ലോകകപ്പ് 2019; ഇത്രയും കളിച്ചിട്ടും സ്ഥാനം ഉറപ്പിച്ചില്ല, ഈ ഏഴ് പേരുടെ കാര്യം എന്താവും?

ലോകകപ്പിനായി ഇന്ത്യ പരീക്ഷിച്ച താരങ്ങളില്‍ ഏഴ് പേര്‍ക്ക് ഇതുവരേയും ടീമില്‍ സ്ഥാനം ഉറപ്പിക്കുവാനായിട്ടില്ല
ലോകകപ്പ് 2019; ഇത്രയും കളിച്ചിട്ടും സ്ഥാനം ഉറപ്പിച്ചില്ല, ഈ ഏഴ് പേരുടെ കാര്യം എന്താവും?

ലോക കപ്പിന് മുന്‍പുള്ള രാജ്യന്തര മത്സരങ്ങളെല്ലാം ഇന്ത്യ കളിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ട്വന്റി20, ഏകദിന പരമ്പരകള്‍ നഷ്ടപ്പെടതോടെ സീസണിന്റെ അവസാനം ഇന്ത്യയ്ക്കത്ര ഗുണകരമായിരുന്നില്ല. പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെ പരമ്പര ഇന്ത്യയുടെ കൈവിട്ടു പോവുകയായിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയിട്ടും ലോക കപ്പിലെ 15 അംഗ സംഘത്തെ ഇതുവരെ ഉറപ്പിക്കുവാനും ഇന്ത്യയ്ക്കായിട്ടില്ല. 

ലോകകപ്പിനായി ഇന്ത്യ പരീക്ഷിച്ച താരങ്ങളില്‍ ഏഴ് പേര്‍ക്ക് ഇതുവരേയും ടീമില്‍ സ്ഥാനം ഉറപ്പിക്കുവാനായിട്ടില്ല. അമ്പാട്ടി റായിഡു, വിജയ് ശങ്കര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കെ.എല്‍.രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് അവര്‍. 

ദിനേശ് കാര്‍ത്തിക് 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയിരുന്നു. എങ്കിലും കാര്‍ത്തിക്കിന് ലോകകപ്പ് ടീമില്‍ ഇടം പിടിക്കുവാന്‍ വഴിയുണ്ട്. പന്തും, റായിഡുവും ഐപിഎല്ലിലും മോശം ഫോം തുടര്‍ന്നാല്‍ കാര്‍ത്തിക്കിന് വഴി തെളിയും. 

ഏതാനും മത്സരങ്ങളില്‍ കാര്‍ത്തിക് പുറത്തെടുത്ത ഫിനിഷിങ് മികവ് തന്നെയാണ് കാര്‍ത്തിക്കിന്റെ പ്ലസ് പോയിന്റ്. വിക്കറ്റ് കീപ്പിങ്ങില്‍ കാര്‍ത്തിക് പന്തിനേക്കാള്‍ മികവ് കാണിക്കുന്നതും കാര്‍ത്തിക്കിന് ഗുണം ചെയ്യും. ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്‍ഡിനും എതിരായ പരമ്പരയില്‍ പന്തിന് തിളങ്ങുവാന്‍ സാധിക്കാത്തത് പരിഗണിച്ച്, സുരക്ഷിതമായ കരങ്ങളിലേക്ക് സെലക്ടര്‍മാര്‍ ശ്രദ്ധ കൊടുത്താല്‍ കാര്‍ത്തിക്കിന് അവസരം തെളിയും. 

കെ.എല്‍.രാഹുല്‍

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഏകദിനം മാത്രമാണ് രാഹുലിന് കളിക്കുവാനായത്. ബാറ്റിങ് ഓര്‍ഡറിലെ നാലാം സ്ഥാനത്ത് രാഹുല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റിസര്‍വ് ഓപ്പണറായിട്ടാണ് രാഹുലിനെ പരിഗണിക്കുന്നത്. സാങ്കേതിക തികവ് രാഹുലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമ്പോഴും ഫോമില്ലായ്മയാണ് വിഷയമാകുന്നത്. 

ലോക കപ്പ് ടീമില്‍ രാഹുല്‍ ഇടം പിടിക്കുമോ ഇല്ലയോ എന്ന് ആര്‍ക്കും ഉറപ്പിച്ചു പറയുവാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. ഈ വരുന്ന ഐപിഎല്‍ സീസണ്‍ രാഹുലിന് നിര്‍ണായകമാകും. 

റായിഡു

ഇന്ത്യ ലോക കപ്പിനായി തയ്യാറെടുത്ത് തുടങ്ങുന്ന സമയം ബാറ്റുകൊണ്ട് മികവ് കാണിച്ചായിരുന്നു റായിഡുവിന്റെ തുടക്കം. വിന്‍ഡിസിനെതിരേയും, ഏഷ്യാ കപ്പിലും റായിഡു മികവ് കാണിച്ചു. ഇന്ത്യയുടെ കഴിഞ്ഞ രണ്ട് സീസണുകളിലായി മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഏകദിനത്തില്‍ നേടിയത് 20 സെഞ്ചുറിയാണ്. ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങള്‍ നേടിയത് ഈ കാലയളവില്‍ നേടിയത് ഒരു സെഞ്ചുറിയും. അത് പിറന്നത് റായിഡുവിന്റെ ബാറ്റില്‍ നിന്നുമാണ്. 

ന്യൂസിലാന്‍ഡിനെതിരായ 90 റണ്‍സ് പ്രകടനം മാറ്റി നിര്‍ത്തിയാല്‍ റായിഡുവിനെ ബാറ്റിങ്ങില്‍ സ്ഥിരത നേടാന്‍ സാധിച്ചിട്ടില്ല. പേസ് ബൗളിങ്ങിന് മുന്നില്‍ റായിഡുവിന്റെ പോരായ്മകള്‍ തുറന്നു കാട്ടപ്പെടുന്നു. ഈ സാഹചര്യത്തില്‍ റായിഡുവിനെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് ആശങ്ക തീര്‍ക്കുന്നതാണ്. 

റിഷഭ് പന്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏഖദിന പരമ്പരയില്‍ എല്ലാവരുടേയും ശ്രദ്ധ റിഷഭ് പന്തിലേക്കായിരുന്നു. എന്നാല്‍ മികവ് കാണിക്കുവാന്‍ പന്തിനായില്ല. സ്റ്റംപിന് പിന്നിലും പന്തിന് പിഴച്ചു. ഇതോടെ ദിനേശ് കാര്‍ത്തിക്കിന് ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുവാന്‍ കൂടുതല്‍ സാധ്യത ലഭിക്കുന്നു. ഐപിഎല്ലിലെ പന്തിന്റെ കളിയാവും താരത്തിന്റെ ലോക കപ്പ് ഭാവി നിശ്ചയിക്കുക.

വിജയ് ശങ്കര്‍

ലഭിച്ച അവസരങ്ങള്‍ മുതലാക്കുവാന്‍ വിജയ് ശങ്കറിനായി. ബാറ്റിങ്ങിലെ മികവും ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ടാം ഏകദിനത്തിലെ അവസാന ഓവറില്‍ കാണിച്ച ബൗളിങ് മികവും വിജയ് ശങ്കറിനെ വിശ്വസ്ഥനാക്കുന്നു. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതും വിജയ് ശങ്കറിനാണ്. 

ഓസീസ്, കീവീസ് പരമ്പരകളില്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിജയ് മികച്ചു നിന്നിരുന്നു. എന്നാല്‍ ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ വിജയ്ക്ക് പിഴച്ചു. ഹര്‍ദിക്കിനേയും വിജയ് ശങ്കറിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ കളിപ്പിക്കുന്നതിന്റെ പ്രശ്‌നവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. സെലക്ടര്‍മാര്‍ വിജയ് ശങ്കറില്‍ ഇനിയും വിശ്വാസം വയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 

രവീന്ദ്ര ജഡേജ

ലോകകപ്പ് സംഘത്തില്‍ രവീന്ദ്ര ജഡേജ ഇടം പിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ബൗളിങ് മികവ് കാണിക്കുവാന്‍ ജഡേജയ്ക്കായി. ഫീല്‍ഡിങ്ങിലും, ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് മുതല്‍ക്കുട്ടാവാന്‍ ജഡേജയ്ക്കാവും. ചഹലിന് പഴയ മികവിലേക്കുയരാന്‍ സാധിക്കാത്ത നിലയില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ജഡേജയെ ഇറക്കുവാനാവും. 

നാലാം സീമറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ലോകകപ്പ് സംഘത്തില്‍ ജഡേജയ്ക്ക് കടന്നുവരുവാനാവില്ല. ഫോര്‍ത്ത് ബൗളിങ് ഓപ്ഷനായി ഉമേഷ് യാദവിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തി ജഡേജയെ ടീമില്‍ നിന്നും മാറ്റണം എന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com