എന്ത് വിശ്വസിച്ചാണ് റായിഡുവുമായി ലോക കപ്പിന് പോവുന്നത്? പ്രബലര്‍ക്കെതിരെ റായിഡു പതറിയിട്ടേയുള്ളു

ലോക കപ്പില്‍ റായിഡുവിനെ വിശ്വസിച്ച് ഇറക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് റായിഡുവിന്റെ കരിയറിലെ കണക്കുകള്‍
എന്ത് വിശ്വസിച്ചാണ് റായിഡുവുമായി ലോക കപ്പിന് പോവുന്നത്? പ്രബലര്‍ക്കെതിരെ റായിഡു പതറിയിട്ടേയുള്ളു

ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്തെ ഇന്ത്യയുടെ തലവേദന അവസാനിച്ചുവെന്ന് റായിഡുവിനെ ചൂണ്ടിയായിരുന്നു കോഹ് ലി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ ഏകദിനങ്ങളിലെ റായിഡുവിന്റെ കളി ആശങ്ക തീര്‍ത്താണ് മുന്നോട്ടു പോവുന്നത്. ലോക കപ്പില്‍ റായിഡുവിനെ വിശ്വസിച്ച് ഇറക്കാന്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് റായിഡുവിന്റെ കരിയറിലെ കണക്കുകള്‍. 

50ന് അടുത്താണ് റായിഡുവിന്റെ കരിയര്‍ ആവറേജ് എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ കൂടുതല്‍ ചൂഴ്ന്ന് നോക്കുമ്പോഴാണ് പ്രശ്‌നം മനസിലാവുന്നത്. പ്രബലരായ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ 28 ഇന്നിങ്‌സ് കളിച്ച റായിഡുവിന്റെ റണ്‍സ് സമ്പാദ്യം 666 റണ്‍സ് ആണ്. ബാറ്റിങ് ശരാശരി 31.71. 

ഇവര്‍ക്കെതിരെ സെഞ്ചുറി കുറിക്കുവാനാവാത്ത റായിഡുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 90 റണ്‍സാണ്. ഇനി അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ്, ശ്രീലങ്ക, വിന്‍ഡിസ്, സിംബാബ്വെ എന്നീ ടീമുകള്‍ക്കെതിരായ റായിഡുവിന്റെ കളി നോക്കാം. ഇവര്‍ക്കെതിരെ 26 ഇന്നിങ്‌സില്‍ നിന്നും 1028 റണ്‍സാണ് റായിഡു നേടിയത്. ബാറ്റിങ് ശരാശരി 68.53. മൂന്ന് സെഞ്ചുറികളും ഇവര്‍ക്കെതിരെ നേടി. 

ക്വാളിറ്റി ടീമുകള്‍ക്കെതിരെ മികച്ച കളി പുറത്തെടുക്കുവാന്‍ റായിഡുവിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. സിംബാബ്വെയ്‌ക്കെതിരെ മികച്ച കളി പുറത്തെടുത്താണ് റായിഡു തുടങ്ങുന്നത്. പക്ഷേ പിന്നെയങ്ങോട്ട് ചെറിയ ടീമുകള്‍ക്കെതിരെയാണ് റായിഡു കൂടുതലും മികച്ച കളി പുറത്തെടുത്തത്. റായിഡുവിന്റെ സ്‌ട്രൈക്ക് റേറ്റും ആശങ്ക തരുന്നതാണ്. സ്‌ട്രൈക്ക് കൈമാറുന്നതിലും റായിഡുവിന്റെ പോരായ്മ വരുമ്പോള്‍ അത് ഇന്ത്യയ്ക്ക് തലവേദനയാവുമെന്ന് വ്യക്തം. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ പിന്നിടുമ്പോള്‍ 33 റണ്‍സാണ് റായിഡു നേടിയത്. ഈ സാഹചര്യത്തില്‍ റായിഡുവിന്റെ സ്ഥാനത്തേക്ക് പന്ത്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരെ പരിഗണിച്ചാലും തെറ്റ് പറയുവാനാവില്ല. ഐപിഎല്‍ ആയിരിക്കും ഈ താരങ്ങള്‍ക്ക് ലോക കപ്പ് സ്ഥാനം ഉറപ്പിക്കുവാനുള്ള അവസാന വേദി. ഏപ്രില്‍ 23ടെ ലോക കപ്പ് ടീമിനെ പ്രഖ്യാപിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com