ഇന്ന് 'ഫൈനല്‍'; കോഹ് ലിയുടെ ക്യാപ്റ്റന്‍സി പിഴവും, ബൗളിങ്, ഫീല്‍ഡിങ് പോരായ്മകളും മറികടക്കണം

റാഞ്ചിയില്‍ കോഹ് ലി ആദ്യം ബൗളിങ് തെരഞ്ഞെടുത്തു. മൊഹാലിയില്‍ ബാറ്റിങ്ങും. മഞ്ഞില്‍ ഊന്നിയായിരുന്നു കോഹ് ലിയുടെ ഈ തീരുമാനങ്ങള്‍
ഇന്ന് 'ഫൈനല്‍'; കോഹ് ലിയുടെ ക്യാപ്റ്റന്‍സി പിഴവും, ബൗളിങ്, ഫീല്‍ഡിങ് പോരായ്മകളും മറികടക്കണം

ബൗളിങ്ങിലും, ഫീല്‍ഡിങ്ങിലും, മെനഞ്ഞ തന്ത്രങ്ങളിലുമെല്ലാം വന്നുപെട്ട പിഴവുകളില്‍ നിന്നും തിരിച്ചു വരവ് വേണം ഇന്ത്യയ്ക്ക്. അല്ലെങ്കില്‍, ലോക കപ്പിന് മുന്‍പുള്ള അവസാന ഏകദിന പരമ്പര ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ അടിയറവ് വെച്ചുവെന്ന നാണക്കേട് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യന്‍ ടീമില്‍ സമ്മര്‍ദ്ദം നിറയ്ക്കും. പരമ്പര ജയം നിര്‍ണയിക്കുന്ന അവസാന ഏകദിനം ഇന്ന് ഫിറോസ് ഷാ കോട്‌ലയില്‍.

നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച ബൗളിങ് സംഘം ഇന്ത്യയുടേതാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മൊഹാലിയില്‍ വലിയ വിജയ ലക്ഷ്യം ഓസീസിന് മുന്നില്‍ വെച്ചിട്ടും അത് പ്രതിരോധിക്കുവാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. ബൂമ്രയെ പോലും ടേര്‍ണര്‍ അനായാസം നേരിടുന്ന അവസ്ഥയുണ്ടായി. ബൂമ്രയുടെ സ്‌പെല്ലുകള്‍ കോഹ് ലി ഉപയോഗിച്ച വിധത്തിന് എതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

റാഞ്ചിയില്‍ കോഹ് ലി ആദ്യം ബൗളിങ് തെരഞ്ഞെടുത്തു. മൊഹാലിയില്‍ ബാറ്റിങ്ങും. മഞ്ഞില്‍ ഊന്നിയായിരുന്നു കോഹ് ലിയുടെ ഈ തീരുമാനങ്ങള്‍. പക്ഷേ രണ്ടിടത്തും കോഹ് ലി വിലയിരുത്തിയതില്‍ നിന്നും വിപരീത ഫലങ്ങളാണ് ഉണ്ടായത്. റാഞ്ചിയില്‍ ഇന്ത്യ ചെയ്‌സ് ചെയ്തപ്പോള്‍ വരണ്ട കാലാവസ്ഥയും, മൊഹാലിയില്‍ ചെയ്‌സ് ചെയ്തപ്പോള്‍ മഞ്ഞിന്റെ ആനുകൂല്യം ഓസീസിനെ സഹായിക്കുകയും ചെയ്തു. നാലാം ഏകദിനത്തില്‍ പന്തിലെ ഗ്രിപ്പ് നഷ്ടപ്പെട്ടത് ഇന്ത്യന്‍ ബൗളര്‍മാരെ വലച്ചു. 

വേഗത കുറഞ്ഞ പിച്ചാണ് പരമ്പര ജയം നിര്‍ണയിക്കുന്ന ഫിറോസ് ഷാ കോട്‌ല ഏകദിനത്തിലേത്. ഇവിടെ ടോസ് നിര്‍ണായകമാകും. ഇവിടെ അവസാനം നടന്ന രണ്ട് ഏകദിനങ്ങളില്‍ ചെറിയ സ്‌കോറുകളാണ് പിറന്നത്. അതില്‍ ന്യൂസിലാന്‍ഡിനോട് ഒക്ടോബര്‍ 2016ല്‍ ഇന്ത്യ ആറ് റണ്‍സിന് തോറ്റു. 2014 ഒക്ടോബറില്‍ വിന്‍ഡിസിന് എതിരെ നടന്ന കളിയില്‍ ഇന്ത്യ 48 റണ്‍സിന് ജയിച്ചിരുന്നു. 

ശിഖര്‍ ധവാന്‍ ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. റിസ്റ്റ് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ഫിറോസ് ഷാ കോട്‌ലയിലെ പിച്ച്, കുല്‍ദീപിനും, ചഹലിനും തിളങ്ങാന്‍ കഴിയുന്ന പിച്ച്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ തോറ്റതിന് ശേഷം തിരിച്ചു വരവ് നടത്താന്‍ ഓസീസിന് കരുത്തായത് ഖവാജയുടെ ഇന്നിങ്‌സുകളാണ്. ഹാന്‍ഡ്‌സ്‌കോമ്പും, ടേര്‍ണറും തിളങ്ങുമ്പോള്‍ പരമ്പര ജയം നിര്‍ണയിക്കുന്ന അഞ്ചാം ഏകദിനത്തില്‍ തീ പാറുമെന്ന് ഉറപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com