മൂന്ന് സ്ഥാനങ്ങൾ, ആറ് ടീമുകൾ; ലോകകപ്പ് സെമിയിലേക്കുള്ള വഴികൾ ഇങ്ങനെ; ടീം ഇന്ത്യക്ക് വേണ്ടത്?

സെമി ഫൈനൽ സീറ്റുറപ്പിച്ചത് ഓസ്ട്രേലിയ മാത്രം. അവശേഷിക്കുന്ന മൂന്ന് സെമി ഫൈനൽ സ്ഥാനങ്ങളിൽ സീറ്റ് ഉറപ്പിക്കാനായി കാത്ത് നിൽക്കുന്നത് ആറ് ടീമുകൾ
മൂന്ന് സ്ഥാനങ്ങൾ, ആറ് ടീമുകൾ; ലോകകപ്പ് സെമിയിലേക്കുള്ള വഴികൾ ഇങ്ങനെ; ടീം ഇന്ത്യക്ക് വേണ്ടത്?

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ​ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാന ഘട്ടത്തിലാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, അഫ്​ഗാനിസ്ഥാൻ ടീമുകൾ പുറത്തായി കഴിഞ്ഞു. സെമി ഫൈനൽ സീറ്റുറപ്പിച്ചത് ഓസ്ട്രേലിയ മാത്രം. അവശേഷിക്കുന്ന മൂന്ന് സെമി ഫൈനൽ സ്ഥാനങ്ങളിൽ സീറ്റ് ഉറപ്പിക്കാനായി കാത്ത് നിൽക്കുന്നത് ആറ് ടീമുകൾ. ഇന്ത്യ, ന്യൂസിലൻഡ്, ഇം​ഗ്ലണ്ട്, ശ്രീലങ്ക, ബം​ഗ്ലാദേശ്, പാകിസ്ഥാൻ ടീമുകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള പ്രതീക്ഷകളുമായി നിൽക്കുന്നത്. 

ഇന്ത്യക്ക് ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ വേണ്ടത് ഒരു ജയം മാത്രമാണ്. എല്ലാ മത്സരങ്ങളും വിജയിച്ച് നിൽക്കുന്ന ഏക ടീമാണ് ഇന്ത്യ. ഇനിയുള്ള മൂന്നും തോറ്റാലും സെമി സാധ്യതയുണ്ട്. അതുപക്ഷേ ബം​ഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകൾ ഇനിയുള്ള ഒരു മത്സരത്തിൽ എങ്കിലും തോറ്റാലാണ് നിലവിലെ അഞ്ച് ജയം കൊണ്ടു തന്നെ ഇന്ത്യക്ക് സെമി കളിക്കാൻ അവസരം ലഭിക്കുന്നത്.

ന്യൂസിലൻഡ് ഇനി ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുമായാണ് കളിക്കേണ്ടത്. ഇതിൽ ഒരെണ്ണം ജയിച്ചാൽ സെമി ഉറപ്പിക്കാം. രണ്ട് കളിയും തോറ്റാലും സാധ്യതയുണ്ട്. അതിന് ബം​ഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് ടീമുകൾ ഒരു മത്സരം തോറ്റാൽ മതി.

ഇംഗ്ലണ്ടിന് ഇന്ത്യ, ന്യൂസിലൻഡ് ടീമുകളുമായി ഇനി മത്സരം ബാക്കിയുണ്ട്. ഇത് രണ്ടും ജയിച്ചാൽ ആതിഥേയർക്ക് സെമി ഉറപ്പ്. ജയിക്കുന്നത് ഒരു മത്സരത്തിൽ ആണെങ്കിൽ ബം​ഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾ ഒരു മത്സരത്തിൽ തോൽക്കുക കൂടി വേണം. ഉയർന്ന നെറ്റ് റൺറേറ്റ് ഇം​ഗ്ലണ്ടിന് അധിക ആനുകൂല്യം നൽകുന്നുണ്ട്. 

ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഇന്ത്യ ടീമുകൾക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങൾ. മൂന്നും ജയിക്കുന്നതിനൊപ്പം ഇംഗ്ലണ്ട് ഒരു കളിയിൽ തോൽക്കുകയും ചെയ്താൽ സെമി പ്രതീക്ഷയുണ്ട്. അല്ലെങ്കിൽ ന്യൂസിലൻഡ്, ഇന്ത്യ ടീമുകൾ ഇനിയുള്ള എല്ലാ കളിയും തോൽക്കണം.

ബം​ഗ്ലാദേശിന് ഇന്ത്യ, പാകിസ്ഥാൻ ടീമുകൾക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങൾ. എന്നാൽ രണ്ടും ജയിച്ചാൽപ്പോലും സെമി ഉറപ്പിക്കാൻ കഴിയില്ല. അതേസമയം ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകൾ ഓരോ മത്സരം തോറ്റാൽ സെമിയിലെത്താം. ഇന്ത്യ, ന്യൂസിലൻഡ് ടീമുകൾ ഇനിയുള്ള എല്ലാ മത്സരങ്ങളും തോറ്റാലും ബം​ഗ്ലാദേശിന് നേരിയ പ്രതീക്ഷയ്ക്ക് വകുപ്പുണ്ട്. 

പാകിസ്ഥാന് ഇനിയുള്ള മത്സരങ്ങൾ ബം​ഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരെ. ഇത് രണ്ടും മികച്ച റൺ നിരക്കിൽ ജയിക്കണം. അതോടൊപ്പം ഇംഗ്ലണ്ടും ശ്രീലങ്കയും ഇനിയുള്ള ഒരു കളിയിൽ തോൽക്കുക കൂടി ചെയ്താൽ പാകിസ്ഥാനും സെമി ബർത്ത് ഉറപ്പിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com