റാഞ്ചിയില്‍ ജയിക്കാന്‍ അടിച്ചു തകര്‍ക്കണം; ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയ ലക്ഷ്യം

ഉസ്മാന്‍ ഖവാജ ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിയും റാഞ്ചിയില്‍ നേടി. 113 പന്തില്‍ നിന്നും 11 ഫോറും ഒരു സിക്‌സും പറത്തി 104 റണ്‍സ് എടുത്താണ് ഖവാജ ക്രീസ് വിട്ടത്
റാഞ്ചിയില്‍ ജയിക്കാന്‍ അടിച്ചു തകര്‍ക്കണം; ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയ ലക്ഷ്യം

റാഞ്ചി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 314 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് എടുത്തു. 350ന് മുകളിലേക്ക് സ്‌കോര്‍  എത്തിക്കുന്നതില്‍ നിന്നും ഓസീസിനെ തടയാന്‍ ഇന്ത്യയ്ക്കായി. 

ഓപ്പണിങ്ങില്‍ 193 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഫിഞ്ച്-ഖവാജ സഖ്യം പിരിഞ്ഞതിന് ശേഷം വലിയ കൂട്ടുകെട്ടുകള്‍ ഓസീസ് ഇന്നിങ്‌സില്‍ അനുവദിക്കാതെയാണ് ഇന്ത്യ ഓസീസിന്റെ കുതിപ്പിന് തടയിട്ടത്. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ചിനെ സെഞ്ചുറിയിലേക്ക് എത്തുന്നതില്‍ നിന്നും തടഞ്ഞ് കുല്‍ദീപ്‌ ഇന്ത്യയ്ക്ക് ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന ബ്രേക്ക് നല്‍കിയത്. 

99 പന്തില്‍ നിന്നും 10 ഫോറും മൂന്ന് സിക്‌സും പറത്തി 93 റണ്‍സ് എടുത്ത ഫിഞ്ച് പുറത്തായതിന് പിന്നാലെ മാക്‌സ്വെല്ലിനെയാണ് ഓസീസ് ക്രീസിലേക്ക് ഇറക്കിയത്. മൂന്നാമനായി മാക്‌സ്വെല്‍ എത്തിയപ്പോള്‍ തന്നെ അടിച്ചു കളിക്കുകയാണ് ഓസീസ് ലക്ഷ്യമെന്ന് വ്യക്തമായിരുന്നു. മാക്‌സ്വെല്‍ തകര്‍ത്തടിച്ചുവെങ്കിലും ജഡേജ റണ്‍ഔട്ടിലൂടെ മാക്‌സ്വെല്ലിനെ മടക്കി. 31 പന്തില്‍ നിന്നും മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തിയായിരുന്നു മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്. 

ഉസ്മാന്‍ ഖവാജ ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിയും റാഞ്ചിയില്‍ നേടി. 113 പന്തില്‍ നിന്നും 11 ഫോറും ഒരു സിക്‌സും പറത്തി 104 റണ്‍സ് എടുത്താണ് ഖവാജ ക്രീസ് വിട്ടത്. ഷമി ഖവാജയെ ബൂമ്രയുടെ കൈകളില്‍ എത്തിച്ചു. അവസാന ഓവറുകളില്‍ സ്റ്റൊയ്‌നിസും, അലെക്‌സ് കെയ്‌റേയും ചേര്‍ന്ന് തീര്‍ത്ത 50 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസ് സ്‌കോര്‍ 300 കടത്തിയത്. 

ബൗളര്‍മാരില്‍ മുഹമ്മദ് ഷമിയാണ് ഭേദപ്പെട്ട കളി പുറത്തെടുത്തത്. 10 ഓവര്‍ ഷമി 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ബൂമ്ര പത്ത് ഓവറില്‍ 53 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജ പത്ത് ഓവറില്‍ വഴങ്ങിയത് 64 റണ്‍സ്. കുല്‍ദീപ് യാദവ് 64 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. എട്ട് ഓവര്‍ എറിഞ്ഞ വിജയ് ശങ്കര്‍ 44 റണ്‍സ് ആണ് വിട്ടുകൊടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com