തിമിര്‍ത്തടിച്ച് ധോണിയും ജാദവും; ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 

ബൗളര്‍മാര്‍ കളംവാഴ്ന്ന ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം
തിമിര്‍ത്തടിച്ച് ധോണിയും ജാദവും; ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 

ഹൈദരാബാദ്: ബൗളര്‍മാര്‍ കളംവാഴ്ന്ന ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റുകള്‍ അവശേഷിക്കേ ഇന്ത്യ മറികടന്നു. നിശ്ചിത 50 ഓവറിന് 10 പന്തുകള്‍ ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം. പുറത്താകാതെ അര്‍ധ സെഞ്ചുറികള്‍ കുറിച്ച എംഎസ് ധോണിയും കേദാര്‍ ജാദവുമാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ധോണി 59 റണ്‍സ് നേടിയപ്പോള്‍, 87 പന്തില്‍ 81 റണ്‍സ് നേടി കേദാര്‍ ജാദവ് ഓസീസ് ബൗളര്‍മാരെ കണക്കറ്റ് ശിക്ഷിച്ചു. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (45 പന്തില്‍ 44), രോഹിത് ശര്‍മ (66 പന്തില്‍ 37), അമ്പാട്ടി റായുഡു (19 പന്തില്‍ 13) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ മാക്‌സ്‌വെല്ലിനു ക്യാച്ച് സമ്മാനിച്ചാണ് ധവാന്‍ പുറത്തായത്. നേഥന്‍ കോള്‍ട്ടര്‍നീലിനാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മ - വിരാട് കോഹ്‌ലി സഖ്യമാണ് പിന്നീട് ഇന്ത്യയെ കരകയറ്റിയത്. എന്നാല്‍, സ്‌കോര്‍ 80ല്‍ നില്‍ക്കെ കോഹ്‌ലിയെ ആദം സാംപ എല്‍ബിയില്‍ കുരുക്കി. 45 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്തായിരുന്നു കോഹ്‌ലിയുടെ മടക്കം. തുടര്‍ന്നായിരുന്നു കേദര്‍ ജാദവിയും ധോണിയും ക്രീസില്‍ ഒന്നിച്ചത്.

പതിവിലധികം ശാന്തതയോടെ ക്രീസില്‍ നിലയുറപ്പിച്ച രോഹിത് ശര്‍മയുടേതായിരുന്നു അടുത്ത ഊഴം. സ്‌കോര്‍ 95ല്‍ നില്‍ക്കെ നേഥന്‍ കോള്‍ട്ടര്‍നീലിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ചിനു ക്യാച്ച് സമ്മാനിച്ച് പുറത്താകുമ്പോള്‍ 66 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 37 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. സ്‌കോര്‍ 99ല്‍ നില്‍ക്കെ അമ്പാട്ടി റായുഡുവിനെ ആദം സാംപ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു. 19 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 13 റണ്‍സെടുത്താണ് റായുഡു മടങ്ങിയത്.

നേരത്തെ, മുറുക്കമുള്ള ബോളിങ്ങിലൂടെ ഇന്ത്യ കളം പിടിച്ചതോടെ, ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറി കുറിച്ച ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് അവരുടെ ടോപ് സ്‌കോറര്‍. 76 പന്തുകള്‍ നേരിട്ട ഖവാജ, അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ രണ്ടും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (53 പന്തില്‍ 37), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (30 പന്തില്‍ 19), ഗ്ലെന്‍ മാക്‌സ്!വെല്‍ (51 പന്തില്‍ 40), ആഷ്ടണ്‍ ടേണര്‍ (23 പന്തില്‍ 21), അലക്‌സ് കാറെ (37 പന്തില്‍ പുറത്താകാതെ 36), നേഥന്‍ കോള്‍ട്ടര്‍നീല്‍ (27 പന്തില്‍ 28) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (പൂജ്യം) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.  10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയാണ് ഷമി രണ്ടു വിക്കറ്റെടുത്തത്. ബുമ്രയും രണ്ടു വിക്കറ്റെടുത്തെങ്കിലും 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. കുല്‍ദീപ് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് പിഴുതത്. 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജയുടെ പ്രകടനവും ശ്രദ്ധേയമായി.ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com