'ചില ആളുകള്‍ ടെലിവിഷനിലിരുന്ന് ദൈവങ്ങളാണെന്ന് സ്വയം ചിന്തിക്കുന്നു'- അക്തറിന് ചുട്ട മറുപടിയുമായി സര്‍ഫ്രാസ്

ടോസ് നേടിയിട്ടും ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച പാക് നായകന്റെ നടപടിയെ തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അക്തര്‍ വിമര്‍ശിച്ചത്
'ചില ആളുകള്‍ ടെലിവിഷനിലിരുന്ന് ദൈവങ്ങളാണെന്ന് സ്വയം ചിന്തിക്കുന്നു'- അക്തറിന് ചുട്ട മറുപടിയുമായി സര്‍ഫ്രാസ്

ലണ്ടന്‍: ഇന്ത്യക്കെതിരായ ലോകകപ്പിലെ തോല്‍വി പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയിരുന്നു. ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേര്‍ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍ കടുത്ത ഭാഷയിലാണ് ടീമിനെയും ഒപ്പം നായകന്‍ സര്‍ഫ്രാസ് അഹമ്മദിനേയും വിമര്‍ശിച്ചത്.  

ടോസ് നേടിയിട്ടും ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച പാക് നായകന്റെ നടപടിയെ തന്റെ യു ട്യൂബ് ചാനലിലൂടെയാണ് അക്തര്‍ വിമര്‍ശിച്ചത്. പാക് നായകനെ മണ്ടന്‍ എന്നു വരെ അക്തര്‍ പരിഹസിച്ചിരുന്നു. ടീം മാനേജ്‌മെന്റിനെതിരേയും താരങ്ങളെ ഉപയോഗപ്പെടുത്താന്‍ അറിവില്ലാത്തതിനെ കുറിച്ചുമൊക്കെ അക്തര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 

ഇപ്പോഴിതാ അക്തറിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സര്‍ഫ്രാസ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ വിജയിച്ച ശേഷമായിരുന്നു സര്‍ഫ്രാസിന്റെ പ്രതികരണം. 

''അവരുടെ കണ്ണില്‍ ഞങ്ങളൊന്നും കളിക്കാരല്ല. ചില ആളുകള്‍ ടെലിവിഷനിലിരുന്ന് ദൈവങ്ങളാണെന്ന് സ്വയം ചിന്തിക്കുന്നു''- മുന്‍ താരത്തിന്റെ വിലയിരുത്തലുകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പാക് നായകന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്. 

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്റെ സെമി പ്രവേശത്തിന് ജീവന്‍ വച്ചിട്ടുണ്ട്. നാളെ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരം വിജയിച്ചാല്‍ അവരുടെ സാധ്യതകള്‍ വീണ്ടും ഉയരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com