വിന്‍ഡീസിനെതിരായ പോരാട്ടം; ഇന്ത്യക്ക് വെല്ലുവിളിയാകുക ഈ മൂന്ന് താരങ്ങള്‍

ഈ മാസം 27ന് വ്യാഴാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പോരാട്ടം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി പ്രവേശത്തിന് തൊട്ടരികിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍വി മുഖാമുഖം കണ്ടിരുന്നു. ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി എന്നിവരുടെ ബൗളിങ് മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അതേസമയം ടീം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്തേണ്ടത് അത്യാവശ്യമാണെന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യയെ ബോധ്യപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റിന്‍ഡീസിനെതിരെയാണ്. ഈ മാസം 27ന് വ്യാഴാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പോരാട്ടം. വെസ്റ്റിന്‍ഡീസ് ആറ് മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് നേടിയത്. ഇന്ത്യക്കെതിരായ പോരാട്ടം അവരെ സംബന്ധിച്ച് ജീവന്‍ മരണമാണ്. ജയിക്കാനായി അവര്‍ അങ്ങേയറ്റം വരെ പൊരുതും.  

വെസ്റ്റിന്‍ഡീസ് ടീമില്‍, ഇന്ത്യക്ക് വെല്ലുവിളിയായി നില്‍ക്കാന്‍ പോകുന്നത് ഈ മൂന്ന് താരങ്ങളാവും. വെറ്ററന്‍ ഓപണര്‍ ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍. ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുകളാണ് മൂവര്‍ക്കുമുള്ളത്. 

ഇന്ത്യന്‍ ബൗളിങ് നിരയെ നേരിട്ട് നല്ല പരിചയമുള്ള താരമാണ് വെറ്ററന്‍ ഓപണര്‍ ക്രിസ് ഗെയ്ല്‍. ഇന്ത്യക്കെതിരെ 1000ത്തിലധികം റണ്‍സും ഗെയ്‌ലിനുണ്ട്. പഴയ രീതിയിലുള്ള ആക്രമണം ഇല്ലെങ്കിലും ഈ ലോകകപ്പില്‍ ഗെയ്ല്‍ മികച്ച ബാറ്റിങ് നടത്തുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ ഗെയ്ല്‍ 84 പന്തില്‍ 87 റണ്‍സെടുത്തിരുന്നു. നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ഗെയ്‌ലിനെ തളയ്ക്കുക അസാധ്യമാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് നല്ല ബോധ്യമുണ്ട്. സ്പിന്നിനെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരം കൂടിയാണ് ഗെയ്ല്‍ എന്നതും ശ്രദ്ധേയമാണ്. 

22 വയസ് മാത്രമുള്ള ഹെറ്റ്‌മെയര്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയിലാണ് ബാറ്റ്‌സ്മാനെന്ന നിലയിലുള്ള തന്റെ ക്ലാസ് തെളിയിച്ചത്. പരമ്പരയില്‍ 259 റണ്‍സാണ് താരം അടിച്ചെടുത്തത്. 51.08 ആവറേജില്‍ 140 റണ്‍സ് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. നിലവില്‍ വിന്‍ഡീസ് ടീമിലെ അവിഭാജ്യ ഘടകമായ ഹെറ്റ്‌മെയര്‍ പേസ്, സ്പിന്‍ ബൗളര്‍മാരെ ഫലപ്രദമായി നേരിടാന്‍ കെല്‍പ്പുള്ള താരമാണ്. ഇന്ത്യയുടെ കുല്‍ദീപ്- ചഹല്‍ സ്പിന്‍ ദ്വയത്തെ പതറാതെ നേരിട്ട് റണ്‍സടിച്ചതിന്റെ സമീപകാല ചരിത്രവും ഹെറ്റ്‌മെയര്‍ക്കുണ്ട്. 

മികച്ച ബൗളിങിന്റെ പേരില്‍ മാത്രമല്ല വിക്കറ്റ് നേടിയാല്‍ നടത്തുന്ന ആഹ്ലാദ പ്രകടനവും ഈ ലോകകപ്പില്‍ ഷെല്‍ഡന്‍ കോട്രലിനെ വ്യത്യസ്തനാക്കി. വിക്കറ്റ് നേടിയാല്‍ താരം സല്യൂട്ട് നല്‍കുന്നതാണ് ആരാധകര്‍ക്കിടയില്‍ ഹിറ്റായത്. ആറ് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകളുമായി വിന്‍ഡീസ് നിരയില്‍ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് കോട്രെല്‍. മികച്ച ബൗളര്‍ മാത്രമല്ല താരം. നല്ലൊരു ഫീല്‍ഡര്‍ കൂടിയാണെന്ന് കോട്രെല്‍ തെളിയിച്ചിട്ടുണ്ട്. മികച്ച ക്യാച്ചുകളും റണ്ണൗട്ടുകളും അതിന് ഉദാഹരണമാണ്. 

ഇടംകൈയന്‍ പേസറായ കോട്രെലിന് ഇന്ത്യക്കെതിരായ മത്സരത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ നിലവിലെ ഇന്ത്യന്‍ സംഘത്തിലെ പല താരങ്ങള്‍ക്കും നല്ല റെക്കോര്‍ഡില്ല. അതുകൊണ്ടു തന്നെ കോട്രെലിന്റെ പന്തുകള്‍ അവരെ ബുദ്ധിമുട്ടിച്ചേക്കും. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ തന്റെ കരുത്തുറ്റ ഇന്‍സ്വിങറുകളും താരം പ്രയോഗിക്കും. ഇടംകൈയന്‍ ബാറ്റ്‌സമാനായ ശിഖര്‍ ധവാന്‍ നിലവില്‍ ടീമിലില്ല എന്നതും ഇന്ത്യയെ സംബന്ധിച്ച് വിന്‍ഡീസിനെതിരെ നല്ല ഗൃഹ പാഠം നടത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com