടത്തിന് അൽപ്പ സമയത്തിനകം തുടക്കമാകും. ടോസ് നേടി ഇം​ഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനെ നിലനിർത്തിയാണ് ഇം​ഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. രണ്ട് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ കളിക്കാനെത്തുന്നത്. നതാൻ കോൾടർ നെയ്ൽ, ആദം സാംപ എന്നിവർക്ക് പകരം ബെ​ഹരൻഡോർഫ്, നതാൻ ലിയോൺ എന്നിവർ അന്തിമ ഇലവനിൽ ഇടം കണ്ടെത്തി. 

രണ്ട് സെഞ്ച്വറി വീതം നേടിയ രണ്ട് താരങ്ങളാണ് ഇരു ടീമുകളുടെയും ബാറ്റിങിനെ നയിക്കുന്നത്. ഓസീസിന് ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിനു ജോ റൂട്ടും. മധ്യനിരയിലെ ബാറ്റിങ് വെടിക്കെട്ടിന് ഓസ്‌ട്രേലിയയ്ക്ക് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉണ്ടെങ്കില്‍ ഇംഗ്ലണ്ടിന് മറുപടി ജോസ് ബട്‌ലറാണ്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ കാലിനു പരിക്കേറ്റ ജാസന്‍ റോയ് ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കില്ല. ഓസീസിനെതിരെ മികച്ച സ്‌ട്രൈക് റേറ്റുള്ള (114.30) താരത്തിന്റെ അഭാവം ആതിഥേയര്‍ക്ക് വന്‍ തിരിച്ചടിയായേക്കും. 

ആറ് മത്സരങ്ങളില്‍ നിന്ന് 447 റണ്‍സുമായി റണ്‍ വേട്ടയില്‍ മുന്നിലാണ് ഡേവിഡ് വാര്‍ണര്‍. ജോ റൂട്ട് ആറ് മത്സരങ്ങളില്‍ നിന്ന് 424 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്. നായകന്‍ ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, അലക്‌സ് കാരി തുടങ്ങിയവര്‍ ഓസീസ് ബാറ്റിങിന്റെ ആഴം വ്യക്തമാക്കുന്നു.

പരിക്കേറ്റ ജാസന്‍ റോയ്ക്ക് പകരം ജെയിംസ് വിന്‍സ് ഓപണറാകും. ജോണി ബെയര്‍സ്‌റ്റോ, നായകന്‍ ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, മോയിന്‍ അലി എന്നിവര്‍ ഇംഗ്ലീഷ് ബാറ്റി‌ങ് കരുത്താണ്. ബൗളിങില്‍ ജോഫ്ര ആര്‍ച്ചറും മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള പോരിനാകും ലോർഡ്‌സ് വേദിയാകുക. ടൂര്‍ണമെന്റില്‍ 15 വിക്കറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ് ആര്‍ച്ചറും സ്റ്റാര്‍ക്കും. ആര്‍ച്ചറിന്റെ മൂളിപ്പറക്കുന്ന ബൗണ്‍സറുകള്‍ക്ക്, സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകളാകും മറുപടി. 

ലോക ക്രിക്കറ്റിലെ പുത്തന്‍ ധോണിയായ ജോസ് ബട്ലറെ പൂജ്യത്തിന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ ഏഴ് തവണ പരസ്പരം കളിച്ചപ്പോള്‍ അഞ്ച് തവണ വിജയം ഓസീസിനൊപ്പം നിന്നു. രണ്ട് തവണയാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഈ ലോകകപ്പില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇംഗ്ലണ്ടിന് ഇന്ന് വിജയം അനിവാര്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com