വാര്‍ണറെ ചെറുക്കാന്‍ ആര്‍ച്ചറും സംഘവും ; ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ ; ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

രണ്ടു സെഞ്ചുറി വീതം നേടിയ രണ്ടു താരങ്ങളാണ് ഇരു ടീമുകളുടെയും ബാറ്റിങിനെ നയിക്കുന്നത്
വാര്‍ണറെ ചെറുക്കാന്‍ ആര്‍ച്ചറും സംഘവും ; ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ ; ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ലോഡ്‌സ് : ലോകകപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. ലോകകപ്പിലെ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഇന്ന് ലോഡ്‌സ് സാക്ഷ്യം വഹിക്കുക. 

രണ്ടു സെഞ്ചുറി വീതം നേടിയ രണ്ടു താരങ്ങളാണ് ഇരു ടീമുകളുടെയും ബാറ്റിങിനെ നയിക്കുന്നത്. ഓസീസിന് ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിനു ജോ റൂട്ടും. മധ്യനിരയിലെ ബാറ്റിങ് വെടിക്കെട്ടിന് ഓസ്‌ട്രേലിയയ്ക്ക് ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉണ്ടെങ്കില്‍ ഇംഗ്ലണ്ടിന് മറുപടി ജോസ് ബട്‌ലറാണ്. വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ കാലിനു പരിക്കേറ്റ ജേസന്‍ റോയ് ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയും കളിക്കില്ല. ഓസീസിനെതിരെ മികച്ച സ്‌ട്രൈക് റേറ്റുള്ള (114.30) താരത്തിന്റെ അഭാവം ആതിഥേയര്‍ക്ക് വന്‍ തിരിച്ചടിയായേക്കും. 

ആറു മല്‍സരങ്ങളില്‍ നിന്ന് 447 റണ്‍സുമായി റണ്‍വേട്ടയില്‍ മുമ്പനാണ് ഡേവിഡ് വാര്‍ണര്‍. ജോ റൂട്ട് ആറു മല്‍സരങ്ങളില്‍ നിന്നും 424 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്. നായകന്‍ ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, അലക്‌സ് കാരി തുടങ്ങിയവര്‍ ഓസീസ് ബാറ്റിംഗിന്റെ ആഴം വ്യക്തമാക്കുന്നു.

പരിക്കേറ്റ ജേസന്‍ റോയ്ക്ക് പകരം ജെയിംസ് വിന്‍സ് ഓപ്പണറാകും. ജോണി ബെയര്‍സ്‌റ്റോ, നായകന്‍ ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, മോയിന്‍ അലി എന്നിവര്‍ ഇംഗ്ലീഷ് ബാറ്റിംഗ് കരുത്താണ്. ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറും മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലുള്ള പോരിനാകും ലോഡ്‌സ് വേദിയാകുക. ടൂര്‍ണമെന്റില്‍ 15 വിക്കറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ് ആര്‍ച്ചറും സ്റ്റാര്‍ക്കും. ആര്‍ച്ചറിന്റെ മൂളിപ്പറക്കുന്ന ബൗണ്‍സറുകള്‍ക്ക്, സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകളാകും മറുപടി. 

ലോകക്രിക്കറ്റിലെ പുത്തന്‍ ധോണിയായ ജോസ് ബട്ട്‌ലറെ പൂജ്യത്തിന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പില്‍ ഇതുവരെ ഏഴു തവണ പരസ്പരം കളിച്ചപ്പോള്‍ അഞ്ചുതവണ വിജയം ഓസീസിനൊപ്പം നിന്നു. രണ്ടു തവണയാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഈ ലോകകപ്പില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ ഇംഗ്ലണ്ടിന് ഇന്ന് വിജയം അനിവാര്യമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com