വീണ്ടും ഞെട്ടിക്കാനൊരുങ്ങി റയല്‍; 2750 കോടിയിലധികം തുകയ്ക്ക് സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ അണിയറ നീക്കങ്ങള്‍

റയല്‍ ഫുട്‌ബോള്‍ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിക്കാനൊരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
വീണ്ടും ഞെട്ടിക്കാനൊരുങ്ങി റയല്‍; 2750 കോടിയിലധികം തുകയ്ക്ക് സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ അണിയറ നീക്കങ്ങള്‍


മാഡ്രിഡ്: സമീപ കാലത്ത് ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു റയല്‍ മാഡ്രിഡിനെ കീഴടക്കിയുള്ള അയാക്‌സിന്റെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പ്രവേശം. അയാക്‌സ് ഞെട്ടിച്ചത് റയലിനെയാണെങ്കില്‍, റയല്‍ ഫുട്‌ബോള്‍ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിക്കാനൊരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ലോക റെക്കോര്‍ഡ് തുകയ്ക്ക് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ റയല്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് 2,750 കോടി രൂപയിലധികമെന്ന മോഹിപ്പിക്കുന്ന തുകയാണ് നെയ്മറിനായി ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വില പിടിച്ച താരമെന്ന റെക്കോര്‍ഡ് നെയ്മറിന്റെ പേരില്‍ തന്നെയാണ്. ഈ റെക്കോര്‍ഡാണ് വഴിമാറാന്‍ ഒരുങ്ങുന്നത്. നെയ്മറിന്റെ റയലിലേക്കുള്ള വരവ് സംബന്ധിച്ച വാര്‍ത്തകള്‍ ഇംഗ്ലീഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

പരിശീലക സ്ഥാനത്ത് നിന്ന് സിനദിന്‍ സിദാന്‍ പോയതും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് മാറിയതും റയലിന് ഇത്തവണ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലെത്തിച്ചു. 

യൂറോപ്പിലെ റയലിന്റെ അപ്രാമദിത്വത്തിന് കടുത്ത അടിയേറ്റത് ആരാധകരെ സംബന്ധിച്ച് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. ക്ലബ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണിന്റെ തുടക്കത്തില്‍ ടീം വിട്ടത്. പ്രസിഡന്റിന്റെ മനോഭാവമാണ് ടീമിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ആരാധകര്‍ വിശ്വസിക്കുന്നു. 

എതായാലും അതിനെല്ലാം പരിഹാരമെന്ന നിലയില്‍ റയലിന്റെ അണിയറയില്‍ വന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് വാര്‍ത്തകള്‍. ടീമിനെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഗോളടിക്കാന്‍ സാധിക്കുന്ന ഒരു മികച്ച താരത്തെ അവര്‍ ലക്ഷ്യമിടുകയാണ്. ടീമിന്റെ യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പെരസിനെ ധരിപ്പിച്ചിരുന്നു. ടീം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ആ നിലവാരത്തില്‍ നില്‍ക്കുന്ന ആരെയും കിട്ടിയില്ല. ഇതായിരുന്നു റാമോസിന്റെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com