ഇക്കാര്യത്തില്‍ ഇന്ത്യ പുപ്പുലികള്‍; പാകിസ്ഥാന്‍ ലോക തോല്‍വി!

അഞ്ച് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ടീം ഇതുവരെയായി ഒരു ക്യാച്ച് മാത്രമാണ് പാഴാക്കിയത്
ഇക്കാര്യത്തില്‍ ഇന്ത്യ പുപ്പുലികള്‍; പാകിസ്ഥാന്‍ ലോക തോല്‍വി!

ലണ്ടന്‍: ഒരു മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ തക്ക കെല്‍പ്പുള്ളതാണ് ഓരോ ക്യാച്ചുകളും. ലോകകപ്പ് പോരാട്ടം അവേശകരമായി നീങ്ങവെ രസകരമായൊരു കണക്കാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ അവസാനത്തോടടുക്കുമ്പോഴാണ് ഈ കണക്ക് പുറത്ത് വന്നത്. 

ഇതുവരെ നടന്ന മത്സരങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും മികച്ച ഫീല്‍ഡിങ് പ്രകടനം നടത്തിയ ടീം ഏതായിരിക്കും. ക്യാച്ചുകളുടെ ഈ കണക്കില്‍ നിന്ന് അത് മനസിലാക്കാം. മികച്ച ഫീല്‍ഡിങുമായി കളം വാണത് ഇന്ത്യന്‍ താരങ്ങളാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളില്‍ നിന്നുമായി ഇന്ത്യന്‍ ടീമിലെ ഫീല്‍ഡര്‍മാര്‍ ആകെ പാഴാക്കിയത് ഒരു ക്യാച്ച് മാത്രമാണ്. പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ക്കാണ് ഏറ്റവുമധികം ക്യാച്ചുകള്‍ കൈവിട്ടതിന്റെ നാണംകെട്ട റെക്കോര്‍ഡ്. 

അഞ്ച് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ടീം ഇതുവരെയായി ഒരു ക്യാച്ച് മാത്രമാണ് പാഴാക്കിയത്. പാകിസ്ഥാനെതിരായി മത്സരത്തില്‍ യുസ്‌വേന്ദ്ര ചഹലിന്റെ പന്തില്‍ ശദാബ് ഖാന്‍ നല്‍കിയ ക്യാച്ച് കെഎല്‍ രാഹുല്‍ കൈവിട്ടതാണ് ആകെ ഇന്ത്യക്ക് ഫീല്‍ഡിങ്ങിലേറ്റ പ്രധാന തിരിച്ചടി. ഇക്കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന  പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ ഇതുവരെ കൈവിട്ടതാകട്ടെ 14 ക്യാച്ചുകളാണ്. ശതമാനക്കണക്ക് പരിശോധിച്ചാല്‍ ലഭിച്ച 35 ശതമാനം ക്യാച്ച് അവസരങ്ങളാണ് പാക്ക് ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. ക്യാച്ച് കൈവിട്ടതില്‍ ആതിഥേയരായ ഇംഗ്ലണ്ടും മോശമല്ല. 12 ക്യാച്ചുകളാണ് ഇംഗ്ലീഷ് താരങ്ങള്‍ കൈവിട്ടത്.

മികച്ച ഫീല്‍ഡിങ് കാഴ്ചവെച്ച കാര്യത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യക്ക് പിന്നില്‍ രണ്ടാമതുള്ളത്. വെറും രണ്ട് ക്യാച്ചുകള്‍ മാത്രമാണ് അവര്‍ കൈവിട്ടത്. ശ്രീലങ്ക മൂന്നും ബംഗ്ലാദേശ് ഓസ്‌ട്രേലിയ ടീമുകള്‍ നാലും വീതം ക്യാച്ചുകളാണ് കൈവിട്ടത്. വെസ്റ്റിന്‍ഡീസ് ആറും, ദക്ഷിണാഫ്രിക്ക എട്ടും, ന്യൂസിലന്‍ഡ് ഒമ്പതും ക്യാച്ചുകളാണ് കൈവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com