ബുംറയ്ക്ക് ലോട്ടറിയടിച്ചു; ഇനി കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഏഴ് കോടി ക്ലബില്‍

സമീപ കാലത്ത് ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ബിസിസിഐയുടെ അംഗീകാരം
ബുംറയ്ക്ക് ലോട്ടറിയടിച്ചു; ഇനി കോഹ്‌ലിക്കും രോഹിതിനുമൊപ്പം ഏഴ് കോടി ക്ലബില്‍

മുംബൈ: സമീപ കാലത്ത് ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ബിസിസിഐയുടെ അംഗീകാരം. കളിക്കാരുടെ വാര്‍ഷിക കോണ്‍ട്രാക്റ്റില്‍ താരത്തിന് എ പ്ലസ് കാറ്റഗറി. 2018 ഓക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയാണ് കരാറിന്റെ കാലാവധി. 

എ പ്ലസ് കാറ്റഗറിയിലേക്ക് എത്തിയതോടെ ബുംറയ്ക്ക് ഏഴ് കോടി രൂപയോളം പ്രതിഫലം ലഭിക്കും. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മാത്രമാണ് ഏഴ് കോടി പ്രതിഫലം വാങ്ങുന്ന രണ്ട് താരങ്ങള്‍. ഇവരുടെ നിരയിലേക്കാണ് യുവ പേസറും ഇപ്പോള്‍ എത്തിയിരിക്കുന്നത്. 

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് എ കാറ്റഗറിയാണ്. അഞ്ച് കോടിയാണ് പ്രതിഫലം. ധോണിയെ കൂടാതെ ആര്‍ അശ്വിന്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ് എന്നിവരാണ് എ കാറ്റഗറിയില്‍. 

മൂന്ന് കോടി പ്രതിഫലമുള്ള ബി കാറ്റഗറിയിലാണ് കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരുള്ളത്. കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, അമ്പാട്ടി റായിഡു, മനിഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമദ്, വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഒരു കോടി പ്രതിഫലമുള്ള സി കാറ്റഗറിയിലാണ്. 

വനിതാ താരങ്ങളില്‍ എ കാറ്റഗറി കോണ്‍ട്രാക്റ്റാണ് ഏറ്റവും ഉയര്‍ന്നത്. 50 ലക്ഷമാണ് പ്രതിഫലം. ഏകദിന ക്യാപ്റ്റന്‍ മിതാലി രാജ്, ടി20 ക്യാപ്റ്റന്‍ സ്മൃതി മന്ധന, ഹര്‍മന്‍പ്രീത് കൗര്‍, പൂനം യാദവ് എന്നിവരാണ് ഈ പട്ടികയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com