സ്ഥിരതയുടെ സിംഹ ഗര്‍ജനം; തലയ്ക്കും ചിന്ന തലയ്ക്കും കോച്ചിനും ചെന്നൈ ടീമിന്റെ ആദരം

ഇത്രകാലം ടീമിനെ നയിച്ച മൂവരേയും ചെന്നൈ ടീം കഴിഞ്ഞ ദിവസം ആദരിച്ചു
സ്ഥിരതയുടെ സിംഹ ഗര്‍ജനം; തലയ്ക്കും ചിന്ന തലയ്ക്കും കോച്ചിനും ചെന്നൈ ടീമിന്റെ ആദരം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് നാളെ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടക്കമാകുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. 

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ നേട്ടം സ്വന്തമാക്കിയ ടീം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു. അത് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നാണ്. വാതുവയ്പ്പ് ആരോപണങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നെങ്കിലും കഴിഞ്ഞ സീസണില്‍ തിരിച്ചെത്തി കിരീടവുമായി മടങ്ങിയാണ് തിരിച്ചുവരവ് ചെന്നൈ ആഘോഷിച്ചത്. 

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റന്‍സിയും മുന്‍ ന്യൂസിലന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ പരിശീലക മികവുമാണ് ടീമിന്റെ മുന്നേറ്റത്തെ നിര്‍ണയിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം സുരേഷ് റെയ്‌നയും തുടക്കം മുതല്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ്. ഐപിഎലല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമാണ് റെയ്‌ന. ഇത്രകാലം ടീമിനെ നയിച്ച മൂവരേയും ചെന്നൈ ടീം കഴിഞ്ഞ ദിവസം ആദരിച്ചു.

2008ലെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ ടീമിനൊപ്പമുള്ളവരാണ് ധോണിയും ഫ്‌ളെമിങും ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയും. 12ാം സീസണിലും മൂവരും ടീമിനൊപ്പമുണ്ട്. 2008ലെ ആദ്യ സീസണില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് ടീമിന്റെ ഓപണിങ് ബാറ്റ്‌സ്മാനായിരുന്നു. 2009മുതല്‍ അദ്ദേഹമാണ് പരിശീലകന്‍. മൂന്ന് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ടീമിന് സ്വന്തം. ഏഴ് തവണയാണ് ചെന്നൈ ഫൈനലിലേക്ക് കടന്നത്. അതില്‍ മൂന്ന് തവണയും അവര്‍ കിരീടം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com