പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഒത്തുകളിക്കും; ആരോപണവുമായി മറ്റൊരു മുന്‍ താരം കൂടി

പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ ഒത്തുകളിക്കുമെന്ന ആരോപണമുയര്‍ത്തി മറ്റൊരു മുന്‍ പാകിസ്ഥാന്‍ താരം കൂടി രംഗത്ത്
പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഒത്തുകളിക്കും; ആരോപണവുമായി മറ്റൊരു മുന്‍ താരം കൂടി

ന്യൂഡല്‍ഹി: പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ ഒത്തുകളിക്കുമെന്ന ആരോപണമുയര്‍ത്തി മറ്റൊരു മുന്‍ പാകിസ്ഥാന്‍ താരം കൂടി രംഗത്ത്. സിക്കന്ദര്‍ ബക്താണ് ആരോപണമുന്നയിച്ചത്. ഒരു ടിവി ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് മുന്‍ താരം ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. നേരത്തെ മുന്‍ താരമായ ബാസിത് അലിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. 

സെമിയുടെ തൊട്ടരികില്‍ നില്‍ക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ തങ്ങളുടെ അടുത്ത രണ്ട് കളികളില്‍ ഒന്നില്‍ മനപ്പൂര്‍വം തോല്‍ക്കുമെന്നും ഇതുവഴി പാകിസ്ഥാന്റെ സെമി പ്രവേശം തടയുമെന്ന വിചിത്ര വാദമാണ് സിക്കന്ദര്‍ പറയുന്നത്. സിക്കന്ദര്‍ ആരോപണം ഉന്നയിക്കുന്ന ടിവി ചര്‍ച്ചയുടെ ഭാഗം പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കിട്ടിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി 26 ടെസ്റ്റുകളും 27 ഏകദിനം കളിച്ച താരമാണ് സിക്കന്ദര്‍.

നേരത്തെ ബാസിത് അലിയും സമാന രീതിയിലുള്ള അഭിപ്രായമാണ് പറഞ്ഞത്. പാകിസ്ഥാനെ സെമിയില്‍ കിട്ടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യ മോശമായി കളിക്കുമെന്ന ആരോപണമാണ് ബാസിത് അലി ഉന്നയിച്ചത്. 

ഇന്ത്യയോട് 89 റണ്‍സിന് പരാജയപ്പെട്ട ശേഷം ശക്തമായി തിരിച്ചെത്താന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളെ കീഴടക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇതോടെ സെമി പ്രവേശവും അവര്‍ സ്വപ്‌നം കണ്ടുതുടങ്ങി. നാളെ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെടുകയാണെങ്കില്‍ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് മുന്‍ പാക് താരങ്ങളുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com