ഹിറ്റ്മാന് സെഞ്ച്വറി; 200 കടന്ന് ഇന്ത്യ വിജയത്തിനായി പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു
ഹിറ്റ്മാന് സെഞ്ച്വറി; 200 കടന്ന് ഇന്ത്യ വിജയത്തിനായി പൊരുതുന്നു

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു. 338 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 36 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയിലാണ്. 13 ഓവറും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് വിജയത്തിലേക്ക് 134 റണ്‍സ് കൂടി വേണം. 27 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.  

ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറി കണ്ടെത്തിയ ഓപണര്‍ രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടേയും ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായത്. 109 പന്തുകള്‍ നേരിട്ട് രോഹിത് 15 ബൗണ്ടറികള്‍ സഹിതം 102 റണ്‍സുമായി പുറത്തായി. 

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ഓപണര്‍ കെഎല്‍ രാഹുല്‍ സംപൂജ്യനായി കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രോഹിതുമായി ചേര്‍ന്ന് ഇന്ത്യയെ ട്രാക്കിലാക്കുകയായിരുന്നു. 76 പന്തില്‍ 66 റണ്‍സുമായി കോഹ്‌ലി പുറത്തായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ഈ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ചാല്‍ ലോകകപ്പ് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇത് മാറും. ഒരു ലോകകപ്പ് പോരാട്ടത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നതിന്റെ റെക്കോര്‍ഡ് നിലവില്‍ അയര്‍ലന്‍ഡിന്റെ പേരിലാണ്. 2011ല്‍ ഇംഗ്ലണ്ടിനെതിരെ 329 റണ്‍സെടുത്ത് വിജയിച്ചതാണ് റെക്കോര്‍ഡ്. ആ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

ഓപണര്‍ ജോണി ബയര്‍സ്‌റ്റോയുടെ സെഞ്ച്വറിയും ജാസന്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്ക് മാറി തിരിച്ചെത്തിയ ജാസന്‍ റോയിയും ജോണി ബയര്‍സ്‌റ്റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 160 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ക്യാച്ചിലൂടെ റോയിയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 57 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 66 റണ്‍സെടുത്താണ് റോയ് മടങ്ങിയത്. 

രണ്ടാമനായി ക്രീസിലെത്തിയ ജോ റൂട്ട് ബയര്‍സ്‌റ്റോയെ പിന്തുണച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ കുതിച്ചു. അതിനിടെ ബയര്‍സ്‌റ്റോ സെഞ്ച്വറിയും തികച്ചു. സ്‌കോര്‍ 205ല്‍ നില്‍ക്കേ ബയര്‍സ്‌റ്റോയെ മുഹമ്മദ് ഷമി മടക്കി. ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഇംഗ്ലീഷ് ഓപണറുടെ മടക്കം. 109 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും പത്ത് ഫോറും സഹിതം 111 റണ്‍സെടുത്താണ് ബയര്‍സ്‌റ്റോയുടെ മടക്കം. 

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന് അല്‍പ്പായുസായിരുന്നു. ഒറ്റ റണ്ണുമായി നായകന്‍ കൂടാരം കയറി. മോര്‍ഗന്റേയും വിക്കറ്റ് ഷമി സ്വന്തമാക്കി. 

അഞ്ചാമനായി ക്രീസിലെത്തിയ ബെന്‍ സ്‌റ്റോക്‌സിന്റെ മിന്നല്‍ ബാറ്റിങാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തിയത്. ജോ റൂട്ടിനൊപ്പം നാലാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സ്റ്റോക്‌സിനായി. സ്‌കോര്‍ 277ല്‍ നില്‍ക്കേ റൂട്ടിനെ ഷമി ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. 54 പന്തില്‍ 44 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്. പിന്നാലെയെത്തിയ ജോസ് ബട്‌ലര്‍ എട്ട് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം കൂറ്റനടികളുമായി തുടങ്ങിയെങ്കിലും 20 റണ്‍സെടുത്ത് താരവും മടങ്ങി. സ്വന്തം പന്തില്‍ പിടിച്ച് ഷമിയാണ് ബട്‌ലറെ മടങ്ങിയത്. തൊട്ടുപിന്നാലെ ഏഴ് റണ്‍സെടുത്ത ക്രിസ് വോക്‌സിനെയും ഷമി മടക്കി. 

അവസാന ഓവറിന്റെ നാലാം പന്തിലാണ് സ്റ്റോക്‌സ് മടങ്ങിയത്. 54 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും ആറ് ഫോറും സഹിതം സ്‌റ്റോക്‌സ് 79 റണ്‍സ് കണ്ടെത്തി. ബുംറയുടെ പന്തില്‍ ജഡേജ പിടിച്ചാണ് സ്റ്റോക്‌സിന്റെ മടക്കി. ഒരു റണ്ണുമായി പ്ലങ്കറ്റും റണ്ണൊന്നുമില്ലാതെ ജോഫ്രെ ആര്‍ച്ചറും പുറത്താകാതെ നിന്നു. 

ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരില്‍ ബുറയൊഴികെയുള്ളവര്‍ ആറിലധികം റണ്‍സ് വഴങ്ങി. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയാണ് മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി ബുംറ ഒരു വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് 10 ഓവറില്‍ 72 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവും ഒരു വിക്കറ്റെടുത്തു. യുസ്‌വേന്ദ്ര ചഹല്‍ 10 ഓവറില്‍ 88 റണ്‍സാണ് വഴങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com