1992ലെ പാകിസ്ഥാന്‍ 2019ലും; ആരാധകരെ അമ്പരപ്പിക്കുന്ന സാമ്യതകള്‍ ഇങ്ങനെ

ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഇത്തവണത്തെ മുന്നേറ്റം സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലുമൊക്കെ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്
1992ലെ പാകിസ്ഥാന്‍ 2019ലും; ആരാധകരെ അമ്പരപ്പിക്കുന്ന സാമ്യതകള്‍ ഇങ്ങനെ


ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ പാകിസ്ഥാന്റെ ഇത്തവണത്തെ മുന്നേറ്റം സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലുമൊക്കെ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ഇതിന് മുന്‍പ് ക്രിക്കറ്റ് ലോകകപ്പ് നടന്ന 1992ലാണ് പാകിസ്ഥാന്‍ ആദ്യമായും അവസാനമായും ലോക ചാമ്പ്യന്‍മാരായത്. 1992ന് ശേഷം ഇപ്പോഴാണ് റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ലോകകപ്പ് നടക്കുന്നത്. 1992ലെയും ഇത്തവണത്തെയും പാകിസ്താന്റെ മത്സര ഫലങ്ങളിലെ സാമ്യതയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും വിജയിച്ച് സാമ്യതകള്‍ പാകിസ്താന്‍ ആവര്‍ക്കുകയാണ്. രണ്ട് തവണയും ഏഴാം മത്സരത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തില്‍ എത്തിയത് 49.1 ഓവറിലായിരുന്നു. അന്ന് ശ്രീലങ്കക്കെതിരെയും ഇന്ന് ന്യൂസിലന്‍ഡിന് എതിരെയും. 

1992ല്‍ ആദ്യ മത്സരം തോറ്റാണ് അവര്‍ ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ വെസ്റ്റിന്‍ഡീസിനോട് ആദ്യ മത്സരത്തില്‍ തോറ്റു. 1992ലും 2019ലും രണ്ടാം മത്സരത്തില്‍ അവര്‍ വിജയിച്ചു. രണ്ട് തവണയും മൂന്നാം മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. നാലും അഞ്ചും മത്സരങ്ങളില്‍ അന്ന് അടുപ്പിച്ച് തോറ്റപ്പോള്‍ ഇത്തവണയും അങ്ങനെ തന്നെ സംഭവിച്ചു. ആറ്, ഏഴ് മത്സരങ്ങള്‍ തുടര്‍ച്ചയായി അന്ന് വിജയിച്ചപ്പോള്‍ ഇന്നും അങ്ങനെ തന്നെ. 

ആദ്യ അഞ്ച് മത്സരങ്ങളില്‍ പാകിസ്താന്‍ ജയിച്ചത് ഒരെണ്ണത്തില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ സിംബാബബ്‌വെയെ തോല്‍പ്പിക്കുകയും ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോല്‍ക്കുകയും ചെയ്തു. അതുകഴിഞ്ഞ് ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് ടീമുകളെ തോല്‍പ്പിച്ച് സെമിയിലെത്തി.

ഇത്തവണയും സമാനമാണ് മത്സര ഫലങ്ങള്‍. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റു. തുടര്‍ന്ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. പിന്നെ ഓസ്‌ട്രേലിയയോടും ഇന്ത്യയോടും തോറ്റു. ശേഷം ദക്ഷിണാഫ്രിക്കയെയും ന്യൂസിലന്‍ഡിനെയും തോല്‍പ്പിച്ചു. ഇനി രണ്ട് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത്.

ഇവിടംകൊണ്ടൊന്നും യാദൃശ്ചികത അവസാനിച്ചിട്ടില്ല. 1992ല്‍ ആറാം മത്സരം പാകിസ്ഥാന്‍ വിജയിക്കുമ്പോള്‍ അമീര്‍ സൊഹൈല്‍ എന്ന ഇടംകൈയന്‍ ബാറ്റ്‌സ്മാനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. 2019ല്‍ ആറാം മത്സരം വിജയിക്കുമ്പോള്‍ ഹാരിസ് സൊഹൈല്‍ എന്ന ഇടംകൈയനായിരുന്നു കളിയിലെ താരം. 

1992ല്‍ ഏഴാം മത്സരത്തില്‍ പാകിസ്ഥാനെ വിജയിപ്പിച്ചത് പുറത്താകാതെ 100 റണ്‍സടിച്ച റമീസ് രാജയായിരുന്നു. ഇപ്പോള്‍ ബാബര്‍ അസം പുറത്താകാതെ നേടിയ 100 റണ്‍സിന്റെ ബലത്തിലാണ് ഏഴാം പോരാട്ടം പാകിസ്ഥാന്‍ വിജയിച്ചത്. 

1992ല്‍ ന്യൂസിലന്‍ഡ് തോല്‍വി അറിയാതെയാണ് പികിസ്ഥാനോട് മത്സരിക്കാനെത്തിയത്. ആ ലോകകപ്പിലെ ആദ്യ തോല്‍വി കിവികള്‍ നേരിട്ടു. ഇത്തവണയും ന്യൂസിലന്‍ഡ് തോല്‍വിയറിയാതെയാണ് പാകിസ്ഥാന് മുന്നിലെത്തിയത്. ഫലം ആദ്യ തോല്‍വി തന്നെ. 1992ല്‍ ന്യൂസിലന്‍ഡിന് 39 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇത്തവണയും അത് സംഭവിച്ചു. 

1992ല്‍ പാകിസ്ഥാന് വേണ്ടി സലീം മാലിക്കും ഇന്‍സമാം ഉള്‍ ഹഖും കളിക്കാനുണ്ടായിരുന്നു. ഇത്തവണ സലീം മാലിക്കിന്റെ മകന്‍ ഷൊയ്ബ് മാലിക്കും ഇന്‍സമാമിന്റെ മരുമകന്‍ ഇമാം ഉള്‍ ഹഖും ടീമിലുണ്ട്. 

ഈ സാമ്യതകള്‍ വെച്ച് 1992ല്‍ കിരീടമുയര്‍ത്തിയ അവരുടെ നായകന്‍ ഇമ്രാന്‍ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് പോലെ ഇപ്പോഴത്തെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ഭാവിയില്‍ പ്രധാനമന്ത്രിയാകുമോ എന്ന് പലരും ചോദിക്കുകയാണിപ്പോള്‍. പാകിസ്ഥാന്‍ കപ്പടിക്കുമോ ഇപ്പറഞ്ഞത് നടക്കുമോ എന്ന് കാത്തിരുന്നു കാണാം. 

എന്നാല്‍ ഇതിനെ വെറും യാദൃശ്ചികത എന്ന പറഞ്ഞ് തള്ളിക്കളയുന്നവരാണ് മിക്കവരും. ഗ്രൂപ്പ് റൗണ്ടില്‍ അഫ്ഗാനെയും ബംഗ്ലാദേശിനെയും മറികടന്നാലും മികച്ച ഫോമിലുള്ള ഒരു ടീമിനെതിരെ വിജയിച്ച് പാകിസ്താന്‍ സെമി കടക്കില്ലെന്നാണ് ഇവര്‍ അടിവരയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com