142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രം തിരുത്തി ഐറിഷ് താരം ; മുര്‍തയ്ക്ക് അപൂര്‍വ റെക്കോഡ്

ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും 25 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ 11-ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് ടിം മുര്‍ത സ്വന്തമാക്കിയത്
142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രം തിരുത്തി ഐറിഷ് താരം ; മുര്‍തയ്ക്ക് അപൂര്‍വ റെക്കോഡ്

ഡെറാഡൂണ്‍: 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം കരസ്ഥമാക്കി അയര്‍ലന്‍ഡ് താരം. ഐറിഷ് ടീമിലെ പതിനൊന്നാം നമ്പര്‍ താരം ടിം മുര്‍തയാണ് പുതിയ റെക്കോഡ് തന്റെ പേരില്‍ എഴുതിചേര്‍ത്തത്.  

ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും 25 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ 11-ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടമാണ് ടിം മുര്‍ത സ്വന്തമാക്കിയത്. ഡെറാഡൂണില്‍ നടന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് ടെസ്റ്റ് മത്സരത്തിലാണ് ടിം മുര്‍തയുടെ നേട്ടം. 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സംഭവമാണിത്. 

ആദ്യ ഇന്നിംഗ്‌സില്‍ 54 റണ്‍സെടുത്ത മുര്‍ത, രണ്ടാം ഇന്നിംഗ്‌സില്‍ 27 റണ്‍സെടുത്ത് പുറത്തായി. ആദ്യ ഇന്നിംഗ്‌സില്‍ 172 റണ്‍സെടുത്ത അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോററും 54 റണ്‍സെടുത്ത മുര്‍തയാണ്. ടീമിന്റെ ടോപ്പ് സ്‌കോററാകുന്ന പതിനൊന്നാമത്തെ 11-ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും ഈ ഇന്നിംഗ്‌സിലൂടെ മുര്‍ത സ്വന്തമാക്കി. 

മുര്‍ത റെക്കോഡ് സ്വന്തമാക്കിയെങ്കിലും അയര്‍ലന്‍ഡ് ടെസ്റ്റ് മല്‍സരത്തില്‍ തോറ്റു. രണ്ടാം ഇന്നിങ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഫ്ഗാന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പദവി ലഭിച്ച ശേഷം ഇരു രാജ്യങ്ങളും കളിക്കുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com