രണ്ടാം ട്വന്റി20യിലും ഇന്ത്യ പെണ്‍പട തോറ്റമ്പി; ഇംഗ്ലണ്ടിനോട് പരമ്പരയും കളഞ്ഞുകുളിച്ചു

സ്മൃതി മന്ദാനയുടെ ഫോമിന്റെ മികവില്‍ ജയിച്ചു കയറിയിരുന്ന ഇന്ത്യന്‍ സംഘം, ആ ഫോം മന്ദാനയ്ക്ക് നഷ്ടമായാല്‍ തകര്‍ന്നടിയും എന്ന് തെളിയിക്കുകയായിരുന്നു രണ്ടാം ട്വന്റി20യില്‍
രണ്ടാം ട്വന്റി20യിലും ഇന്ത്യ പെണ്‍പട തോറ്റമ്പി; ഇംഗ്ലണ്ടിനോട് പരമ്പരയും കളഞ്ഞുകുളിച്ചു

രണ്ടാം ട്വന്റി20യിലും ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യന്‍ വനിതകള്‍. ഗുവാഹട്ടി ട്വന്റി20യില്‍ അഞ്ച് വിക്കറ്റ് ജയം നേടി ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് ബോള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. 

64 റണ്‍സോടെ പുറത്താവാതെ ഒരറ്റത്ത് ഉറച്ചു നിന്ന ഇംഗ്ലണ്ടിന്റെ വ്യാട്ടാണ് ഇംഗ്ലണ്ടിന്റെ വിജയ ശില്‍പി. നാല് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ 56 റണ്‍സ് എന്ന നിലയിലേക്ക് ഒരുവേള ഇംഗ്ലണ്ട് വീണിരുന്നു. എന്നാല്‍ വ്യാട്ടിനൊപ്പം വിന്‍ഫീല്‍ഡ് ചേര്‍ന്ന് ഇംഗ്ലണ്ടിനെ വിജയ ലക്ഷ്യം തൊടിയിച്ചു. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ എക്ത ബിഷ്ട് രണ്ട് വിക്കറ്റും, ദീപ്തി ശര്‍മസ രാധാ യാദവ്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പക്ഷേ ചെറിയ സ്‌കോര്‍ പ്രതിരോധിക്കുവാന്‍ ബൗളര്‍മാര്‍ക്കായില്ല. ജയം അനിവാര്യമായിരുന്ന രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മന്ദാനയും ഹര്‍ലീനും ചേര്‍ന്ന് മികച്ച തുടക്കം നല്‍കുമെന്ന് തോന്നിച്ചു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ മന്ദാനയെ കൂടുതല്‍ അപകടം തീര്‍ക്കുവാന്‍ അനുവദിക്കാതെ ഇംഗ്ലണ്ട് മടക്കി.

27 പന്തില്‍ ഒരു ഫോറോടെ 20 റണ്‍സ് എടുത്ത മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി മന്ദാനയുടെ ഫോമിന്റെ മികവില്‍ ജയിച്ചു കയറിയിരുന്ന ഇന്ത്യന്‍ സംഘം, ആ ഫോം മന്ദാനയ്ക്ക് നഷ്ടമായാല്‍ തകര്‍ന്നടിയും എന്ന് തെളിയിക്കുകയായിരുന്നു രണ്ടാം ട്വന്റി20യില്‍. 

നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പറത്തിയാണ് മന്ദാന തുടങ്ങിയത്. നേരിട്ട അഞ്ച് പന്തില്‍ നിന്നും നേടിയ 12 റണ്‍സും പിറന്നത് രണ്ട് സിക്‌സില്‍ നിന്നും. പക്ഷേ മന്ദാനയെന്ന ഭീഷണിയെ അപ്പോള്‍ തന്നെ ഇംഗ്ലണ്ട് കടപുഴക്കി. 24 റണ്‍സിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് എത്തിയപ്പോള്‍ മന്ദാന മടങ്ങി. 34 റണ്‍സിലേക്ക് ടീം ടോട്ടല്‍ എത്തിയപ്പോള്‍ ജെമിമയും മടങ്ങി. ഒരു റണ്‍ പോലും സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ഹര്‍ലീനും കൂടാരം കയറി. 

മിതാലി രാജും ദീപ്തി ശര്‍മയും ചേര്‍ന്ന് തീര്‍ത്ത 35 റണ്‍സിന്റെ കൂട്ടുകെട്ടാണ് വലിയ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com