മോദി കാവിവത്കരിക്കുന്നു; ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി അണിയുന്നതിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത്
മോദി കാവിവത്കരിക്കുന്നു; ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്‌സി അണിയുന്നതിനെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്ത്. ജൂണ്‍ 30ന നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാനാണ് ഓറഞ്ച് ജേഴ്‌സി ധരിക്കുന്നതിനെതിരെ രംഗത്തെത്തിയത്. സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍എ അബു അസിം ആസ്മിയും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. രാജ്യത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിക്ക് ഓറഞ്ച് കളര്‍ നല്‍കുന്നതെന്ന് എംഎല്‍എമാര്‍ പറഞ്ഞു.

മോദി രാജ്യത്തെ കാവിവത്കരിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്യുമ്പോള്‍ മൂന്ന് നിറമാണ് നല്‍കിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഓറഞ്ച് നിറം മാത്രം തെരഞ്ഞെടുക്കുന്നത്. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ ജെഴ്‌സിയില്‍ മൂന്ന് നിറങ്ങളും ഉപയോഗിക്കണമെന്ന് സമാജ് വാദി എംഎല്‍എ ആസ്മി പറഞ്ഞു.

ജേഴ്‌സി ഓറഞ്ചാക്കുന്നതിലൂടെ മോദി കാവി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍ പറഞ്ഞു. ത്രിവര്‍ണ നിറം മുന്നോട്ടുവെക്കുന്നത് രാജ്യത്തിന്റെ ഐക്യമാണ്. ഇത് തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ഓറഞ്ച് കളര്‍ അണിയാനുള്ള തീരുമാനം. എല്ലായിടത്തും മോദി സര്‍ക്കാര്‍ കാവിവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യ ഓറഞ്ച് ജേഴ്‌സി ധരിക്കാനുളള തീരുമാനത്തെ കേന്ദ്രമന്ത്രി രാംദാസ് അത് വാലെ സ്വാഗതം ചെയ്തു.ഓറഞ്ച് വിജയത്തിന്റെയും ധൈര്യത്തിന്റെയും കളറാണ്. അത് ധരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു

ലോകകപ്പില്‍ ഇന്ത്യ ഓറഞ്ച് ജേഴ്‌സി അണിയുന്നതു കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഓറഞ്ച് ജേഴ്‌സി എങ്ങനെയായിരിക്കുമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. പക്ഷേ, കിറ്റ് സ്‌പോണ്‍സറായ നൈക്കി ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്.

ഒരേനിറമുള്ള ജേഴ്‌സി രണ്ടു ടീമുകള്‍ ഒരേ മത്സരത്തില്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ആതിഥേയരാജ്യമായ ഇംഗ്ലണ്ടിനു മാത്രം ബദല്‍ ജേഴ്‌സി വേണ്ട. ഇംഗ്ലണ്ടിന്റെ ജേഴ്‌സിയുടെ നിറവും നീലയായതിനാല്‍ ഇന്ത്യയ്ക്ക് മറ്റൊരു നിറമുള്ള ജേഴ്‌സി കണ്ടെത്തേണ്ടിവരും. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജേഴ്‌സി അണിയുമെന്ന് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com