കോഹ് ലിയെ വീഴ്ത്താന്‍ സഹായിച്ചത് ഇന്ത്യക്കാരന്‍ തന്ന; ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടറെന്ന് സാംമ്പ

കോഹ് ലിയെ വീഴ്ത്താന്‍ സഹായിച്ചത് ഇന്ത്യക്കാരന്‍ തന്ന; ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടറെന്ന് സാംമ്പ

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാട് കോഹ് ലിയെ ഇതുവരെ പുറത്താക്കിയത് ഓസ്‌ട്രേലിയന്‍ ബൗളര്‍ ആദം സാംമ്പ മാത്രമാണ്‌. ആദ്യ ട്വന്റി20യില്‍ 24 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയെ പുറത്താക്കിയ സാംമ്പ, ആദ്യ ഏകദിനത്തില്‍ 44 റണ്‍സ് എടുത്ത് നില്‍ക്കെ ഇന്ത്യന്‍ നായകനെ പവലിയനിലേക്ക് മടക്കി. ഇങ്ങനെ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ തന്നെ സഹായിച്ചത് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ആണെന്നാണ് സാംമ്പ പറയുന്നത്. 

ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടറും, ഇപ്പോഴത്തെ ഓസ്‌ട്രേലിയയുടെ സ്പിന്‍ പരിശീലകനുമായ ശ്രീധരന്‍ ശ്രീറാം ആണ് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താനുള്ള തന്ത്രം ഓസീസ് ലെഗ് സ്പിന്നര്‍ക്ക് പറഞ്ഞു കൊടുത്തത്. സൈഡ് സ്പിന്നും, സ്ലൈഡേഴ്‌സുമാണ് നെറ്റ്‌സില്‍ ഞാന്‍ കോഹ് ലിക്ക് വേണ്ടി പരീക്ഷിച്ചതെന്ന് സാംമ്പ പറയുന്നു. 

അത് പിറ്റേന്ന് ഞാന്‍ കളിക്കളത്തില്‍ പ്രയോഗിച്ചപ്പോള്‍ കോഹ് ലിയുടെ വിക്കറ്റ് ലഭിച്ചു. ശ്രീറാമിനെ ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ച് നന്നായി അറിയാം. അദ്ദേഹത്തിന്റെ നിര്‍ദേശത്തില്‍ നിന്നാണ് ബൗളിങ്ങില്‍ ഞാന്‍ അങ്ങിനെയൊരു മാറ്റം കൊണ്ടുവന്നത്. മാത്രമല്ല, ടീം മീറ്റിങ്ങുകളില്‍ കോഹ് ലിയെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ സമയം എടുത്ത് ചര്‍ച്ച ചെയ്യാറുണ്ടെന്നും സാംമ്പ പറയുന്നു. 

കോഹ് ലിയും സാംമ്പയും നേര്‍ക്കുനേര്‍ വന്നത് 13 വട്ടമാണ്. അതില്‍ നാല് വട്ടം കോഹ് ലിയെ സാംമ്പ പുറത്താക്കി. അവരുടെ ശക്തി കേന്ദ്രങ്ങള്‍ക്ക് അനുസരിച്ച് ബൗള്‍ ചെയ്ത് കൊടുക്കാതിരിക്കുകയാണ് വേണ്ടത്. ലൈനില്‍ നിന്നും മാറി ഞാന്‍ എറിയുമ്പോള്‍ കോഹ് ലിയും, ജാദവുമെല്ലാം അത് ഉപയോഗപ്പെടുത്തി. അതിന് അവസരം നല്‍കാതിരുന്നാണ് താന്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയതെന്നും സാംമ്പ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com