കളിച്ചത് മതി, നിങ്ങൾക്ക് മടങ്ങാം, ഇനി പ്രതീക്ഷ വേണ്ട; സുവർണ തലമുറയിലെ ആ മൂന്ന് പേരോട് ജോക്വിം ലോ പറഞ്ഞു

ലോകകപ്പിലെയും അതിനു ശേഷമുള്ള മത്സരങ്ങളിലെയും തുടര്‍ച്ചയായുള്ള തോല്‍വികള്‍ക്കു ശേഷം ടീം അടിമുടി അഴിച്ചുപണിയാന്‍ ഒരുങ്ങുകയാണ് കോച്ച് ജോക്വിം ലോ
കളിച്ചത് മതി, നിങ്ങൾക്ക് മടങ്ങാം, ഇനി പ്രതീക്ഷ വേണ്ട; സുവർണ തലമുറയിലെ ആ മൂന്ന് പേരോട് ജോക്വിം ലോ പറഞ്ഞു

മ്യൂണിക്ക്: 2018ലെ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ജർമൻ ഫുട്ബോൾ ടീമിന് പിന്നീട് നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലും നിരാശയായിരുന്നു ഫലങ്ങൾ. ഇപ്പോഴിതാ ലോകകപ്പിലെയും അതിനു ശേഷമുള്ള മത്സരങ്ങളിലെയും തുടര്‍ച്ചയായുള്ള തോല്‍വികള്‍ക്കു ശേഷം ടീം അടിമുടി അഴിച്ചുപണിയാന്‍ ഒരുങ്ങുകയാണ് കോച്ച് ജോക്വിം ലോ. തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ജര്‍മനി. 

ഇതിന്റെ ഭാഗമായി ടീമിന് 2014ലെ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മൂന്ന് മുതിര്‍ന്ന ബയേൺ മ്യൂണിക്ക് താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണ് കോച്ച്. ജെറോം ബോട്ടെങ്, മാറ്റ്‌സ് ഹമ്മല്‍സ്, തോമസ് മുള്ളര്‍ എന്നിവരെയാണ് ഒഴിവാക്കുന്നത്. ലോകകപ്പ് നേടിയ സുവർണ തലമുറയിൽപ്പെട്ട ഈ മൂന്ന് പേരും പോകുന്നതോടെ ടീമിന് പുതിയൊരു മുഖമാണ് വരുന്നത്. 

ദേശീയ ടീമിലേയ്ക്ക് ഇനി പരിഗണിക്കില്ലെന്ന് ലോ തന്നെ ഈ കളിക്കാരെ അറിയിച്ചിട്ടുണ്ട്. ജര്‍മന്‍ ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം 2019 പുതിയൊരു തുടക്കമായിരിക്കുമെന്ന് ലോ പറയുന്നു. മാര്‍ച്ച് 20ന് സെര്‍ബിയക്കെതിരേയാവും ഈ വര്‍ഷം ജര്‍മനി ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക.

ബൊട്ടെങ്ങിനും ഹമ്മല്‍സിനും 30 ഉം മുള്ളര്‍ക്ക് 29 ഉം വയസായി. മൂന്ന് താരങ്ങളും ചേര്‍ന്ന് ജര്‍മനിക്കു വേണ്ടി 246 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. മുള്ളര്‍ 100 മത്സരങ്ങളില്‍ നിന്ന് 38 ഉം ബോട്ടെങ് 76 മത്സരങ്ങളില്‍ നിന്ന് ഒന്നും ഹമ്മല്‍സ് 70 മത്സരങ്ങളില്‍ നിന്ന് അഞ്ചും ഗോളുകള്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലാണ് മൂവരും അവസാനമായി ജര്‍മന്‍ ജെഴ്‌സിയില്‍ ഒന്നിച്ചു കളിച്ചത്. ഈ മത്സരത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളില്‍ ജര്‍മനി തോല്‍ക്കുകയും ചെയ്തു. മൂന്ന് ദിവസനത്തിനു ശേഷം ഫ്രാന്‍സിനോടും ഒന്നിനെതിരേ രണ്ട് ഗോളിനും ജര്‍മനി തോറ്റു. മറ്റൊരു മത്സരത്തില്‍ ഹോളണ്ടിനോട് 2- 2 എന്ന സ്‌കോറില്‍ സമനില നേടിയതു മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് ആശ്വസം. മുള്ളറുടെ നൂറാമത്തെ മത്സരമായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com