തീർന്നിട്ടില്ല, ഇനിയുമുണ്ട് കോഹ്‌ലി സ്ഥാപിച്ച റെക്കോർഡുകളുടെ വിശേഷങ്ങൾ

നായകനെന്ന നിലയിലുള്ള ശ്രദ്ധേയ പെരുമകളാണ് താരം സ്വന്തം പേരിൽ ചേർത്തത്
തീർന്നിട്ടില്ല, ഇനിയുമുണ്ട് കോഹ്‌ലി സ്ഥാപിച്ച റെക്കോർഡുകളുടെ വിശേഷങ്ങൾ

മാഞ്ചസ്റ്റര്‍: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ലോക റെക്കോർഡുകൾ സ്ഥാപിക്കുന്നതും തിരുത്തുന്നതും പുതുമയുള്ള കാര്യമേയല്ല. വെസ്റ്റിൻഡീസിനെതിരായ പോരാട്ടത്തിൽ ഏറ്റവും വേ​ഗത്തിൽ 20,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറേയും ബ്രയാൻ ലാറയേയും പിന്തള്ളി സ്വന്തമാക്കിയ കോഹ്‌ലി അതേ പോരിൽ മറ്റ് ചില റെക്കോർഡുകൾ കൂടി തിരുത്തുകയുണ്ടായി. നായകനെന്ന നിലയിലുള്ള ശ്രദ്ധേയ പെരുമകളാണ് താരം സ്വന്തം പേരിൽ ചേർത്തത്.

വെസ്റ്റിന്‍ഡീസിനെയും തോല്‍പ്പിച്ചതോടെ ലോകകപ്പിൽ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളാണ് ഇന്ത്യ പരാജയമറിയാതെ മുന്നേറിയത്. മത്സരത്തിൽ അർധ സെഞ്ച്വറി നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ച കോഹ്‌ലി നായകനെന്ന നിലയില്‍ ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യയെ തുടര്‍ച്ചയായി 10 ഏകദിനങ്ങളില്‍ വിജയിപ്പിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും കോഹ്‌ലി‌ സ്വന്തമാക്കി.

കൂടാതെ ലോകകപ്പില്‍ തുടര്‍ച്ചയായ നാല് തവണ അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് കോഹ്‌ലി. ഗ്രെയം സ്മിത്ത് (2007), ആരോണ്‍ ഫിഞ്ച് (2019) എന്നിവരാണ് കോഹ്‌ലിക്ക് മുൻപ് നേട്ടത്തിലെത്തിയവർ. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് തവണ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡും മത്സരത്തിൽ കോഹ്‌ലി നേടിയിരുന്നു. നവ്ജ്യോത് സിങ് സിദ്ദു (1987), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1996, 2003) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com