പിഎസ്ജി മടുത്തു ?; നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു

നെയ്മര്‍ മാത്രമല്ല, നിരവധി താരങ്ങള്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്
പിഎസ്ജി മടുത്തു ?; നെയ്മര്‍ വീണ്ടും കൂടുമാറ്റത്തിനൊരുങ്ങുന്നു

ക്യാമ്പ്‌നൗ : ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടും ടീം മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മ്മനില്‍ നിന്നും മാറാന്‍ സൂപ്പര്‍ താരം ആഗ്രഹിക്കുന്നതായാണ് സൂചന. പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മാറാനാണ് താരത്തിന് ആ​ഗ്രഹം. 

ഇത്തരം വാര്‍ത്ത ഞാനും കേട്ടു. എന്നാല്‍ കൂടുമാറ്റത്തിനായി ക്ലബ് ഇതുവരെ ഒരാളെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ബാഴ്‌സലോണ ടീം വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡോണര്‍ പറഞ്ഞു. നെയ്മര്‍ മാത്രമല്ല, നിരവധി താരങ്ങള്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ഒരാളെയും റിക്രൂട്ട് ചെയ്യാന്‍ ക്ലബ് തീരുമാനിച്ചിട്ടില്ല.

ഭാവിയില്‍ എന്ത് സംഭവിക്കുന്നു എന്ന് കാത്തിരുന്ന് കാണാം. എന്തായാലും നെയ്മര്‍ അടക്കം ഒരാളെയും ബന്ധപ്പെട്ടിട്ടില്ലെന്ന് കാര്‍ഡോണര്‍ പറഞ്ഞു. അതേസമയം നെയ്മറും ബാഴ്‌സ അധികൃതരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്. 

പാരീസ് സെന്റ് ജെര്‍മ്മന്‍, ബാഴ്‌സലോണ ക്ലബ് അധികൃതര്‍ ഇടനിലക്കാര്‍ മുഖേന നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ബ്രസീല്‍ താരത്തെ സ്വതന്ത്രനാക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകളുണ്ട്. നെയ്മറെ സ്വന്തമാക്കാന്‍ മുടക്കിയ തുക തിരികെ നല്‍കിയാല്‍ താരത്തെ വിട്ടുനല്‍കാമെന്ന് പിഎസ്ജി അറിയിച്ചതായാണ് സൂചന. ബാഴ്‌സയിലേക്ക് തിരിച്ചുവരാനായി, തന്റെ പ്രതിവര്‍ഷ പ്രതിഫലത്തില്‍ 12 ദശലക്ഷം യൂറോ കുറവ് ചെയ്യാമെന്ന് നെയ്മര്‍ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ടു വര്‍ഷം മുമ്പാണ് നെയ്മര്‍ 222 ദശലക്ഷം യൂറോയ്ക്ക് ( 252 ദശലക്ഷം ഡോളര്‍) ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജെര്‍മ്മനില്‍ ചേര്‍ന്നത്. 27 കാരനായ നെയ്മര്‍, ബാഴ്‌സയില്‍ നാലുവര്‍ഷം കളിച്ചിരുന്നു. ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും ഒപ്പം ബാഴ്‌സയ്ക്ക് 2015 ലെ ചാമ്പ്യന്‍സ് ലീഗ്, രണ്ട് ലാലിഗ കിരീടനേട്ടങ്ങളില്‍ നെയ്മര്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com