കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യം; മറികടന്നത് കഠിനമായ ഘട്ടത്തെ; ധോണി

ടീമിന് ലഭിച്ച രണ്ട് സീസണിലെ വിലക്ക് ആരാധകരെ സംബന്ധിച്ച് അങ്ങേയറ്റത്തെ നിരാശയുണ്ടാക്കുന്നതായിരുന്നു 
കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യം; മറികടന്നത് കഠിനമായ ഘട്ടത്തെ; ധോണി

ചെന്നൈ: കോഴ വാങ്ങി മത്സരം ഒത്തുകളിക്കുന്നത് കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായി മഹേന്ദ്ര സിങ് ധോണി. ഈ മാസം 23 ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടവുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തിറക്കുന്ന ഡോക്യുമെന്ററിയിലാണ് ധോണി ഇക്കാര്യം പറയുന്നത്. ഡോക്യമെന്ററിയുടെ 45 സെക്കന്‍ഡുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ ട്രെയ്‌ലറില്‍ ഒത്തുകളി വിവാദമാണ് പറയുന്നത്. 

ഐപിഎല്ലില്‍ ഒത്തുകളി ആരോപണ ഉന്നയിക്കപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിലാണ് വിലക്ക് കഴിഞ്ഞ് ടീം മടങ്ങിയെത്തിയത്. മടങ്ങി വരവ് കിരീട നേട്ടത്തോടെ ആഘോഷിച്ച അവര്‍ നിലവിലെ ചാമ്പ്യന്‍മാരെന്ന പരിവേഷത്തോടെയാണ് ഇത്തവണ കളത്തിലെത്തുന്നത്. 

ഒത്തുകളി വിവാദത്തില്‍ ടീം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതും എന്റെ പേര് അതിനൊപ്പം വന്നതും വ്യക്തിപരമായും ടീമെന്ന നിലയിലും ഞങ്ങള്‍ നേരിട്ടത് കഠിനമായ ഘട്ടത്തെയായിരുന്നു. ടീമിന് ലഭിച്ച രണ്ട് സീസണിലെ വിലക്ക് ആരാധകരെ സംബന്ധിച്ച് അങ്ങേയറ്റത്തെ നിരാശയുണ്ടാക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ തിരിച്ചുവരവ് ഏറെ വൈകാരികമായിരുന്നു. 

ഏറ്റവും വലിയ കുറ്റകൃത്യം കൊലപാതകമല്ല. അത് ഒത്തുകളിയാണ്. നിങ്ങള്‍ കരുത്തുള്ളയാളാണോ ഒന്നിനും നിങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ധോണി വ്യക്തമാക്കി. 

ധോണിയെ കൂടാതെ ചെന്നൈ താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഷെയ്ന്‍ വാട്‌സന്‍ എന്നിവരും ട്രെയിലറിലുണ്ട്. ഈ മാസം 23ന് നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ ധോണിയുടെ ചെന്നൈ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com