കോഹ്‌ലിക്കും ധോണിക്കും അര്‍ധ സെഞ്ച്വറി; വിന്‍ഡീസിന് മുന്നില്‍ 269 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 268 റണ്‍സാണ് കണ്ടെത്തിയത്
കോഹ്‌ലിക്കും ധോണിക്കും അര്‍ധ സെഞ്ച്വറി; വിന്‍ഡീസിന് മുന്നില്‍ 269 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

മാഞ്ചസ്റ്റര്‍: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടേയും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടേയും മികവില്‍ വെസ്റ്റിന്‍ഡീസിന് മുന്നില്‍ 269 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 268 റണ്‍സാണ് കണ്ടെത്തിയത്. 

അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സ് അടിച്ച് ധോണിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പുറത്താകാതെ നിന്ന ധോണി 61 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 56 റണ്‍സെടുത്തു. 82 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയില്‍ 72 റണ്‍സെടുത്ത കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. 

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ് ലിക്കും ധോണിക്കും പുറമെ കെഎല്‍ രാഹുല്‍ 48 റണ്‍സെടുത്തു. 38 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും സ്‌കോറിങിന് വേഗത കൂട്ടി. രോഹിത് ശര്‍മ (18), വിജയ്ശങ്കര്‍ (14), കേദാര്‍ ജാദവ് (ഏഴ്), മുഹമ്മദ് ഷമി (പൂജ്യം)എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെമര്‍ റോച്ചാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍, കോട്രല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. രോഹിതിന്റെയും കേദാര്‍ ജാദവിന്റെയും വിക്കറ്റുകള്‍ റിവ്യൂവിലൂടെയാണ് വിന്‍ഡീസ് നേടിയത്. 

ടീം നിലയുറപ്പിക്കും എന്നു തോന്നിപ്പിച്ച സമയത്താണ് കോഹ്‌ലി അനാവശ്യമായി പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച് പുറത്തായത്. മികച്ച രീതിയിലായിരുന്നു രോഹിതിന്റെ തുടക്കം എന്നാല്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 

ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസിന് ഈ മത്സരം ജയിച്ചേ തീരൂ. ആറ് കളികളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമാണ് വിന്‍ഡീസിന്റെ സമ്പാദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com