പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും 'ഹരിതമയം'; ഈ ഫുട്ബോൾ ക്ലബ് അടിമുടി 'വെജിറ്റേറിയൻ'

സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ ക്ലബാണ് ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സ്
പേരില്‍ മാത്രമല്ല, പെരുമാറ്റത്തിലും 'ഹരിതമയം'; ഈ ഫുട്ബോൾ ക്ലബ് അടിമുടി 'വെജിറ്റേറിയൻ'

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബില്‍ നിന്ന് ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സ് ഫുട്‌ബോള്‍ ക്ലബിലേക്ക് കിലോമീറ്ററുകള്‍ ദൂരമുണ്ട്. ഭൂമിശാസ്ത്രപരമായി മാത്രമല്ല. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗുകളുടെ ഘടനയിലും ദൂരക്കൂടുതല്‍ ഉണ്ട്. ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍മാരാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ആഗോള വിപണിയില്‍ പോലും ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായര്‍. ഗ്രീന്‍ റോവേഴ്‌സാകട്ടെ നാലാം ഡിവിഷനിലുള്ള ലീഗ് രണ്ടിലാണ് കളിക്കുന്നത്. 

പക്ഷേ ഗ്ലോസെസ്റ്റര്‍ഷെയറിലുള്ള ഗ്രീന്‍ റോവേഴ്‌സും മാഞ്ചസ്റ്ററിലുള്ള യുനൈറ്റഡും തമ്മില്‍ നേരിയ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ ഇതിഹാസമായ ഗാരി നെവിലാണ് ക്ലബിന്റെ സ്ഥാപകന്‍. നെവിലിനൊപ്പം ബ്രിട്ടീഷ് ഹരിതോര്‍ജ വ്യവസായി ഡാലെ വിന്‍സും ചേര്‍ന്നാണ് ടീം സ്ഥാപിച്ചത്. നിലവില്‍ ക്ലബിന്റെ ചെയര്‍മാന്‍ ഡാലെ വിന്‍സാണ്. 

കുഞ്ഞു ക്ലബാണെങ്കിലും ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സിന് ഒരു സവിശേഷതയുണ്ട്. സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ ക്ലബാണ് ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സ്. എല്ലാം പ്രകൃതിദത്തമാണ് ഇവിടെ. ടീമിന്റെ സ്‌റ്റേഡിയം പ്രവര്‍ത്തിക്കുന്നത് ഹരിതോര്‍ജത്തിന്റെ പിന്‍ബലത്തിലാണ്.

കൃത്രിമ പുല്ലിന് പകരം ശരിക്കുമുള്ള പുല്ല് തന്നെയാണ് സ്വന്തം മൈതാനത്ത് ക്ലബ് ഉപയോഗിക്കുന്നത്. ഇത് കൃത്യമായി പരിപാലിക്കുന്നു. വളരുന്ന പുല്ലുകള്‍ വെട്ടാന്‍ ജിപിഎസില്‍ പ്രവര്‍ത്തിക്കുന്ന പുല്‍വെട്ടിയാണുപയോഗിക്കുന്നത്. ഇതും സോളാറില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 

സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഈ ക്ലബിന്റെ ഏറ്റവും വലിയ സവിശേഷത. ക്ലബിലെ താരങ്ങളും ജീവനക്കാരും ആരാധകരും എല്ലാവരും സസ്യാഹാരം കഴിക്കണം. 

ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ ബിയറും ബര്‍ഗറും ചിപ്‌സും യഥേഷ്ടം ഉപയോഗിക്കാനുള്ള അവസരമുണ്ട് ആരാധകര്‍ക്ക്. എന്നാല്‍ ഗ്രീന്‍ റോവേഴ്‌സിന്റെ കളി കാണാനെത്തുന്നവര്‍ വെജിറ്റബിള്‍ ബര്‍ഗര്‍, വെജിറ്റബിള്‍ ഫജിതാസ്, പ്രാദേശികമായി ലഭിക്കുന്ന വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് ഉപയോഗിക്കേണ്ടത്. 

പുനര്‍ലഭിക്കുന്ന ഊര്‍ജം ഉപയോഗിക്കുന്നതും സസ്യാഹാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ക്ലബിന്റെ പ്രവര്‍ത്തനം യുഎന്നിന്റെ ശ്രദ്ധയില്‍ പെട്ടതോടെ മറ്റൊരു അംഗീകാരവും ക്ലബിനെ തേടിയെത്തി. കാര്‍ബണ്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ക്ലബ് എന്ന യുഎന്‍ അംഗീകരം ലഭിക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ് പെരുമയും ടീം സ്വന്തമാക്കി.  

എക്കോ പാര്‍ക്കെന്ന പേരില്‍ ക്ലബിന് പുതിയ സ്റ്റേഡിയം ഒരുങ്ങുകയാണ് ഇപ്പോള്‍. 5000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയമാണ് ക്ലബ് നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com