'ബാഴ്‌സലോണ എന്നോട് പറഞ്ഞു, റയല്‍ മാഡ്രിഡിനെ പുറത്താക്കണമെന്ന്'- അയാക്‌സ് വണ്ടര്‍ കിഡ്

ഇതുപോലൊരു രാത്രി, ഇങ്ങനെയൊരു അട്ടിമറി ചാംപ്യന്‍സ് ലീഗില്‍ സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ല
'ബാഴ്‌സലോണ എന്നോട് പറഞ്ഞു, റയല്‍ മാഡ്രിഡിനെ പുറത്താക്കണമെന്ന്'- അയാക്‌സ് വണ്ടര്‍ കിഡ്

ആംസ്റ്റര്‍ഡാം: ഇതുപോലൊരു രാത്രി, ഇങ്ങനെയൊരു അട്ടിമറി ചാംപ്യന്‍സ് ലീഗില്‍ സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ല. സ്വന്തം മണ്ണില്‍ 1-2ന് ആദ്യ പാദം തോറ്റ ടീം രണ്ടാം പാദത്തില്‍ എതിരാളിയുടെ തട്ടകത്തില്‍ കയറി അവരെ 4-1ന് പഞ്ഞിക്കിട്ട് 5-3ന്റെ അഗ്രഗേറ്റില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുന്നു. ഫുട്‌ബോളില്‍ ഇത് സാധാരണമെന്ന് പറയാം. എന്നാല്‍ ടീമുകളുടെ പേര് കേള്‍ക്കുമ്പോഴാണ് ഈ മത്സരം അത്ഭുതം എന്ന് പറയാന്‍ സാധിക്കുന്നത്. 

ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത് ഡച്ച് ടീമായ അയാക്‌സ് ആംസ്റ്റര്‍ഡാമാണ്. പരാജയപ്പെടുത്തിയതാകട്ടെ നിലവിലെ ചാംപ്യന്‍മാരും തുടര്‍ച്ചയായി മൂന്ന് തവണ കിരീടം നേടുകയും ചെയ്ത യൂറോപ്പിലെ ഏറ്റവും വലിയ ശക്തിയായ സാക്ഷാല്‍ റയല്‍ മാഡ്രിഡിനെ. അതും അവരുടെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ വച്ച്.

ഈ സീസണില്‍ റയലിന് ഒരു കിരീടവുമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സ്വന്തം തട്ടകത്തില്‍ അവര്‍ ഏറ്റുവാങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വി കൂടിയാണിത്.  

അയാക്‌സിന്റെ കളിയുടെ അച്ചുതണ്ടായി നിന്നത് അത്ഭുത താരം 21കാരനായ ഫ്രങ്കി ഡി ജോങായിരുന്നു. അടുത്ത സീസണില്‍ ബാഴ്‌സലോണയ്ക്കായി പന്ത് തട്ടാനൊരുങ്ങുന്ന മധ്യനിര താരമാണ് ഫ്രങ്കി ഡി ജോങ്. റയലിനെതിരെ പോരാടി ജയിക്കാനുള്ള പ്രചോദനം ബാഴ്‌സലോണയാണെന്ന് ഈ ഡച്ച് വണ്ടര്‍ കിഡ് വ്യക്തമാക്കുന്നു. 

ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിടുന്ന സമയത്ത് അധികൃതര്‍ തന്നോട് സംസാരിച്ചിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് റയലിനെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് കളിച്ച് പരാജയപ്പെടുത്തി പുറത്താക്കണമെന്നായിരുന്നു. 

റയലിനെ പരാജയപ്പെടുത്തുന്നതില്‍ മധ്യനിരയില്‍ നിര്‍ണായക പങ്ക് വഹിച്ച് തന്റെ ഭാവി ക്ലബിന് നല്‍കിയ വാഗ്ദാനം പാലിച്ചതിന്റെ സന്തോഷത്തിലാണ് 21കാരന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com