ടെന്‍ഷനോ, നെവര്‍ മൈന്‍ഡ്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എല്ലാം പുല്ലാണ്!

വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും കരുത്തനായ മനോനിലയുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് പഠനത്തില്‍ പറയുന്നു
ടെന്‍ഷനോ, നെവര്‍ മൈന്‍ഡ്; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എല്ലാം പുല്ലാണ്!

ഫുട്‌ബോളിലെ കഠിനാധ്വാനത്തിന്റേയും ആത്മാര്‍പ്പണത്തിന്റേയും പേരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമിനായി നൂറ് ശതമാനം സമര്‍പ്പിക്കുന്ന താരം തന്റെ കളിയുടെ നിലവാരം എപ്പോഴും ഉയര്‍ന്ന തലത്തില്‍ തന്നെ നിര്‍ത്താനും ശ്രമിക്കുന്നു. ദീര്‍ഘകാലം റയല്‍ മാഡ്രിഡിനൊപ്പം കളിച്ച താരം ഈ സീസണിലാണ് ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ യുവന്റസിന്റെ പാളയത്തിലെത്തിയത്. അവിടെയും തന്റെ നിലവാരം താഴാതെ നിലനിര്‍ത്തിയാണ് ക്രിസ്റ്റ്യാനോ മുന്നേറുന്നത്. 

കളിക്കളത്തിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ പ്രകടനങ്ങളും ശാസ്ത്ര ലോകത്തിനും എക്കാലത്തും ഇഷ്ട വിഷയമാണ്. താരത്തിന്റെ കളിയെക്കുറിച്ചും ഫുട്‌ബോളിനോടുള്ള സമീപനം സംബന്ധിച്ചും നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അത്തരമൊരു പഠനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഹോളണ്ട്, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന എസ്‌സിഐ സ്‌പോര്‍ട്‌സ് എന്ന അനലിറ്റിക്‌സ് കമ്പനിയാണ് പഠനത്തിന് പിന്നില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനോനില സംബന്ധിച്ചാണ് ഇവരുടെ പഠനം. 

വര്‍ത്തമാന ഫുട്‌ബോളിലെ ഏറ്റവും കരുത്തനായ മനോനിലയുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് പഠനത്തില്‍ പറയുന്നു. സമ്മര്‍ദങ്ങളെ പതറാതെ നേരിടാന്‍ താരത്തിന് അനായാസം സാധിക്കുന്നു. താരം കളിച്ച 7,000 മിനുട്ടുകളുടെ ഡാറ്റകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. കളത്തില്‍ 90 മിനുട്ടും ഏത് പ്രതിസന്ധിയേയും മറികടക്കാമെന്ന മനോ വിചാരത്തോടെ റൊണാള്‍ഡോ കളിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യുറോയാണ് ഇക്കാര്യത്തില്‍ ക്രിസ്റ്റിയാനോയ്ക്ക് തൊട്ടുപിന്നിലുള്ള താരം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അഗ്യുറെ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ള താരമാണെന്ന് പഠനത്തില്‍ പറയുന്നു. 

അതേസമയം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഇക്കാര്യത്തില്‍ പിന്നിലാണ്. പ്രതിസന്ധി ഘട്ടത്തില്‍ നെയ്മര്‍ നടത്തുന്ന നീക്കങ്ങള്‍ ഒട്ടും ഫലപ്രദമല്ല. സമാന മാനസികാവസ്ഥ തന്നെയാണ് ചെല്‍സിയുടെ ഈഡന്‍ ഹസാദിനുമെന്നും പഠനത്തിലുണ്ട്. 

ബേസ്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും കളിക്കുന്ന താരങ്ങളുടെ കളത്തിലെ മനോനില സംബന്ധിച്ച് ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോളില്‍ ഇത്തരമൊരു ആഴത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് ഗവേഷകര്‍ കൂ്ട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com