വിജയ് ശങ്കര്‍, ഇന്ത്യയുടെ തലവേദനകള്‍ക്കെല്ലാം ഒറ്റ ഉത്തരം! റായിഡുവിനും പന്തിനുമുള്ള അപായ മണി 

അവസാന ഓവര്‍ വിജയ് ശങ്കറിന് നല്‍കിയ കോഹ് ലിയുടെ നീക്കത്തെ വിമര്‍ശിക്കുവാന്‍ ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ മുതിരുമ്പോഴേക്കും സ്‌റ്റൊയ്‌നിസിനെ ആ തമിഴ്‌നാട്ടുകാരന്‍ മടക്കിയിരുന്നു
വിജയ് ശങ്കര്‍, ഇന്ത്യയുടെ തലവേദനകള്‍ക്കെല്ലാം ഒറ്റ ഉത്തരം! റായിഡുവിനും പന്തിനുമുള്ള അപായ മണി 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മൂന്ന് ഓവര്‍ മാത്രമായിരുന്നു വിജയ് ശങ്കറിന് എറിയുവാന്‍ നല്‍കിയത്. മൂന്ന് ഓവറില്‍ വിട്ടുകൊടുത്തത് 22 റണ്‍സും. രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍ എന്നിവരില്‍ ഒരാളാവും ഇംഗ്ലണ്ടിലേക്ക് പറക്കുക എന്ന സൂചന വന്നപ്പോള്‍, ആദ്യ ഏകദിനത്തിന് ശേഷം വിജയ് ശങ്കറിന് വലിയ പ്രാധാന്യം നല്‍കിയില്ല പലരും. 

എന്നാല്‍ നാഗ്പൂരിലെ അവസാന ഓവര്‍ എല്ലാം മാറ്റിമറിച്ചു. അവസാന ഓവര്‍ വിജയ് ശങ്കറിന് നല്‍കിയ കോഹ് ലിയുടെ നീക്കത്തെ വിമര്‍ശിക്കുവാന്‍ ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍ മുതിരുമ്പോഴേക്കും സ്‌റ്റൊയ്‌നിസിനെ ആ തമിഴ്‌നാട്ടുകാരന്‍ മടക്കിയിരുന്നു. അവസാന ഓവറിലെ മൂന്നാം പന്തില്‍ മറ്റൊരു അത്ഭുതത്തിനും അവസരം നല്‍കാതെ സാംമ്പയെ ബൗള്‍ഡ് ആക്കി വിജയ് ശങ്കര്‍ തന്റെ തലവര തന്നെ മാറ്റി കഴിഞ്ഞു. 

സൗരവ് ഗാംഗുലിക്ക് ശേഷം ടോപ്, മധ്യനിരയില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച മികച്ച സീം ബൗളിങ് സാധ്യതയാണ് വിജയ് ശങ്കര്‍. വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ കളി ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ബാറ്റിങ് നിരയിലെ നാലാം നമ്പറിലെ ഇന്ത്യയെ അലട്ടിയിരുന്ന തലവേദനയ്ക്ക് ഉത്തരമാകും വിജയ് ശങ്കര്‍ എന്ന പ്രതീക്ഷയാണ് ഉയരുന്നത്. നാഗ്പൂരിലെ സ്പിന്നിനെതിരെ വലയുന്ന റായിഡുവിനെയാണ് കണ്ടത്. 

പന്ത് ടേണ്‍ ചെയ്യിക്കുന്നതില്‍ വലിയ മികവ് കാണിക്കാത്ത മാക്‌സ്വെല്ലിനെതിരെ പോലും പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു റായിഡു. ഈ സമയം നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ കോഹ് ലിയാവട്ടെ ഓരോ ബോളിലും റണ്‍സ് കണ്ടെത്തിക്കൊണ്ടിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന് ന്യൂസിലാന്‍ഡിനെതിരെ തകര്‍ന്ന് നില്‍ക്കുമ്പോള്‍ ചെറുത്ത് നിന്ന് വിജയ് ശങ്കര്‍ നല്‍കിയ പ്രതീക്ഷ നാഗ്പൂര്‍ ഏകദിനത്തോടെ വര്‍ധിക്കുകയാണ്. 

വിജയ് ശങ്കറിന്റെ ഫോം റായിഡുവിന് മാത്രമല്ല, റിഷഭ് പന്തിനുമുള്ള മുന്നറിയിപ്പാണ്. ബാറ്റിങ്ങിലെ വിജയിയുടെ ആത്മവിശ്വാസം നാഗ്പൂരില്‍ വ്യക്തമായി കണ്ടതാണ്. എന്നാല്‍ പന്ത് തനിക്ക് ലഭിച്ച അവസരങ്ങളില്‍ ഭൂരിഭാഗവും കളഞ്ഞു കുളിച്ചതാണ്. രണ്ടാം വിക്കറ്റ് കീപ്പറുടെ സാധ്യത ഇന്ത്യ പരിശോധിച്ചാല്‍ പന്തിന് പകരം രാഹുല്‍ മുന്നിലുണ്ട്. ബാക്ക് അപ്പ് ഓപ്പണറായും, ബാക്ക് അപ്പ് കീപ്പറായും രാഹുലിനെ പരിഗണിക്കാം. പന്തിന്റെ നില പരുങ്ങലിലാവുമെന്ന് വ്യക്തം. 

ആറ് ഓവര്‍ വരെയെങ്കിലും ടീമിനായി എറിയാന്‍ പാകത്തില്‍ വിജയ് മികവ് കാണിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം വിജയ് ശങ്കറിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം. ഹര്‍ദിക് കൂടി ടീമിലേക്ക് മടങ്ങി എത്തുമ്പോള്‍ റായിഡുവിന്റെ സ്ഥാനത്താകും വിജയ് സ്ഥാനം ഉറപ്പിക്കുക. ബൗളിങ് ഓപ്ഷന്‍ കൂടി വിജയ് മുന്നോട്ടു വയ്ക്കുമ്പോള്‍ ഫോമില്ലാത്ത റായിഡുവിനേക്കാള്‍ മുന്‍തൂക്കം വിജയ്ക്ക് കിട്ടുമെന്ന് വ്യക്തം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com