ശതകത്തിനരികെ നായകൻ; 200 കടന്ന് ഇന്ത്യൻ സ്കോർ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തിൽ ഇന്ത്യൻ സ്കോർ 200 കടന്നു
ശതകത്തിനരികെ നായകൻ; 200 കടന്ന് ഇന്ത്യൻ സ്കോർ

നാ​ഗ്പുർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തിൽ ഇന്ത്യൻ സ്കോർ 200 കടന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. 101 പന്തിൽ 92 റൺസുമായി കോഹ്‌ലി പുറത്താകാതെ നിൽക്കുന്നു. ജഡേജ 11 റൺസുമായി ഒപ്പമുണ്ട്.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും മടക്കിയാണ് സന്ദര്‍ശകര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. പിന്നീട് ഒരറ്റത്ത് നായകൻ വിരാട് കോഹ്‌ലി നങ്കൂരമിട്ടതാണ് ഇന്ത്യക്ക് തുണയായത്. നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായിഡു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി. 18 റൺസായിരുന്നു റായിഡുവിന്റെ സമ്പാദ്യം. പിന്നീടെത്തിയ വിജയ് ശങ്കർ കോഹ്‌ലിയെ കട്ടയ്ക്ക് നിന്ന് സപ്പോർട്ട് ചെയ്തതോടെ ഇന്ത്യ ട്രാക്കിലായി. 

എന്നാൽ നിർഭാ​ഗ്യം വിജയ് ശങ്കറുടെ വിക്കറ്റെടുത്തു. കന്നി ഏകദിന അർധ സെഞ്ച്വറിക്ക് തൊട്ടരികെയാണ് പുറത്തായത്. 41 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം 46 റൺസെടുത്ത ശങ്കർ റണ്ണൗട്ടാവുകയായിരുന്നു. ആദം സാമ്പയുടെ പന്തിൽ കോഹ്‍ലിയുടെ സ്ട്രെയ്റ്റ് ഡ്രൈവ് ബൗളറുടെ കൈയിൽ തട്ടി സ്റ്റംപിളക്കുമ്പോൾ ക്രീസിനു പുറത്തായിരുന്നു ശങ്കർ. മൂന്നിന് 75 റണ്‍സ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ കോഹ്‍ലി- വിഡയ് ശങ്കർ സഖ്യം കൂട്ടിച്ചേർത്ത 81 റൺസാണ് രക്ഷപ്പെടുത്തിയത്.

വിജയ് ശങ്കർ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ മൽസരത്തിലെ മിന്നും താരങ്ങളായ കേദാർ ജാദവ് (12 പന്തിൽ 11), മഹേന്ദ്ര സിങ് ധോണി (പൂജ്യം) എന്നിവർ തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ആറിന് 171 റൺസെന്ന നിലയിലായി ഇന്ത്യ. പിന്നീട് കോഹ്‍ലി ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ 200 കടത്തുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ കമിന്‍സ് കൂടാരം കയറ്റി. ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു. ഇന്ത്യയില്‍ ഒരു മത്സരത്തില്‍ ആദ്യമായിട്ടാണ്  രോഹിത് ഡക്കാവുന്നത്. 

കോഹ്‍ലിയും ധവാനും ചേര്‍ന്ന് റണ്‍സ് കണ്ടെത്തി മുന്നോട്ടു പോയെങ്കിലും എട്ടാം ഓവറില്‍ മാക്‌സ്വെല്‍ വില്ലനായി. 21 റണ്‍സ് എടുത്ത് നിന്ന് ധവാനെ മാക്‌സ്വെല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാഗ്പൂര്‍ പിച്ചിലെ ധോനിയുടെ മികവാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. നാല് ഇന്നിങ്‌സ് ധോനി ഇവിടെ കളിച്ചതില്‍ രണ്ട് വട്ടം സെഞ്ച്വറി പിറന്നിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബാറ്റ് ചെയ്യുന്ന ടീം വിയര്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാന്‍ എത്തിയതിന് പിന്നാലെ ഇന്ത്യയുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞിരുന്നു. ഓപണിങ്ങില്‍ ഇന്ത്യയ്ക്ക് തലവേദന തീര്‍ത്താണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ പോക്ക്. 33 ശതമാനം മാത്രമാണ് 2019ലെ ഇന്ത്യന്‍ ഓപണിങ് ജോഡിയുടെ ശരാശരി. തുടര്‍ന്നും ഇവര്‍ പരാജയപ്പെട്ടാല്‍ രാഹുലിനെ ഇന്ത്യ ഓപണിങ്ങില്‍ പരീക്ഷിച്ചേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com