പത്ത് വര്‍ഷം മുന്‍പത്തെ ഞായറാഴ്ച; അതേ തീവ്രവാദത്തില്‍പ്പെട്ട് ഇപ്പോഴും ഉഴലുന്ന പാക് ക്രിക്കറ്റ്‌

പത്ത് വര്‍ഷം മുന്‍പുള്ള ഞായറാഴ്ച...അന്നും പാകിസ്ഥാന് മേലുള്ള തീവ്രവാദ കറ കണ്ട് ഞെട്ടി നില്‍ക്കുകയായിരുന്നു ലോകം
പത്ത് വര്‍ഷം മുന്‍പത്തെ ഞായറാഴ്ച; അതേ തീവ്രവാദത്തില്‍പ്പെട്ട് ഇപ്പോഴും ഉഴലുന്ന പാക് ക്രിക്കറ്റ്‌

മാര്‍ച്ച് മൂന്ന് 2009, പത്ത് വര്‍ഷം മുന്‍പുള്ള ഞായറാഴ്ച...അന്നും പാകിസ്ഥാന് മേലുള്ള തീവ്രവാദ കറ കണ്ട് ഞെട്ടി നില്‍ക്കുകയായിരുന്നു ലോകം. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ലാഹോറില്‍ ആക്രമണത്തിന് ഇരയായിട്ട് പത്ത് വര്‍ഷം. പാകിസ്ഥാനെ ലോക കപ്പില്‍ നിന്നും വിലക്കണം എന്ന മുറവിളി ഉയര്‍ന്നു നില്‍ക്കുകയാണ് പത്ത് വര്‍ഷത്തിന് ഇപ്പുറം.

ആരെങ്കിലും ആ സംഭവത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ഒര്‍മിപ്പിക്കരുത് എന്ന് അപേക്ഷിക്കുകയാണ് താന്‍ ചെയ്യാറ് എന്നാണ് അമ്പയര്‍ റാസ പറയുന്നത്. ശ്രീലങ്ക-പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ റിസര്‍വ് അമ്പയറായിരുന്നു റാസ. ശ്വാസകോശത്തിലും നെഞ്ചിലും അദ്ദേഹത്തിന് വെടിയേറ്റു. കോമയില്‍ നിന്നും ഉണര്‍ന്നുവെങ്കിലും ആറ് മാസം വേണ്ടി വന്നു അദ്ദേഹത്തിന് നടന്നു തുടങ്ങുവാന്‍. 

എന്റെ മുറിവുകള്‍ ഉണങ്ങി, പക്ഷേ ആ ഭയാനകമായ നിമിഷം എന്റെ ഓര്‍മയില്‍ നിന്നും മായില്ലെന്ന് റാസ പറയുന്നു. ഗദ്ദാഫി സ്റ്റേഡിയത്തിലേക്കുള്ള യാത്രമധ്യേയുണ്ടായ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ശേഷം യുഎഇ പാകിസ്ഥാന്റെ ഹോം ഗ്രൗണ്ടായി. ഇതിലൂടെ 200 മില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടം പാകിസ്ഥാനുണ്ടായതായാണ് കണക്ക്. 

താര സമ്പന്നമായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ വേദി പോലും പാകിസ്ഥാനിലേക്ക് പൂര്‍ണമായും മാറ്റുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, 2015ലാണ് പാകിസ്ഥാന്‍ പിന്നെയൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. സിംബാബ്വെയായിരുന്നു ആദ്യം പാകിസ്ഥാനിലേക്ക് എത്തിയത്. 

2017 മാര്‍ച്ചില്‍ പിഎസ്എല്ലിന്റെ ഫൈനല്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്നിരുന്നു. ലോക ഇലവന്റെ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ക്കും പാകിസ്ഥാന്‍ വേദിയായി. 2017ല്‍ ശ്രീലങ്കന്‍ ടീം ട്വന്റി20 കളിക്കുവാന്‍ പാകിസ്ഥാനില്‍ എത്തിയതായിരുന്നു 2009ലെ ഭീകരാക്രമണത്തിന് ശേഷമുള്ള പ്രധാനപ്പെട്ട കളി. 

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് കറാച്ചിയില്‍ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ കളിച്ചു. എട്ട് പിഎസ്എല്‍ മത്സരങ്ങള്‍ക്കും കറാച്ചി വേദിയായി. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ സൈനീക നീക്കത്തിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും പാകിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടക്കുമെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com