നിരുത്തരവാദിത്വത്തോടെ എങ്ങനെ ബാറ്റ് ചെയ്യാം? ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ മതി;ഇംഗ്ലണ്ടിനോട് ഒരു റണ്‍സിന് തോറ്റു

കയ്യിലിരുന്ന കളി ഉത്തരവാദിത്വമില്ലാതെ എങ്ങനെ വലിച്ചെറിയാമെന്ന് കാണിച്ചു തരികയായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ
നിരുത്തരവാദിത്വത്തോടെ എങ്ങനെ ബാറ്റ് ചെയ്യാം? ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ മതി;ഇംഗ്ലണ്ടിനോട് ഒരു റണ്‍സിന് തോറ്റു

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. ബാറ്റ് ചെയ്തത് ഭാരതി ഫുല്‍മാലി. ആദ്യ മൂന്ന് പന്തും റണ്‍ എടുക്കാതെ കളഞ്ഞ്, നാലാം പന്തില്‍ ഭാരതി വിക്കറ്റ് നല്‍കി മടങ്ങി. ഓവറിലെ അഞ്ചാം പന്തില്‍ അനുജ പട്ടിലും നേരിട്ട ആദ്യ പന്തില്‍ തന്നെ ഔട്ട്. അവസാന പന്തില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് വേണ്ടിടത്ത് നേടിയത് ഒരു റണ്‍. കയ്യിലിരുന്ന കളി ഉത്തരവാദിത്വമില്ലാതെ എങ്ങനെ വലിച്ചെറിയാമെന്ന് കാണിച്ചു തരികയായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ മിതാലി രാജ് ഉള്ളപ്പോഴാണ് ഇതെന്നും ഓര്‍ക്കണം.

മൂന്നാം ട്വന്റി20യില്‍ ഇംഗ്ലണ്ടിന് ഒരു റണ്‍ ജയം. മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. നാല് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്നു 15ാം ഓവറില്‍ എങ്കിലും ജയം ഇന്ത്യയ്ക്ക് തൊട്ടരികില്‍ ഉണ്ടായിരുന്നു. അവസാന നിമിഷത്തിലെ ദീപ്തി ശര്‍മയുടെ റണ്‍ഔട്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 

120 എന്ന താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ മന്ദാനയിലൂടെ തന്നെയാണ് വിജയ ലക്ഷ്യത്തിലേക്ക് അടുത്തത്. 38 പന്തില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സും പറത്തി മന്ദാന 58 റണ്‍സ് നേടിയാണ് പുറത്തായത്. 30 റണ്‍സ് എടുത്ത മിതാലി രാജും ഇന്ത്യയെ ജയത്തിന് അരികിലേക്ക് എത്തിച്ചു. 

എന്നാല്‍ അവസാന ഓവറില്‍ ഇന്ത്യ കളി കളഞ്ഞുകുളിച്ചു. അനുജ പട്ടിലിന്റേയും പൂനം യാദവിന്റേയും ബൗളിങ് മികവാണ് ടോസ് നേടിയ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറില്‍ ഒതുക്കുവാന്‍ ഇന്ത്യയെ സഹായിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com