വിസിൽ പോട്; ഇങ്ങനെയൊക്കെ ധോണിയും ചെന്നൈ ടീമും ആരാധകരുടെ ഹൃദയം കവർന്നുകൊണ്ടേയിരിക്കും

ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായി ഏറ്റുമുട്ടും
വിസിൽ പോട്; ഇങ്ങനെയൊക്കെ ധോണിയും ചെന്നൈ ടീമും ആരാധകരുടെ ഹൃദയം കവർന്നുകൊണ്ടേയിരിക്കും

ചെന്നെെ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിന്റെ 12ാം പതിപ്പിന് ശനിയാഴ്ച്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തുടക്കമാകാനിരിക്കെ ടീമുകൾ അവസാനവട്ട ഒരുക്കങ്ങളിലും ആരാധകർ ആവേശത്തിമിർപ്പിലുമാണ്. ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായി ഏറ്റുമുട്ടും. 

ഐപിഎല്ലിൽ കളി മികവ് കൊണ്ടും നേട്ടങ്ങൾക്കൊണ്ടും സമ്പന്നമായ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ടീം ഏറ്റവും കൂടുതൽ ഫാൻസുള്ള ടീമുകളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നു. രണ്ട് വര്‍ഷം കളത്തിന് പുറത്ത് നിന്നിട്ട് പോലും ചെന്നെെ സൂപ്പര്‍ കിങ്സിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. 

കളത്തിനുള്ളിലും പുറത്തും അവർ ശ്രദ്ധേയമായ നീക്കങ്ങൾ നടത്താറുണ്ട്. അത്തരത്തിലൊരു തീരുമാനമാണ് അവരിപ്പോൾ എടുത്തിരിക്കുന്നത്. ചെന്നെെ ചെപ്പോക്കിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നല്‍കാൻ തീരുമാനിച്ചിരിക്കുകയാണ് ടീം. 

റോയല്‍ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുമായി ചെന്നെെ ആദ്യ മത്സരം കളിക്കുമ്പോൾ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത് ധോണി- കോഹ്‌ലി
നേര്‍ക്കുനേര്‍ പോരാട്ടം കൂടിയായി മാറും എന്നതിനാലാണ്. ആരാധകരുടെ വന്‍ ഒഴുക്കാകും സ്റ്റേഡിയത്തിലേക്കെന്ന് ഉറപ്പിക്കാം. തുടങ്ങിയപ്പോൾ മുതൽ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പാണുള്ളത്.

ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുകയാകും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ടീം കെെമാറുക. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണല്‍ കൂടിയായി ധോണി തന്നെ ചെക്ക് കുടുംബാങ്ങൾക്ക് കെെമാറുമെന്ന് ടീം ഡയറക്ടര്‍ രാകേഷ് സിങ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com