കഴിഞ്ഞ 13 ഏകദിനങ്ങളില്‍ കളിപ്പിച്ചത് 21 താരങ്ങളെ; പരീക്ഷണങ്ങളും പാളി, പരമ്പരയും നഷ്ടപ്പെട്ടു

ടീമില്‍ നടത്തിയ പരീക്ഷണങ്ങള്‍ പരമ്പര തോല്‍വിയെന്ന നാണക്കേടിലേക്ക് എത്തിച്ചുവെന്ന് മാത്രമല്ല, കളിക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ തീര്‍ക്കുകയും ചെയ്തു
കഴിഞ്ഞ 13 ഏകദിനങ്ങളില്‍ കളിപ്പിച്ചത് 21 താരങ്ങളെ; പരീക്ഷണങ്ങളും പാളി, പരമ്പരയും നഷ്ടപ്പെട്ടു

2-0 എന്ന് മുന്നിട്ട് നിന്നിടത്ത് നിന്നും 2-3 എന്ന നിലയിലേക്ക് വീണ കഥയുടെ ഭാരവും പേറിയാവും രണ്ടര മാസത്തിന് അപ്പുറം നടക്കുന്ന ലോക കപ്പിനായി പറക്കേണ്ടി വരിക. ലോക കപ്പ് മുന്നില്‍ കണ്ട് ടീമില്‍ നടത്തിയ പരീക്ഷണങ്ങള്‍ പരമ്പര തോല്‍വിയെന്ന നാണക്കേടിലേക്ക് എത്തിച്ചുവെന്ന് മാത്രമല്ല, കളിക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ തീര്‍ക്കുകയും ചെയ്തു. 

മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ട റായിഡുവിനെ ടീമിലെ തന്റെ സ്ഥാനം സംബന്ധിച്ച് ആത്മവിശ്വാസമുണ്ടാവുമോ? അവസരങ്ങള്‍ അനവധി ലഭിച്ചിട്ടും സ്ഥിരത പുലര്‍ത്തുവാന്‍ ശിഖര്‍ ധവാന്‍ സാധിക്കുന്നുണ്ടോ? ടീമിലെ തന്റെ സ്ഥാനം സംബന്ധിച്ച് ഭുവനേശ്വര്‍ കുമാറിന് ആത്മവിശ്വാസം നല്‍കുന്ന നീക്കം ടീമിന്റെ ഭാഗത്ത് നിന്നും വരുന്നുണ്ടോ? ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഭുവിയുടെ ബൗളിങ്ങിന് അനുകൂലമാണ് എന്ന സാധ്യത പോലും അവിടെ അവഗണിക്കപ്പെടും. 

ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്തിന് വേണ്ടി 2017 മുതല്‍ തുടങ്ങിയതാണ് ഇന്ത്യയുടെ തിരച്ചില്‍. വലിയ ടൂര്‍ണമെന്റ് കളിക്കാന്‍ പാകത്തില്‍ താരത്തെ വളര്‍ത്തിക്കൊണ്ടുവരിക എന്നതിന് പകരം പരീക്ഷിച്ചും വെട്ടിയും ഓരോ താരങ്ങളെയായി ഇന്ത്യ തേടിക്കൊണ്ടിരുന്നു. ലോക കപ്പിന് മുന്‍പുള്ള ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങള്‍ അവസാനിക്കുമ്പോഴും നാലാം സ്ഥാനത്തേക്കുള്ള താരത്തെ കണ്ടെത്തിയിട്ടില്ല. 

ഫോമിന്റെ സൂചനകള്‍ യുവരാജ് സിങ് കാണിച്ചപ്പോള്‍ ഫിറ്റ്‌നസ് പോരായ്മകള്‍ ചൂണ്ടി മാറ്റി നിര്‍ത്തി. അജങ്ക്യാ രഹാനേയുടെ പേര് മധ്യനിരയിലേക്ക് വരുമ്പോല്‍, കൂടുതല്‍ ആക്രമണകാരിയായി കളിക്കുന്ന താരത്തെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ നിലപാട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഓരോ കളിക്കാര്‍ക്കായി വിശ്രമം അനുവദിച്ചാണ് ഇന്ത്യ മുന്നോട്ടു പോയത്. ഏഷ്യാ കപ്പില്‍ കോഹ് ലിക്ക് വിശ്രമം, വിന്‍ഡിസ് പരമ്പരയില്‍ ഭുവിക്കും ബൂമ്രയ്ക്കും വിശ്രമം. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബൂമ്രയ്ക്ക് ബ്രേക്ക് നല്‍കി. കീവീസ് പരമ്പരയിലും കോഹ് ലിക്കും ബൂമ്രയ്ക്കും വിശ്രമം. കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചുള്ള മാനേജ്‌മെന്റിന്റെ തന്ത്രം മെനയല്‍ പ്ലേയിങ് ഇലവന്‍ തമ്മിലുള്ള ഒത്തിണക്കത്തെ ബാധിച്ചു.

ധോനി വിശ്രമിക്കുവാന്‍ പോയത് കൊണ്ട് അദ്ദേഹത്തിന്റെ പകരക്കാരനെ കളത്തിലിറക്കി. പന്ത് തോറ്റ് മടങ്ങുകയും ചെയ്തു. എന്നിട്ടും പന്ത് ലോക കപ്പ് ടീമില്‍ ഉള്‍പ്പെട്ടാല്‍ അത് പന്തിന്റെ ഭാഗ്യം മാത്രമാണ് എന്നാണ് ആരാധകര്‍ പറയുന്നത്. സ്റ്റംപിന് പിന്നിലും പന്ത് പരാജയമായിരുന്നു. മൊഹാലിയില്‍ പന്ത് കളഞ്ഞുകുളിച്ച സ്റ്റംപിങ് അവസരം ആരാധകര്‍ അത്ര പെട്ടെന്ന് മറക്കുവാന്‍ ഇടയില്ല. 

ലോക കപ്പ് മുന്നില്‍ കണ്ട് കുറച്ച് കളിക്കാരെ മാത്രമേ ഇനിയുള്ള ഏകദിനങ്ങളില്‍ കളിപ്പിക്കുകയുള്ളു എന്നായിരുന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പോവുന്നതിന് മുന്‍പ് രവി ശാസ്ത്രി പറഞ്ഞത്. പക്ഷേ അതിന് ശേഷം ഇതുവരെ ഇന്ത്യ കളിച്ചത് 13 ഏകദിനങ്ങള്‍. മാറ്റിമാറ്റി കളിപ്പിച്ചത് 21 താരങ്ങളേയും. ആ 21 താരങ്ങളില്‍ പലരും ലോക കപ്പ് ടീമില്‍ ഇടംപിടിക്കുവാന്‍ പോവുന്നവരല്ലെന്ന് വ്യക്തവുമായിരുന്നു. 

ശുബ്മന്‍ ഗില്ലിനും, മുഹമ്മദ് സിറാജിനും, ഖലീല്‍ അഹ്മദിനും അവസരം നല്‍കിയപ്പോള്‍, ലോക കപ്പിലേക്ക് നമുക്ക് പ്രതീക്ഷ നല്‍കിയിരുന്ന ദിനേശ് കാര്‍ത്തിക്കിനെ അഞ്ച് ഏകദിനത്തിന് ശേഷം ടീമില്‍ നിന്നും മാറ്റി. ലോക കപ്പ് ടീമില്‍ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു താരമാണ് രാഹുല്‍. കഴിഞ്ഞ അഞ്ച് മാസത്തിന് ഇടയില്‍ രാഹുല്‍ കളിച്ചത് ഒരു ഏകദിനം മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com